...

1 views

നോവൽ : വഴിത്തിരിവുകൾ. ഭാഗം - 07
- തങ്കമ്മ വായന തുടങ്ങി.

റീത്ത കപ്പ പുഴുങ്ങിയത് കഴിച്ച ശേഷം ചായയും കുടി കഴിഞ്ഞ് കുറച്ചു സമയം മുറ്റത്ത് നിന്നിരുന്ന ചെടികൾക്ക് വെള്ളമൊഴിച്ചു. പിന്നീട് കയ്യും കാലും മുഖവും കഴുകി വീടിനകത്തേക്ക് കയറി വന്ന് യേശുദേവന്റെ ഫോട്ടോയ്ക്ക് മുന്നിൽ മെഴുകുതിരി കത്തിച്ചു വെച്ചു അല്പനേരം പ്രാർത്ഥിച്ചു നിന്നു. അതിന് ശേഷം പുസ്തകം എടുത്ത് കോളേജിൽ പഠിപ്പിച്ച പാഠങ്ങളൊക്കെ വീണ്ടും വായിച്ചുകൊണ്ടിരുന്നു.

മേരി മുറ്റത്ത് നിന്ന് വിറകുകൾ ശേഖരിച്ച് അടുക്കളയിൽ അടുക്കിവച്ച ശേഷം കൈകാലുകളും മുഖവും കഴുകി വന്ന് വീടിനകത്ത് പ്രവേശിച്ചു. റീത്തയുടെ അടുത്ത് ചെന്ന് മുഖപ്രസാദം കണ്ട് രസിച്ചു നിന്നു. മകളുടെ കഴുത്തിൽ മാലയിട്ടപ്പോൾ ഒരു ചന്തക്കാരിയായി തോന്നി. തൻെറ മകനോടും എന്തെന്നില്ലാത്ത സ്നേഹമാണ് മേരിക്കുണ്ടായത്. അവൻ സഹോദരിക്ക് മാല വാങ്ങി കൊടുത്തതിൽ അവൻെറ സഹോദരിയോടുള്ള സ്നേഹത്തിൽ വലിയ മതിപ്പാണ് അമ്മയ്ക്ക് ഉണ്ടായത്.

മോളേ റീത്തേ, നീ എങ്ങിനെയും കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലി നേടണം. കുറച്ചൊക്കെ ബുദ്ധിമുട്ടി പഠിച്ചാൽ തീർച്ചയായും മോൾക്ക് അത് സാധിക്കുമെന്ന് അമ്മയുടെ മനസ്സ് പറയുന്നുണ്ട്. കർത്താവ് മോൾക്ക് എന്നും തുണയുണ്ടാകും. അമ്മയെ പോലെ ജീവിതത്തിൽ കഷ്ടപ്പെടേണ്ടി വരില്ല മോളേ.

അമ്മ വിഷമിക്കേണ്ട. എനിക്കറിയും അമ്മേ നമ്മുടെ കഷ്ടപ്പാടുകൾ. ഞാനും ഇതൊക്കെ കണ്ടും അനുഭവിച്ചും തന്നെയല്ലേ വളർന്നിട്ടുള്ളത്. തീർച്ചയായും നന്നായി പഠിച്ച് ഒരു ജോലി സമ്പാദിക്കണമെന്ന് തന്നെയാണ് എൻെറയും ആഗ്രഹം. ഇപ്പോൾ കോളേജിൽ എല്ലവർക്കും എന്നോട് വളരെ സ്നേഹവും ബഹുമാനവുമാണ്. അവർക്കും എൻെറ ജീവിത കഷ്ടപ്പാടുകൾ മനസ്സിലായിട്ടുണ്ട്. എന്ത് സഹായവും സുഹൃത്തുക്കളും അദ്ധ്യാപകരും ചെയ്തു തരാമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നിരുന്നാൽ തന്നെയും ആവുന്നതും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്നു തന്നെയാണ് എൻെറ ആഗ്രഹം.

മോളേ, ആരെയും ഒരിക്കലും കഷ്ടപ്പെടുത്തുകയോ വെറുപ്പിക്കുകയോ ചെയ്യാതെ നോക്കണം. ദോഷകരമായ ഏതു പ്രവൃത്തികളും നാം ഒഴിവാക്കി നന്മയെ മനസ്സിലാക്കി ശ്രദ്ധയോടെ തന്നെ ജീവിക്കുവാൻ ശ്രമിക്കയും വേണം. പ്രയമായവരെ അവർ ആരായാലും വേണ്ടില്ല ബഹുമാനിക്ക തന്നെ വേണം. അവർക്കുള്ള ജീവിതാനുഭവങ്ങൾ ഒരിക്കലും നമുക്കുണ്ടാവില്ലല്ലോ. പഠിച്ചതുകൊണ്ട് മാത്രം ഭൂമിയിൽ എല്ലാം തികഞ്ഞുവെന്നുള്ളത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ജീവിതത്തിലെ അറിവുകൾ വിദ്യാഭ്യാസത്തിനേക്കാളും വളരെ ഉന്നതിയിലുള്ളവയാണ്. പൂർവ്വികരുടെ പല നിർദ്ദേശങ്ങളും നമ്മെ നന്മയിലേക്ക് മാത്രമേ നയിച്ചിട്ടുള്ളു. അവരുടെ അനുഭവ സമ്പത്തുകൾ നമുക്ക് ജീവിതത്തിലെ മുതൽക്കൂട്ടുകൾ തന്നെയാണെന്ന് പറയാം.

അത് ശരിയാണമ്മേ. ഇന്ന് പല കണ്ടുപിടിത്തങ്ങളും വളർച്ചയുണ്ടാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം മനുഷ്യ ജീവിതത്തെ പലപ്പോഴും കൂട്ട നാശത്തിലേക്കെത്തിക്കുന്ന സ്ഥിതിയാണെന്നത് ഇക്കാലത്തെ പത്രവാർത്തകളിൽ നിന്നും നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്നുമൊക്കെ മനസ്സിലാവുന്നുണ്ട്. രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷിതന്നെ ഉദാഹരണമാണല്ലോ. പുതിയ വളങ്ങൾ ഉപയോഗിച്ചും കീടനാശിനി തളിച്ചുമൊക്കെയുണ്ടാക്കുന്ന പച്ചക്കറികൾ കഴിച്ച് ക്യാൻസർ പോലുള്ള തീരാവ്യാധികൾ എത്ര ജീവിതങ്ങളാണ് ഇന്ന് കാർന്നെടുത്ത് കൊണ്ടിരിക്കുന്നത്. ഇപ്പോൾ ജനങ്ങൾ നമ്മുടെ പൂർവ്വികന്മാരുടെ ജൈവകൃഷി രീതിയിലേക്ക് തിരിച്ചു കൊണ്ടിരിക്കുകയാണ്. ഇതുപോലെ പല കാര്യങ്ങളും നമ്മുടെ മുൻതലമുറക്കാർ ദീർഘവീക്ഷണത്തോടെ നന്മയെ മുൻനിർത്തി മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ വെന്നത് വ്യക്തമാണുതാനും.

ഏതായാലും ഞാൻ ഓർമ്മിപ്പിച്ചുവെന്നേയുള്ളൂ. മോളിരുന്നു പഠിച്ചുകൊള്ളൂ.

ശരി. അമ്മ ഇവിടെ ഇരുന്നുകൊള്ളൂ.

വേണ്ട. ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ. കുറച്ചു ജോലി കൂടി അടുക്കളയിൽ ബാക്കി ഉണ്ട്.

അമ്മേ ദാ അപ്പൻ വരുന്നുണ്ട്. ചായ കൊടുക്കണം.

മോളേ റീത്തേ, ഈ പൊതിയൊന്ന് മുറിക്കകത്തേക്ക് വെച്ചോളൂ.

എന്താ അപ്പാ പൊതിയില്.

നിനക്ക് ഒരു ജോഡി ചെരുപ്പ് വാങ്ങിയതാ.

നീ കോളേജിൽ ചെരുപ്പ് ഇല്ലാതെയല്ലേ നടക്കുന്നത്. അതാ ഞാൻ ഇത് വാങ്ങി വന്നത്.

നന്നായി. കോളേജ് റോഡിൽ നടക്കുവാൻ പ്രയാസമാണ്. കാലിൽ കല്ല് തറച്ച് വേദനിക്കാറുണ്ട്.

ദാ, ഈ ചായയും കപ്പയും കഴിച്ചു കൊള്ളൂ.

ഇപ്പോ ഞാനൊന്ന് മുഖം കഴുകി വരാം. മേശപ്പുറത്ത് വച്ചുകൊള്ളു.
ദേവസ്സി മേശയുടെ അടുത്ത് വന്നിരുന്നു. കപ്പ കഴിച്ചു തുടങ്ങിയ ദേവസ്സി തിരക്കി. അല്പം മുളക് ചമ്മന്തി ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു.

അത് ഞാൻ മറന്നു. റീത്ത ഉണ്ടാക്കിയ മുളക് ചമ്മന്തി ഉണ്ട്. കൂട്ടി കഴിക്കുവാൻ നല്ല രസമുണ്ട്.

നന്നായിട്ടുണ്ട്. കപ്പയും നല്ല രസമുള്ളതു തന്നെ. മേരീ എവിടന്നാ ഈ കപ്പ വാങ്ങിയത്.

കപ്പ നമ്മുടെ വേലൂപാപ്പൻെറ കടയിൽ നിന്ന് വാങ്ങിയതാണ്. ഇന്ന് ചന്തയിൽ നിന്നും കൊണ്ട് വന്നതാണ്. നീര് കെട്ടാത്തതിന്നാൽ നന്നായി വേവുകയും ചെയ്തു.

നിങ്ങളൊക്കെ കഴിച്ചുവോ.

ഞങ്ങളൊക്കെ വിശപ്പുണ്ടായതിനാൽ നേരത്തെ കഴിച്ചു. ജോർജ്ജിന് എടുത്ത് വച്ചിട്ടുണ്ട്.

വയറ് നിറഞ്ഞു. ഇനി രാത്രി ഊണ് കഴിക്കുമ്പോൾ വളരെ കുറച്ച് ഭക്ഷണം മതി.

അല്ലേലും അരി കുറച്ചേ വേവിച്ച് വെച്ചിട്ടുള്ളു.

അത് നന്നായി.

റീത്തേ, നിൻെറ മാല കണ്ടിട്ട് കൂട്ടുകാരൊക്കെ എന്തു പറഞ്ഞു.

എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ചേട്ടൻ വാങ്ങി തന്നതാണെന്ന് പറഞ്ഞപ്പോൾ അവർക്കൊക്കെ ചേട്ടനോടും വളരെ ഇഷ്ടം തോന്നി.

മോളേ, നമ്മുടെ കഷ്ടപ്പാടിനെ കുറിച്ച് ചിന്തിച്ചു പഠിച്ചുകൊള്ളണം. പഠിത്തത്തിൽ അത്ര ശ്രദ്ധിക്കണമെന്ന് പറയുകയാണ്.

അപ്പാ, ഞാൻ നന്നായി പഠിക്കുന്നുണ്ട്. എങ്ങിനെയും ഒരു ജോലി സമ്പാദിക്കണമെന്ന് തന്നെയാണ് എൻെറയും ആഗ്രഹം.

മൊളേ, നീ പഠിച്ചുകൊള്ളൂ. വർത്തമാനം പറഞ്ഞു സമയം കളയേണ്ട. അന്നന്ന് കോളേജിൽ പഠിക്കുന്നത് അതാത് ദിവസം തന്നെ പഠിച്ചു കൊണ്ടിരുന്നാൽ പരീക്ഷയാകുമ്പോൾ കിടന്നു കഷ്ടപ്പെടേണ്ടി വരില്ല.

ദേവസ്സി പുറത്ത് വരാന്തയിൽ പോയിരുന്നു കാറ്റ് കൊള്ളുകയായിരുന്നു. മേരി അടുക്കളയിലെ ജോലിയൊക്കെ കഴിഞ്ഞ് ദേവസ്സിയുടെ അടുത്തായി വന്നിരുന്നു. മകളുടെ പഠിത്ത കാര്യങ്ങളെ കുറിച്ചായിരുന്നു രണ്ട് പേരുടെയും മുഖ്യ സംസാര വിഷയം.

റീത്ത മിടുക്കിയാ. അവൾ നല്ലവണ്ണം പഠിക്കുന്നുണ്ടെന്നു തോന്നുന്നു. അവൾ പഠിച്ച് ഒരു ജോലി കിട്ടിയാൽ നമ്മുടെ പ്രാരാബ്ധങ്ങൾ അല്പം മാറിക്കിട്ടും. അവളെ പറ്റി പിന്നെ വേവലാതിപ്പെടാതെ കഴിക്കാം.

നിങ്ങൾ പറയുന്ന പോലെയല്ലല്ലോ അവൾക്ക് നിറയെ പഠിക്കുവാനുണ്ട്. ഇവിടെ ആർക്കെങ്കിലും എന്തെങ്കിലും പറഞ്ഞു കൊടുക്കാൻ അറിയുമോ. എല്ലാം തനിയെ തന്നെ മനസ്സിലാക്കിയെടുത്ത് കഷ്ടപ്പെട്ട് വേണം പഠിക്കാൻ. ഒന്ന് ട്യൂഷൻ എടുക്കുന്നവരുടെ അടുത്ത് പറഞ്ഞയച്ചിരുന്നുവെങ്കിൽ അല്പം കൂടി മെച്ചപ്പെട്ടേനെയെന്നാ എനിക്ക് തോന്നുന്നത്.

അതിനൊക്കെ കയ്യിൽ പണമെവിടെ. വെറുതെ ആരെങ്കിലും പഠിപ്പിക്കാൻ സമയം കളയുമോ.

അതും നേരാ. പണം കൊടുക്കാതെ ഒരു സഹായവും ആരും ചെയ്യില്ല.

- തുടരും

- സലിംരാജ് വടക്കുംപുറം
© Salimraj Vadakkumpuram