...

3 views

ചെറുകഥ : കാക്കയുടെ കൗശലം
മാടായി കുന്നിന്റെ അടുത്ത് താമസിക്കുന്ന ജോയിച്ചൻെറ വീട്ടിൽ ഒരു കൗശലക്കാരനായ കാടൻപൂച്ച ഉണ്ടായിരുന്നു. ജോയിച്ചൻ വല്ലപ്പോഴുമൊക്കെ മാത്രമേ മത്സ്യമാംസാദികൾ വാങ്ങി ഉപയോഗിച്ചിരുന്നുള്ളു. എന്നാൽ കാടൻപൂച്ചയ്ക്ക് മത്സ്യത്തിന്റെ മണം കിട്ടിയാൽ എങ്ങിനെയെങ്കിലും തക്കം പാർത്തു ആ മത്സ്യത്തെ കടിച്ചെടുത്ത് ഭക്ഷിക്കുക തന്നെ ചെയ്യും. അടുത്തുള്ള വീടുകളിൽ ചെന്ന് പലപ്പോഴും മോഷ്ടിച്ചു ഭക്ഷിക്കുക പതിവാണ്. ഈ കാര്യങ്ങൾ എപ്പോഴും കണ്ട്കൊണ്ടിരുന്ന ഒരു കാക്കയുണ്ടായിരുന്നു. അടുത്തുള്ള ഒരു തെങ്ങിൽ കൂടുകൂട്ടി അതിൽ രണ്ട് മുട്ട ഇട്ട് അടയിരിക്കുന്നുണ്ടായിരുന്നു. ഇടക്കിടെ ഭക്ഷണം തേടി അടുത്ത പ്രദേശങ്ങളിൽ പോയിരുന്ന സമയത്ത് കാക്ക അറിയാതെ ഒരു കള്ളക്കുയിൽ രണ്ടു മുട്ടകൂടി ആ കൂട്ടിൽ ഇട്ടു വച്ചിരുന്നു. കാക്ക എന്തോ അത്രക്ക് ശ്രദ്ധിച്ചുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരോ ദിവസവും കടന്നു പോയി. കാക്ക കുഞ്ഞും കുയിൽ കുഞ്ഞും മുട്ടവിരിഞ്ഞു പുറത്തു വന്നു. കാക്ക നാല് കുഞ്ഞുങ്ങളെയും താലോലിച്ചു വളർത്തിവന്നു. ഒരു ദിവസം ആഹാരം തേടി കാക്ക പുറത്ത് പോയി വരുമ്പോൾ കുഞ്ഞുങ്ങളെ ഒരു പരുന്ത് വന്ന് കൊത്തിയെടുക്കുവാൻ ശ്രമിക്കുന്നതാണ് കണ്ടത്. അതുകൊണ്ട് കാക്ക പിന്നീട് ദൂരയാത്ര ഒഴിവാക്കി. ആഹാരം കിട്ടാതെ വലയുന്ന കാക്ക ഒരു ദിവസം താഴെ നോക്കുമ്പോൾ കാടൻ പൂച്ച ഒരു മത്സ്യത്തെ കടിച്ചു മുറിക്കുന്ന കാഴ്ചയാണ് കണ്ടത്. പൂച്ച ആരുടേയോ വീട്ടിൽ നിന്നും മോഷ്ടിച്ചു കൊണ്ട് വന്നതായിരുന്നു അത്. കാക്ക പെട്ടെന്ന് പൂച്ച കാണാതെ പിന്നിൽ കൂടി പറന്ന് ചെന്ന് പൂച്ചയുടെ വായിൽ നിന്ന് മത്സ്യം കൊത്തിയെടുത്ത് മരത്തിന്റെ മുകളിലേക്ക് പറന്നുയർന്നു. തൻെറ കുഞ്ഞുങ്ങളോടൊപ്പം തത്ക്കാലം ഭക്ഷണം കഴിച്ചു തൃപ്തിയടയുകയും ചെയ്തു. കാടൻപൂച്ച ഇളിഭ്യനായി വിഷമിച്ചു വീട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. സന്തുഷ്ടനായ കാക്ക കുഞ്ഞുങ്ങളെയും കാത്ത് കുറച്ച് നാളുകൾ അങ്ങിനെ കഴിഞ്ഞു. കാക്കയും കുയിലിന്റെ കുഞ്ഞും വളർന്നു വലുതായി. കുയിൽ കുഞ്ഞ് കൂകി കൂകി കൂട്ടിൽ നിന്നും പറന്നുയർന്നു. അപ്പോഴാണ് തൻെറ അബദ്ധം കാക്ക തിരിച്ചറിഞ്ഞത്. ശബ്ദത്തിലും മറ്റും പലപ്പോഴും സംശയം തോന്നിയെങ്കിലും കുഞ്ഞുങ്ങളോടുള്ള സ്നേഹത്തിനാൽ അതത്ര കാര്യമാക്കിയില്ല. കുയിൽ കുഞ്ഞുങ്ങൾ കൂട്ടിൽ നിന്നും പറന്നകലുമ്പോഴാണ് രണ്ട് കുഞ്ഞുങ്ങൾ തൻറേതല്ലെന്ന് കാക്ക മനസ്സിലാക്കിയത്.

© Salimraj Vadakkumpuram