...

9 views

ചരിത്രം
വിനയൻ ഒരു ചരിത്രം എഴുതുവാൻ തുടങ്ങി. ഒരു പുതുമയ്ക്കായി പഴയകാല ലിപികളിലായാലെന്താ എന്നു വിചാരിച്ചു. വളരെ നേരം ചിന്തിച്ച് ചിന്തിച്ച് കഷ്ടപ്പെട്ട് എഴുതിയതൊക്കെയും ഏതോ വിചിത്രമായ ലിപികളായിരുന്നു. ആ ചരിത്ര ലിപികൾ വായിക്കുവാൻ വിനയനു തന്നെ വളരെ പ്രയാസമായി തുടങ്ങി. ഏതോ കാലത്തിലെ ചരിത്ര ലിപികളാണവയൊക്കെയെന്ന് അയാൾക്കും തോന്നി തുടങ്ങി.
ആ ലിപികൾ അയാളുടെ മനസ്സിൽ വളരെയധികം വിഷമങ്ങൾ സൃഷ്ടിക്കുന്നതായി അനുഭവപ്പെട്ടു. താൻ എഴുതിയ ചരിത്രം ആരുടെയൊക്കെ ഉറക്കം കെടുത്തുമോ ആവോ. അത്രക്ക് പ്രയാസമാണ് എഴുത്ത്കാരന് തന്നെ അനുഭവപ്പെടുന്നതെങ്കിൽ മറ്റുള്ളവരുടെ കാര്യം പറഞ്ഞറിയിക്കേണ്ടതുണ്ടോ.
ആലോചിക്കുന്തോറും അയാൾക്ക് മനസ്സിന്റെ വിഷമം കൂടി കൂടി വന്നു. അയാൾ തൽക്കാലം എഴുത്ത് നിറുത്തി ആ പരിസരത്ത് നിന്നും രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു.
എന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു തോന്നൽ മനസ്സിലുദിച്ചത് എന്ന് പോലും തോന്നാതിരുന്നില്ല. സ്വന്തം ചരിത്രം തന്നെ മാറ്റി മറിക്കുന്നത്ര കഷ്ടപ്പാടായി താനെഴുതിയ ചരിത്ര ലിപികൾ വായിക്കുവാൻ.
മെല്ലെ എഴുന്നേറ്റ് വീട്ടിൽ നിന്നും മറ്റാരുമറിയാതെ നടവഴിയിൽ കൂടി നടന്നു. ആരു നോക്കിയാലും അവർ തന്നെ നോക്കുന്നതിലൊരപാകതയുണ്ടോ എന്ന തോന്നൽ. ആളൊഴിഞ്ഞ ഒരു കലുങ്കിൽ ചെന്നിരുന്ന് അല്പ്പം സ്വസ്ഥമായിരിക്കുവാൻ തീരുമാനിച്ചു.
കലുങ്കിൽ തനിയെയിരുന്ന് ചിന്തിക്കുന്ന എഴുത്തുകാരനെ കണ്ട് ജനങ്ങൾ ഓരോരുത്തരും പലവിധത്തിലുള്ള ചിന്തയിലകപ്പെട്ടു. അക്കൂട്ടത്തിൽ ഒരാൾ മറ്റൊരാളോട് പറയുന്നതു കേട്ടു. അദ്ദേഹം എന്തോ വളരെ കാര്യമായ ഒന്നിനെ കുറിച്ച് ചിന്തിക്കുകയാണെന്നു തോന്നുന്നു. അതിനാലാണ് ഒറ്റയ്ക്ക് ഒരിടത്ത് ഇത്രനേരും വന്നിരിക്കുന്നതു തന്നെ. അടുത്തയാൾ പറഞ്ഞു. അല്ലെങ്കിലും ഈ എഴുത്തുകാരുടെ കാര്യം കഷ്ടം തന്നെയാണ്. ജീവിച്ചാലും മരിച്ചപോലെ മരിച്ചാലും ജീവിക്കുന്ന പോലെ എന്ന് പറയുന്നതായിരിക്കും നല്ലത്.
ഇത് കേട്ട് ചരിത്രകാരൻ വിനയൻ മെല്ലെ എഴുന്നേറ്റ് തന്റെ ചരിത്രം ഇനി ആരും അറിയേണ്ട എന്നു കരുതി വേഗത്തിൽ വീട്ടിലേക്ക് തിരിച്ചു. വീട്ടിലേക്ക് നേരത്തെ എത്തിയ വിനയനെ കണ്ട് ഭാര്യ രേണുകയും അത്ഭുതപ്പെട്ടു. വളരെ കാലങ്ങളായി ഭർത്താവിനെ ഇരുട്ടുന്നതിന് മുൻപ് വീട്ടിൽ കണ്ടിട്ട്. രാവിലെ പോയാൽ രാത്രിയാണ് കയറി വരാറുള്ളത്. അവൾ ചിന്തിക്കുകയായിരുന്നു ഇതെന്തൊരു ചരിത്രം.
____________
സലിംരാജ് വടക്കുംപുറം
© All Rights Reserved
(See you.tube Salimraj -Day To Day Special.)