മഴയിൽ
മഴക്കാറിൽ നിറഞ്ഞ വാനം. മഴയെ കാത്തു കിടക്കുന്ന ചെറു മീനുകൾ . മഴയെ സ്വാഗതം ചെയ്തുകൊണ്ട് കാറ്റു വീശുവാൻ തുടങ്ങി കൂടെ നൃത്തം വയ്ക്കുന്ന നെൽക്കതിരുകൾ.. മഴത്തുള്ളികൾ ഓരോന്നായി മണ്ണിന്റെ മാറിലേക്ക് പെയിതിറങ്ങി. മഴയിൽ കുതിർന്ന മണ്ണിലേക്ക് റസിയയുടെ കാല്പാടുകൾ ഓരോന്നായി പതിഞ്ഞു.. പ്രണയം നിറഞ്ഞ മഴയിൽ കുതിർന്ന റസിയയെ കാത്തു മൊയിതു വഴിയോരത്തു നിന്നു .
“ഇക്ക മഴ ഒരുമിച്ച് നനയാന്നു പറഞ്ഞിട്ട് എന്നെ കൂട്ടില……
മൊയ്തു ഒന്ന് പുഞ്ചിരിച്ചു..
“പെണ്ണെ അന്നേ കാണാനാ ഞാൻ ഈ മഴയും നനഞ്ഞു നിന്നത് ”
അവർ ഒരുമിച്ച് കൈകൾ കോർത്തു നടന്നു..
ആരോ ഒരാൾ വിദൂരത്ത് നിന്നും ഓടി വരുന്നത് അവർ കണ്ടു .
“ഇക്ക ആരാണ്ടാ വരുന്ന് എന്റെ കൂടെ ഇക്ക ഉണ്ടോന്ന് അറിയാൻ ബാപ്പ ആളെ വിട്ടതാ”… കണ്ണുകളിൽ നിറഞ്ഞ ഭയം റസിയ മറയ്ക്കുവാൻ ശ്രേമിക്കുന്നുണ്ടായിരുന്നു ..
“ഇക്ക കൊച്ചപ്പയ…. ഇക്ക പോയിക്കോ ഞാൻ നാളെ വരാം ”..
അടുത്ത ദിവസം മൊയ്തു റസിയയും കാത്തു അതെ സ്ഥലത്ത് നിന്നു . നേരം ഏറെ ആയിട്ടും റസിയ വന്നില്ല. മൊയ്തുന്റെ മനസ്സിൽ ഒരായിരം ചിന്തകൾ ഉടലെടുത്തു..
“ ബാപ്പ ഓളെ ശകാരിച്ചു കാണും..ഓള് എന്നെ കാണാൻ വരാതിരിക്കൂല …അള്ളാ കാത്തോണേ.”
“മൊയിതു “
ചിന്തകളിൽ നിന്നും ഉണർന്നുകൊണ്ട് മൊയ്തു തന്റെ ചങ്ങാതിയെ നോക്കി.
“ നീ എന്താണ്‌ട ഇവിടെ നിക്കണേ”
മൊയ്തു ഒന്നും പറയാതെ ബാലനെ നോക്കി നിന്നു.
“ടാ മൊയ്തു അന്റ ഉമ്മ നിന്നെ കാണാതെ കവലയിലേക്ക് പോയെക്കുന്ന്.. നീ ഇവിടെ നിന്ന് കിനാവ് കാണാ? “
“നീ പൊക്കോ ഞാൻ വരാം “..
ഇരുട്ടിന്റെ മറവിൽ ആരോ നിൽക്കുന്നതായി റസിയ കണ്ടു .വിളക്ക് നീട്ടി റസിയ ചോദിച്ചു
“ആരാ “
“ ഞാനാ മൊയ്തു “
റസിയ പൊട്ടി കരയുവാൻ തുടങ്ങി….ആകെ തുണ ആയിരുന്ന തന്റെ ബാപ്പയും മരിച്ചതിന്റെ ദുഃഖം ആ മനസിന് താങ്ങാവുന്നതിലും അതികം ആയിരുന്നു.
“ റസിയ അനക്ക് ഇനി ഞാനുണ്ട്. ഈ വീട്ടില് ഇനി തനിച്ചു നിൽക്കണ്ട .കൂടെ വാ…”
“ ഉമ്മ..”
“എന്ത് കിടപ്പാണ് ഉമ്മ നിങ്ങള് വരീൻ പുറത്ത് ഇരിക്ക്. “
റസിയയുടെ മൂത്ത മകൾ ഖദീജ ആയിരുന്നു വിളിച്ചത്.
55 വർഷം കൂടെ താങ്ങും തണലും ആയിരുന്ന തന്റെ സ്വന്തം മൊയ്തിക്കയുടെ ജീവൻ വെടിഞ്ഞ ശരീരം ഉമ്മുറത്ത് കിടത്തിയേക്കുന്നത് കാണാൻ റസിയക്ക് ആകുമായിരുന്നില്ല.
“ ഉമ്മ നിങ്ങള് വരീൻ”…
റസിയയുടെ കണ്ണുകളിൽ നിറഞ്ഞ കണ്ണീരു മൊയ്തുട്ടിയുടെ മുഖത്തേക്ക് ഒഴുകി എത്തി . മരണം തന്റെ പ്രിയതമനെ തന്നിൽ നിന്നും അടർത്തി എടുത്തപ്പോൾ അന്തി ചുംബനവും ഏറ്റുവാങ്ങി മൊയ്തുട്ടി വിടവാങ്ങി .
“ഇക്ക”….. “മൊയ്തിക്ക നിങ്ങള് എങ്ങോട്ടാണീ പോണത് എന്നെങ്കിലും പറയീങ്”…
“ റസിയ ഞമ്മള് എങ്ങാട്ട് പോയാലും ഇരുട്ട്ണ് മുൻപ് എത്തും”…മൊയ്തു പാടം കഴിഞ്ഞ് മറയും വരെ റസിയ പടിക്കലിൽ തന്നെ നിന്നു.
ജീവൻ വെടിഞ്ഞ മൊയ്തുന്റെ ശരീരം കൊണ്ട് പോകുന്നതും നോക്കി അതെ പടിക്കലിൽ തന്നെ റസിയ നിന്നു . ഇരുട്ടുന്നതിനു മുൻപ് ഇനി മൊയ്തു തിരിച്ചു വരില്ല. മറ്റേതോ ലോകത്തേക്ക് മൊയ്തു യാത്ര ആയി.
ദിവസങ്ങൾ കഴിഞ്ഞു മക്കൾ റസിയെ കാണാൻ എത്തി.
“ഉമ്മ നിങ്ങള് എന്റെ കൂടെ വരീൻ.. ഈ വീടും പറമ്പും നിങ്ങള് നിങ്ങടെ ഇളയ പുത്രന് എഴുതി കൊടുത്ത് എന്നാലും നിങ്ങളെ ഞാൻ നോക്കും ഉമ്മ ആയി പോയില്ലേ”…..ഖദീജയുടെ വാക്കുകൾ ആയിരുന്നു . മുഖം ചുളിച്ചുകൊണ്ട് ഉബയ്യിദു എതിർത്തു
“എനിക്ക് ഈ വീടും പറമ്പും തന്നത് ബാപ്പയാ ഉമ്മ അല്ല അനക്ക് വേണോങ്കി ഞീ ബാപ്പയോട് ചോദിക്കണം… ഞീ ചോദിച്ചില്ല തന്നില്ല”..
“ഉമ്മയെ ഞീ കൊണ്ട് പോ.. എനിക്ക് ഈ വീടും പറമ്പും വിക്കണം.. ടൗൺല് നല്ലൊരു സ്ഥലം ഒത്തു വന്നിട്ടുണ്ട് അതിങ്ങു വാങ്ങണം “ ഉബയ്യിദു തുടർന്നു….
“ആഹ്ഹ അങ്ങന ഇപ്പ ഞീ സ്ഥലം വാങ്ങേണ്ട ഉമ്മയെ ഞാൻ കൊണ്ട് പോണില്ല”…. കദീജ എതിർത്തു
“ഉമ്മ നിങ്ങള് എവിടാ വേണ നികിങ് എനിക്ക് ഈ വീട് വിക്കണം. അവസാനം ഉമ്മയെ മോൻ പെരുവഴിയിലേക്ക് ഇറക്കി വിട്ടുന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്”…
ആ വാക്കുകൾ റസിയയുടെ മനസ്സിൽ ആഴത്തിലേക്ക് തുളഞ്ഞുകയറി… ഒരിക്കൽ തന്റെ ബാപ്പ മരിച്ചപ്പോ പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വന്ന അവസ്ഥയിൽ കൂടെ താങ്ങായി നിന്ന ആൾ ഇപ്പോൾ ഇല്ല. പകരം സ്വന്തം മക്കൾ ഇറക്കി വിടുമെന്ന അവസ്തയിൽ.. റസിയ ഒന്നും പറയാതെ മുറിയിലേക്കു മന്ദം മന്ദം നടന്നു. മക്കൾ തമ്മിലുള്ള തർക്കം റസിയക്ക് കണ്ടു നിക്കാൻ പറ്റിയില്ല.
രാത്രിയുടെ യാമങ്ങളിൽ പെയ്തിറങ്ങുന്ന മഴയെ ആസ്വദിച്ചു റസിയ ജനലരികിൽ ഇരുന്നു.
“റസിയ”…
“എന്താ ഇക്ക ”
“ മഴ നനഞ്ഞാല ഒരുപാടു നാളായി ന്റെ കൽബെ”..
“പിള്ളേര് ഉറങ്ങിയിട്ടില്ല ഇക്ക”..
“ഞീ വാ”…
“ഉമ്മ”…
റസിയ ഓർമകളിൽ നിന്നും ഞെട്ടി ഉണർന്നു.
“ ഉമ്മ നിങ്ങള് എവടെ വേണോ പോയീങ് .നാളെ വീടും പറമ്പും വാങ്ങാൻ ആള് വരും. നിങ്ങളെ ഇവിടെ കാണാൻ പാടില്ല”..
ശകാരത്തിന്റെ വാക്കുകൾ ഉബയ്യിദൻറ് വായിൽ നിന്നും പ്രവഹിച്ചപ്പോഴും വാത്സല്യ ഭാവത്തോടെ റസിയ തന്റെ മകനെ നോക്കി തല കുലുക്കി.
കഷ്ടപ്പാടുകൾ സഹിച്ചു തന്റെ മക്കളെ വളർത്തിയപ്പോ അറിഞ്ഞിരുന്നില്ല സ്വന്തം വീട്ടിൽ നിന്നും ഇറക്കി വിടുന്നത് സ്വന്തം മക്കൾ തന്നെ ആയിരിക്കുമെന്ന്.
റസിയ ജനലിലൂടെ വിദൂരത്ത് നോക്കി ഇരുന്നു. ആ മുഖത്തു വിഷാദം നിറഞ്ഞു നിന്നു. നാളെ എങ്ങോട്ട് പോകും എന്നായിരുന്നു റസിയയുടെ ചിന്ത.
“ ന്റെ കൽബെ”…..
റസിയ ഞെട്ടലോടെ ആ ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി.
“ഇക്ക”..റസിയ മന്ത്രിച്ചു…
വല്ലാത്തൊരു ഗന്ധം ആ മുറിയിൽ ആകെ പടർന്നു.
തന്റെ തൊട്ടരികിൽ ഇരിക്കുന്ന… റസിയയുടെ സ്വന്തം മൊയ്തിക്കയെ അവൾ ആശ്ചര്യപ്പൂർവം നോക്കി…
“റസിയ എന്താണ് അന്റ വെഷമം. വേഷമിക്കതിന്റെ പൊന്നെ”..
റസിയ ഒന്നും പറയാൻ പറ്റാതെ മനസ്സിൽ നിറഞ്ഞ സന്തോഷത്തോടെ മൊയ്തുനെ നോക്കി ഇരുന്നു..
“ഞീ എന്റെ കൂടെ വാ നമുക്ക് ഒരുമിച്ച് ആ പാടത്തൂടെ നടക്കാം”..
അവർ കൈകൾ കോർത്തു പിടിച്ചു പാടത്തൂടെ നടന്നകന്നു ..അവർക്ക് സാക്ഷി ആയി പ്രണയ വർഷം പോലേ മഴയും പെയ്തിറങ്ങി…
പ്രണയം നിറഞ്ഞ ജീവിതത്തിൽ മരണം അവരെ വേർപിരിച്ചാലും.. മറ്റൊരു ലോകത്ത് ഒരു ശരീരമായി അവർ ഇന്നും ജീവിക്കുന്നു……
ശുഭം
© jijo7594