...

3 views

എമ്മ / ഡെന്നി ചിമ്മൻ
അയാൾ എമ്മയുടെ ചെവിയിൽ മന്ത്രിച്ചു, "എന്റെ പൊന്നുമോളേ, നീ ജനിച്ച നാൾ മുതൽ ഞാൻ നിനക്കൊപ്പം പൂർണ്ണഹൃദയത്തോടെ ഉണ്ടായിരുന്നു. ഇന്ന് നിങ്ങളുടെ ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങളുടെ യാത്രയിലുടനീളം നിങ്ങളെ നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് എന്റെ സ്നേഹം കൂടെയുണ്ട്."

തന്റെ ജീവിതത്തിൽ ഭാര്യക്കൊപ്പവും ഭാര്യയുടെ വിയോഗശേഷം തനിച്ചും അഭിമുഖീകരിച്ച കഷ്ടപ്പാടുകളുടെയും കഠിനാധ്വാനത്തിന്റെയും ലക്ഷ്യവും പ്രേരകഘടകവുമായി വർത്തിച്ചത് ഏകമകളോടുള്ള സ്നേഹവും കരുതലുമാണല്ലോ എന്ന സംതൃപ്തിയിലും അവളുടെ വിവാഹദിനത്തിലെ സന്തോഷം കൂടെ നിന്നു കാണാൻ അവളുടെ അമ്മ ഉണ്ടായില്ലല്ലോ എന്ന വിഷമം ഡാനിയേലിന്റെ മുഖത്ത് തെളിയുന്നുണ്ടായിരുന്നു.

അയാൾക്ക് മകളോടുള്ള അളവില്ലാത്ത സ്നേഹവും വാത്സല്യവും പരിസരവാസികൾക്കിടയിൽ എന്നും ചർച്ചാവിഷയമാണ്. ചെറിയ വരുമാനംകൊണ്ട് കൃത്യമായ കണക്കുകൂട്ടലുകളോടെ എമ്മയുടെ ആവശ്യങ്ങളെല്ലാം നിവർത്തിച്ചുകൊണ്ടിരുന്ന അയാളുടെ നിരന്തരപരിശ്രമം എല്ലാവർക്കും അത്ഭുതമാണ്. ജനിക്കുന്നെങ്കിൽ ഡാനിയേലിന്റെ മകളായി ജനിക്കണമെന്ന് അവർ പറയാറുണ്ട്.

താൻ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിലും എമ്മയ്‌ക്കൊപ്പം ചെലവഴിക്കാൻ ഡാനിയൽ എപ്പോഴും സമയം കണ്ടെത്തി. ജോലി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തുമ്പോഴും അവളുടെ പഠനത്തിൽ സഹായിക്കാനും കളിചിരികൾക്കുമെല്ലാം അയാൾ ഊർജ്ജസ്വലനായി.

എമ്മ വളരുന്നതിനൊപ്പം വാത്സല്യനിധിയായ പിതാവും അവളുടെ ഏറ്റവുമടുത്ത സുഹൃത്തുമായി അയാളും അവസരത്തിനൊത്തുയർന്നു. അവളുടെ സ്കൂൾ നാടകങ്ങളിൽ സഹായി ആയി, കലാകായികമത്സരങ്ങളിലെ ജയപരാജയങ്ങളിൽ കൂട്ടിരുന്നു, അവൾ നേരിടുന്ന വെല്ലുവിളികളിലോരോന്നിലും ആശ്വാസമായും കരുത്ത് പകർന്നും തികഞ്ഞ ആശ്രയകേന്ദ്രമായി ഡാനിയേൽ നിറഞ്ഞുനിന്നു.

മഴയുള്ള ഒരു സായാഹ്നത്തിൽ പ്രണയത്തകർച്ചയിൽ മനസ്സ് നുറുങ്ങിയ എമ്മയുടെ കലങ്ങിയ കണ്ണുകൾ തിരിച്ചറിഞ്ഞപ്പോൾ മെല്ലെ അവളുടെ തോളിൽ കൈ വച്ചു ഡാനിയേൽ പറഞ്ഞു; "മോളേ, നീ എത്ര മാത്രം വേദനിക്കുന്നുവെന്ന് എനിക്കറിയാം. പക്ഷേ ഓർക്കുക, പ്രണയയാത്ര ഒരു റോളർകോസ്റ്റർ സവാരിയാണ്, ഉയർച്ചതാഴ്ചകൾ സ്വാഭാവികം. പക്ഷേ ഒന്നും പൂർണ്ണനഷ്ടമാവില്ല. എല്ലാം പരിഹരിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്യും." വർഷങ്ങൾ കടന്നുപോകുമ്പോൾ എമ്മ ആത്മവിശ്വാസമുള്ള യുവതിയായി വളർന്നു. എമ്മ തന്റെ സ്വപ്നങ്ങൾ പിന്തുടരുന്നതും തിരഞ്ഞെടുത്ത കരിയർപാതയിൽ വിജയം നേടുന്നതും ഡാനിയൽ അഭിമാനത്തോടെ വീക്ഷിച്ചു.

ഇന്ന് തന്റെ യഥാർത്ഥപ്രണയത്തെ വിവാഹം കഴിക്കുന്ന വിശുദ്ധനിമിഷത്തിൽ എമ്മ നിൽക്കുമ്പോൾ ഡാനിയേൽ അവൾക്കരികിലുണ്ട്. മകളുടെ പുതിയ യാത്രയിൽ സന്തോഷവും അവളുടെ സ്ഥിരസാമീപ്യത്തിൽ കുറവ് സംഭവിക്കുന്നതിലെ സങ്കടവും ഒരേ അളവിൽ അയാൾക്ക് അനുഭവപ്പെട്ടു. യാത്രയയക്കാൻ എമ്മയുടെ കൈപിടിച്ചപ്പോൾ ഡാനിയേലിന് താൻ അനുഭവിച്ച പിതൃത്വത്തിന്റെ മനോഹാരിതയിലെ അഭിമാനത്തിന് പിന്നിലെ ചിരിയും കണ്ണീരും വിജയങ്ങളും വെല്ലുവിളികളും ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.

ആ നിമിഷമാണ് തന്റെ മകളുടെ കാതിനോട് തന്റെ ചുണ്ടുകൾ ചേർത്ത് ഡാനിയേൽ ദൃഢതയോടെ ആ ഉറപ്പ് കൊടുത്തത്. അയാളെ ഇറുകെ കെട്ടിപ്പിടിച്ച എമ്മയുടെ കണ്ണുകൾ തെളിനീർപ്രവാഹപ്രഭവകേന്ദ്രമാവുമ്പോൾ ഡാനിയേലിന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.
© PRIME FOX FM