...

7 views

കാരുണ്യം
# കരുണന്റെ കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് അറിയാത്തവർ നാട്ടിൽ ആരും ഇല്ലെന്ന് തന്നെ പറയാം. കരുണനെ സംബന്ധിച്ച് തന്റെ ജീവിത അനുഭവങ്ങൾ തന്നെയായിരുന്നു കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കാരണമായത്.

തന്റെ രോഗികളായ മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ നടുവിൽ ഒരു താങ്ങും സഹായിയുമായി ചെറുപ്പം മുതൽ തന്നെ കരുണൻ മാറുകയായിരുന്നു. ചെറിയ ചെറിയ ജോലികളിൽ തുടങ്ങി ഇന്ന് എന്തു ജോലിയും അനായാസം ചെയ്ത് വരുമാനമുണ്ടാക്കി ജീവിതം പുലർത്തുന്ന സ്ഥിതിയിലെത്തി.

ഇതിനിടയിലാണ് കാരുണ്യ പ്രവർത്തനങ്ങളുമായി കരുണൻ പൊതുജനങ്ങളുടെ കൂടി സൗഹൃദം സ്ഥാപിച്ചു തുടങ്ങിയത്. അച്ഛനമ്മമാരിൽ നിന്നും കിട്ടിയ പ്രചോദനം ഉൾക്കൊണ്ട് "പാവപ്പെട്ടവരേയും കഷ്ടപ്പെടുന്ന വരേയും സ്നേഹത്തോടെ സഹായിക്കണമെന്ന പാഠം" അതേപടി ജീവിതത്തിൽ പകർത്തുകയായിരുന്നു. വളരെ പെട്ടെന്ന് ജനങ്ങളിൽ നിന്ന് ആദരവും അംഗീകാരവും കിട്ടിത്തുടങ്ങി. അക്കൂട്ടത്തിൽ പല സംഘടനകളുടെയും അംഗീകാരവും ആദരവും കരുണനെ തേടിയെത്തുകയായിരുന്നു.

ഇതിനിടയിൽ കരുണന്റെ വിവാഹവും വളരെ ഭംഗിയായി നടന്നു. അതിനു ശേഷം ഭാര്യ വീട്ടുകാരുടെ നിലയും വിലയും അനുസരിച്ച് കരുണന്റെ ജീവിതവും മാറ്റങ്ങൾക്ക് വിധേയമായി തുടങ്ങി.

അടുത്ത കാലത്തായി കൂടുതൽ സമയവും ആദരവുകൾ നേടുന്നതിനായി പല സ്ഥലങ്ങളിലും വച്ചു നടത്തുന്ന ചടങ്ങുകളിൽ പങ്കെടുക്കേണ്ട അവസ്ഥ കൂടിക്കൂടി വന്നു. അതോടൊപ്പം കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സമയം കുറയുകയും ചെയ്തു തുടങ്ങി. ഇതിനിടയിൽ സന്മനസ്സുകളായ ചിലർ സാമ്പത്തിക സഹായവും നൽകി തുടങ്ങിയതോടെ കരുണനെ ചെറിയ ഒരു പണക്കാരൻ എന്ന സ്ഥിതിയിലെത്തിക്കുകയായിരുന്നു. തുടർന്ന് താമസം മാതാപിതാക്കളിൽ നിന്നകന്ന് ദൂരെ പട്ടണത്തിലേക്ക് മാറ്റുകയും ചെയ്തു.

അല്പാല്പം നിലയും വിലയുമൊക്കെയായപ്പോൾ പല സാധാരണക്കാരായ ജനങ്ങളോടും ശുദ്ധിയും വൃത്തിയും നിലയുമൊക്കെ നോക്കിയുള്ള ശുശ്രൂഷകളിൽ ഒതുങ്ങി തുടങ്ങി.

ഈ അവസരങ്ങളിൽ നാട്ടിലുള്ള മാതാപിതാക്കളുടെയടുത്ത് വരുവാൻ പോലും തീരെ സമയമില്ലാതായിത്തീർന്നു. വലിയ വലിയ നേതാക്കളുമായുള്ള സൗഹൃദങ്ങൾ ഉന്നത ജീവിത നിലവാരത്തിലേക്കുള്ള ഒരു പടികൂടി തുറന്നു കൊടുത്തു. തന്റെ ഉറ്റ മാതാപിതാക്കളെ കാണുവാൻ കൂടി വളരെ പ്രയാസമേറിയ സ്ഥിതിയെത്തിച്ചേർന്നു. നാട്ടുകാരായ നല്ലവരും പാവപ്പെട്ടവരുമായ സ്നേഹിതരുടെയും ബന്ധുക്കളുടെയും സഹായവും സാമീപ്യവും മാത്രമായിരുന്നു മാതാപിതാക്കളുടെ ജീവിത മാർഗ്ഗം.


എന്തായാലും നാട്ടുകാർക്ക് സ്നേഹപാത്രമായിരുന്ന കരുണന്റെ മാതാപിതാക്കളോടുള്ള അകൽച്ച നാട്ടുകാർക്ക് സഹിക്കാനാകാത്തത്ര ദു:ഖവും ഒപ്പം ദേഷ്യവുമായി മാറി. കാരുണ്യം എന്ന വാക്ക് കേൾക്കുമ്പോൾ വളരെ വെറുപ്പോടെയാണ് കരുണനെ അവർക്ക് കാണാൻ കഴിഞ്ഞത്.

ഇതിനിടയിൽ അടുത്ത പ്രദേശത്ത് വച്ച് ഒരു പൊതുജന സഹായ പരിപാടിയുമായി ബന്ധപ്പെട്ട് കരുണനും നേതാക്കന്മാരും നടത്തുന്ന സദ്യക്ക് കരുണന്റെ മാതാപിതാക്കളെയും കുട്ടി നാട്ടുകാരും പങ്കെടുത്തു. കരുണനെ മാലയിട്ട് സദ്യയുടെ മേൽനോട്ടത്തിന് ആനയിച്ചു കൊണ്ടുവരുന്നുണ്ടായിരുന്നു. വരിവരിയായി ഇരിക്കുന്ന ജനങ്ങൾക്കിടയിൽ മാതാപിതാക്കളെ കണ്ടപ്പോൾ തന്റെ അഭിമാനത്തിന് ക്ഷതമേൽക്കുമെന്ന് ഭയന്ന് കരുണൻ മുഖം തിരിച്ച് നടന്നു നീങ്ങി തുടങ്ങി.

മകനെ കണ്ട അച്ഛനും അമ്മയും കരുണായെന്നു കരഞ്ഞു കൊണ്ട് വിളിച്ചു. മകന്റെ മുഖം തിരിഞ്ഞുള്ള നടത്തം സഹിക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു. എല്ലാ നേതാക്കളും തിരിഞ്ഞു നോക്കുമ്പോൾ കരയുന്ന വൃദ്ധരായ കരുണന്റെ അവശരായ മാതാപിതാക്കളെയാണ് കണ്ടത്. വളരെ സങ്കോചത്തോടെ കരുണൻ അച്ഛന്റെയും അമ്മയുടെയും സമീപത്തേക്ക് തിരിച്ചു നടന്നു. കരുണന്റെ ഈ മാറ്റത്തെ ജനങ്ങൾ ഒന്നടങ്കം അവഹേളിക്കുകയും ആഹാരം കഴിക്കാതെ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. ഈ സമയമത്രയും കരുണന്റെ മനസ്സിൽ തന്റെ തെറ്റുകൾക്ക് സ്വയം ജനങ്ങളുടെ കാരുണ്യം തേടുകയായിരുന്നു.
___________
സലിംരാജ് വടക്കുംപുറം

© Salimraj Vadakkumpuram