...

9 views

നോവൽ: വഴിത്തിരിവുകൾ - ഭാഗം 05
- തുടർച്ച

മല്ലികേ നീ പുതുതായി എന്തെങ്കിലും എഴുതി തുടങ്ങിയോ. വായിക്കുവാൻ ആകാംക്ഷ കൂടിക്കൂടി വരികയാണ്.

തങ്കമ്മേ ഇനി മറ്റന്നാള് തരാം. ഇന്നും നാളെയും രാത്രിയിലിരുന്ന് എഴുതാൻ തുടങ്ങും. പകലൊക്കെ വീട്ടുപണികൾ ധാരാളമുണ്ട്. അതുകൊണ്ട് തീരെ സമയം കിട്ടാറില്ല. നേരം കുറെയായല്ലോ തങ്കമ്മേ നമ്മൾ സംസാരിക്കുവാൻ തുടങ്ങിയിട്ട്. നീ വേഗം പോയി വെള്ളമെടുത്ത് വീട്ടിൽ ചെല്ല്. അമ്മ അന്വേഷിക്കുന്നുണ്ടാകും.

അയ്യോ നേരം അരമണിക്കൂർ ആയെന്നാ തോന്നുന്നത്. നമ്മുടെ സംസാരം അത്രക്ക് നീണ്ടു പോയി. ഞാൻ ചെല്ലട്ടേ മല്ലികേ.

കിണറിന്നടുത്തേക്ക് വരുന്ന തങ്കമ്മയോട് വെള്ളം കോരിക്കൊണ്ടിരുന്ന ജാനു പറയുന്നുണ്ടായിരുന്നു. മോളേ ആരും ഇല്ല. വേഗം വന്ന് വെള്ളം കോരി കുടത്തിൽ നിറച്ചുകൊള്ളൂ. കുറച്ചു പേർ വെള്ളം കൊണ്ട് പോയിട്ടുണ്ട്. ഉടനെ വേഗം വെള്ളമെടുക്കാൻ എത്തും.

ദാ വരുന്നു. ജാനു ചേച്ചി വെള്ളമെടുത്ത് കഴിഞ്ഞുവോ.

എനിക്ക് രണ്ട് കുടം വെള്ളം മതി മോളേ. ആകെ കുറച്ചു കഞ്ഞിയല്ലേ രണ്ട് പേർക്കും പാകപ്പെടുത്തേണ്ടു. അതിനു ഇത് തന്നെ ധാരാളം മതിയാകും.

വേഗം കോരിയെടുക്കൂ തങ്കമ്മേ. രണ്ട് പേർക്കും ഒന്നിച്ച് പോകാമല്ലോ.

എന്നാല് അല്പ സമയം നില്ക്കൂ. ഞാൻ ഉടനെ വെള്ളം കോരിയെടുത്ത് കൂടെ വരാം.

തങ്കമ്മയെ കാത്ത് ദേവകി മുറ്റത്ത് വഴിയിലേക്ക് തന്നെ നോക്കി നില്പുണ്ടായിരുന്നു.

ദാ തങ്കമ്മേ നോക്കൂ. അമ്മ നിന്നെയും നോക്കി നിൽക്കുകയാണെന്ന് തോന്നുന്നു.

അതേ ജാനുച്ചേച്ചി. ഞാൻ മല്ലികയുടെ കൂടെ അരമണിക്കൂറോളം സംസാരിച്ചു നിന്നു. നേരം പോയതറിഞ്ഞില്ല.

അതാണ് തങ്കമ്മേ അമ്മ മകളെ കാണാതെ മുറ്റത്ത് ഒരേ കാത്ത് നില്പ്.

വീട്ടിലാണെങ്കിൽ അരിവെയ്ക്കുവാൻ പോലും വെള്ളമില്ല. അരി അടുപ്പത്തിടുവാനാണ് ഈ നോക്കി നില്പ്. അമ്മക്കാണെങ്കിൽ ഒരു മണിക്ക് തന്നെ ഊണ് കഴിക്കണം. അല്ലെങ്കിൽ വയറു കത്തിക്കാളും.

എന്നാ വേഗം ചെല്ല്. ഞാൻ ഇതിലേ വീട്ടിലേക്ക് ചെല്ലട്ടെ. ഇത് പറഞ്ഞ് കൊണ്ട് ജാനകി നടന്നു.

ശരി ചേച്ചി എന്ന് പറഞ്ഞ് തങ്കമ്മയും വീട്ടിലേക്ക് നടന്നു.

എന്താ തങ്കമ്മേ നിന്നെ കാത്ത് നിന്ന് എൻെറ ക്ഷമ നശിച്ചു. നീ ഇത്രയും നേരം എവിടെയായിരുന്നു.

അമ്മേ ഞാൻ അങ്ങോട്ട് പോകുമ്പോൾ മല്ലിക വെള്ളമെടുത്ത് വരികയായിരുന്നു. കണ്ടപ്പോൾ ഞങ്ങൾ ഓരോരോ കാര്യങ്ങൾ സംസാരിച്ച് നിന്ന് സമയം പോയതറിഞ്ഞില്ല. അതാണ് ഇത്രയും വൈകിയത്. കിണറിനടുത്ത് തിരക്കില്ലാതിരുന്നതിനാൽ വേഗം വെള്ളമെടുത്ത് പോരുകയായിരുന്നു. അല്ലെങ്കിൽ ഇനിയും വൈകിയേനെ. അമ്മ ആകെ ഭയപ്പെട്ടേനെ.

നിന്നെയൊക്കെ ഒരു ചിട്ട പഠിപ്പിക്കേണ്ടതുണ്ട്. ഒരു കാര്യത്തിന് പോയാൽ ആ ജോലി കഴിഞ്ഞിട്ടേ മറ്റുള്ള കാര്യങ്ങൾ ചെയ്യാവൂ. അത് ആദ്യം പഠിപ്പിക്കണം. ഇല്ലെങ്കിൽ ചില സമയങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കു പല ബുദ്ധിമുട്ടുകളും വരുത്തി വയ്ക്കും. നിനക്ക് വെള്ളം കൊണ്ട് വന്നു വച്ചിട്ട് മല്ലികയുടെ അടുത്ത് പോയി സമാധാനമായിരുന്ന് സംസാരിക്കാമായിരുന്നുവല്ലോ. ഇപ്പോ തന്നെ സമയം പത്തരയായി.

അമ്മ പറഞ്ഞത് ശരി തന്നെയാ. പെട്ടെന്ന് വരാമെന്ന് വിചാരിച്ചെങ്കിലും മല്ലികയുടെ അടുത്ത് കുറച്ചു സമയം സംസാരിച്ചു നിന്നതാണ് ഇത്രയും വൈകാൻ കാരണമായത്. കഥാവിഷയങ്ങൾ ആയത് കൊണ്ട് ഓരോന്ന് പറഞ്ഞു പറഞ്ഞു നീണ്ടു പോയെന്നു മാത്രം.

ശരി, നീ പോയി കറിവെക്കുവാനെന്തെങ്കിലും പച്ചക്കറിയൊക്കെ ഒന്നെടുത്ത് നന്നാക്കി വയ്ക്ക്. ഞാൻ അരി കഴുകിയെടുത്ത് അടുപ്പത്ത് വയ്ക്കട്ടെ. കറിക്കുള്ളതൊക്കെ നുറുക്കിയ ശേഷം ഒരു തേങ്ങാമുറി ചിരകിയെടുത്ത് അല്പം മഞ്ഞളും, കറിവേപ്പിലയും, ചുവന്നുള്ളിയും, ജീരകവും കൂടിയൊന്ന് അരച്ചെടുക്കുകയും വേണം. രണ്ട് ദിവസമായി കുറച്ച് മത്തങ്ങ ഇരിക്കുന്നു. അത് ഇനി ഇരുന്നാൽ കേടായി പോകും. കുറച്ചു പരിപ്പ് ചേർത്ത് കറിവെയ്ക്കാം.

എന്നാൽ ഞാൻ എല്ലാം നന്നാക്കി എടുത്ത് വെക്കാം. അമ്മ വേഗം അരി അടുപ്പത്ത് വെച്ചോളൂ.

ഉച്ചയ്ക്ക് ഊണ് കാലാക്കി വച്ച് വിശ്രമിക്കുമ്പോഴേക്കും പോസ്റ്റ്മാൻ വന്ന് വിളിക്കുന്നത് കേട്ടു.

ഒരു എഴുത്തുണ്ട്.

തങ്കമ്മ ഓടിച്ചെന്ന് എഴുത്ത് വാങ്ങി വായിച്ചു.

പോസ്റ്റ്മാൻ തിരിച്ചു പോയി കഴിഞ്ഞു.

അമ്മേ എനിക്ക് എംപ്ലോയ്മെന്റിൽ നിന്നും താല്ക്കാലിക ജോലിക്കുള്ള ഇൻറർവ്യൂ കാർഡ് വന്നിട്ടുണ്ട്. താലൂക്ക് ഓഫീസിൽ ക്ലാർക്ക് ആയിട്ടാണ്. പോയി നോക്കാം. കിട്ടിയാൽ ഒരഞ്ചാറു മാസം ജോലിക്ക് പോകാമല്ലോ. തല്ക്കാലം ഒരു വരുമാനം ആകുമല്ലോ. അമ്മേ അടുത്ത മാസം എട്ടാം തീയതി ആണ് ഇൻറർവ്യൂ.

മോളേ, ഇൻറർവ്യൂവിന് പോകേണ്ടത് അടുത്ത മാസം എട്ടാം തീയതിയാണോ. അപ്പോ ഇനി പതിന്നാലു ദിവസമുണ്ട്. അതിനു മുമ്പ് തന്നെ രണ്ട് ജാക്കറ്റും സാരിയുമൊക്കെ വാങ്ങണം. അച്ഛനോട് ഞാൻ പറയാം. മോളേ പുറത്തേക്ക് പോകുമ്പോൾ ഒന്ന് നല്ല രീതിയിൽ നടക്കാതെ പറ്റുമോ.

ഞാൻ അമ്മയോട് പറയാൻ ആലോചിച്ചതാ. ഇവിടത്തെ ഈ ദാരിദ്ര്യത്തിൽ എങ്ങിനെ പറയുമെന്നായിരുന്നു എൻെറ ചിന്ത. ഏതായാലും അമ്മ തന്നെ അച്ഛനോട് പറഞ്ഞാ മതി. ജോലി കിട്ടിയാൽ അച്ഛന് കുറച്ചു രൂപ കൊടുക്കുവാൻ സാധിക്കുമല്ലോ. എവിടന്നെങ്കിലും ഒന്ന് തരപ്പെടുത്താൻ പറയൂ അമ്മേ. വീട്ടീന്ന് അടുത്തായതിനാൽ ജോലിക്ക് പോകാൻ ബസ് ചാർജ്ജ് മാത്രമല്ലേ വേണ്ടൂ.

അത് ശരിയാണ് മോളേ. നിനക്ക് ജോലി എന്തായാലും കിട്ടാതിരിക്കില്ല. കഴിഞ്ഞ ആഴ്ച ജാതകഫലത്തിൽ നല്ല സമയമാണെന്നെഴുതിയിട്ടുണ്ടായിരുന്നു. ഞാൻ അത് വായിച്ചപ്പോൾ എന്തെങ്കിലും ഗുണം ലഭിക്കുമെന്ന് കരുതിയതാ. അത് പോലെ തന്നെ ഫലവും കണ്ടല്ലോ.

അമ്മേ നമുക്ക് ഊണ് കഴിക്കാം. അച്ഛൻ വരുന്നുണ്ട്. സമയം ഒരു മണി ആയല്ലോ.

എന്നാല് നീ പോയി ഊണ് വിളമ്പുവാൻ പാത്രങ്ങളൊക്കെ കഴുകി എടുക്കൂ. ഞാൻ ഒന്നു ബാത്ത് റൂമിൽ പോയിട്ട് വരാം.

മോളേ തങ്കമ്മേ പോസ്റ്റ്മാൻ എന്തോ ലെറ്റർ നിനക്ക് വന്നിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ. എന്താ മോളെ വന്നത്.

അച്ഛാ എംപ്ലോയ്മെന്റ് ഓഫീസിൽ നിന്നും താല്ക്കാലികമായി ക്ലാർക്ക് ആയി ജോലിക്കുള്ള ഇൻറർവ്യൂവിനുള്ള ലെറ്ററാണ്. കിട്ടിയാൽ ഒരഞ്ചാറു മാസം ജോലിക്ക് പോകാമെന്ന് തോന്നുന്നു. ഒരു പരിചയവും ആകുമല്ലോ.

എന്നാണ് ഇൻറർവ്യൂ മോളേ.

അടുത്ത മാസം എട്ടാം തീയതി ആണ് അച്ഛാ.

അപ്പോ ഇനി പതിന്നാലു ദിവസമുണ്ട് അല്ലേ. ഏതായാലും പോയി നോക്കൂ കിട്ടിയേക്കും. നിനക്ക് ഡ്രെസ്സെല്ലാം ഉണ്ടാകുമോ. എല്ലാം വളരെ പഴക്കമുള്ളതാണല്ലോ നോക്കട്ടെ. നാളെ രണ്ട് സാരിയും ജാക്കറ്റു തുണിയും വാങ്ങിക്കാം.

അച്ഛാ അമ്മ വിളിക്കുന്നു. വന്ന് ഊണ് കഴിക്ക്. എടുത്ത് വച്ചിട്ടുണ്ട്.

നിങ്ങളൊക്കെ ഊണ് കഴിച്ചുവോ.

ഇല്ല അച്ഛാ. അച്ഛൻ വന്നിട്ട് കഴിക്കാമെന്ന് കരുതി കാത്തിരിക്കയായിരുന്നു.

ദാസൻ ഊണ് കഴിക്കാൻ വന്നിരുന്നു. കറിയുടെ നിറംമാറ്റം കണ്ട് ശ്രദ്ധിച്ചു പറഞ്ഞു.

ഇന്ന് എന്താ മത്തങ്ങാക്കറി ആണല്ലൊ. പിറന്നാളോ മറ്റോ ആണോ.

അതൊന്നുമല്ല കുറച്ചു ദിവസമായി മത്തങ്ങ ഇരിക്കുന്നു. നമ്മുടെ പറമ്പിൽ ഉണ്ടായതാണ്. കേടാകുമെന്നു കരുതി അല്പം തേങ്ങ അരച്ച് വെച്ചതാണ്.

നന്നായിട്ടുണ്ട്. അല്പം വെള്ളം കൂടിക്കാനെടുത്തേക്ക്.

അച്ഛന് കുടിക്കാൻ വെള്ളം കൊടുത്തില്ലേ മോളേ. ജീരകവെള്ളം കലത്തിൽ ഇരിപ്പുണ്ട്. എടുത്ത് കൊടുക്ക്.

ദാ കൊണ്ട് വരുന്നു.

പച്ചവെള്ളം കുടിക്കാതിരിക്കുന്നതാ ഭേദം. വെള്ളത്തിലൊക്കെ പലവിധ അഴുക്കുകളും അണുക്കളുമായിട്ട് ഓരോരോ അസുഖങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കയാണ്. തിളപ്പിച്ചാറ്റിക്കുടിക്കണമെന്ന് മാത്രം. നിങ്ങളും ഊണ് കഴിച്ചു കൊള്ളൂ. ഞാൻ അല്പം പതുക്കെ കഴിക്കാമെന്ന് കരുതിയാണ്.

അമ്മേ എന്നാൽ എൻെറ ഊണ് പാത്രം ഇങ്ങോട്ട് എടുത്തോളൂ. അമ്മയും ഊണ് പാത്രം എടുത്ത് കൊണ്ട് ഇവിടേക്ക് വായോ. ഇവിടെയിരുന്നു കഴിക്കാം.

മത്തങ്ങാ കറി വളരെ നന്നായിട്ടുണ്ട്. അപ്പോ നീ കറിയൊക്കെയുണ്ടാക്കാൻ പഠിച്ചു അല്ലേ. അച്ഛാ ഞാൻ അമ്മ പറഞ്ഞതു പ്രകാരം മുളകും, ഉള്ളിയും,തേങ്ങയും ചേർത്ത് അരച്ച് ചേർത്തതേയുള്ളൂ. എന്തോ കഴിക്കുമ്പോൾ എനിക്കും നല്ല രുചി തോന്നുന്നുണ്ട്.

ഓരോന്ന് ഉണ്ടാക്കി നോക്കിയാലേ പഠിക്കാൻ കഴിയുകയുള്ളൂ. എന്തിനും ഒരളവ് കണ്ടു പിടിക്കണം. കൃത്യമായ അളവു പ്രകാരം ഓരോന്ന് കൂട്ടിയുണ്ടാക്കുമ്പോൾ ഏത് കറിയായാലും പലഹാരങ്ങളായാലും അതിന് ശരിയായ രുചി എപ്പോഴും ഉണ്ടായിരിക്കും. അല്ലാതെ ഓരോ പ്രാവശ്യവും തോന്നുന്ന പോലെ ഓരോ കൂട്ടം എടുത്ത് ചേർക്കുമ്പോഴാണ് കറികളായാലും പലഹാരങ്ങളായാലും രുചിയില്ലാതാകുന്നത്. എനിക്ക് എന്റെ അമ്മ തന്നെയാണ് ഇതെല്ലാം പറഞ്ഞു പഠിപ്പിച്ചത്. കറിക്ക് രുചിയില്ലെങ്കിൽ അമ്മ വല്ലാതെ ചീത്ത പറയും. പേടിച്ചിട്ട് വളരെ ശ്രദ്ധിച്ചാണ് ഓരോ കൂട്ടവും എടുത്ത് ഞാൻ ചേർത്തിരുന്നത്. മുറികൾ അടിച്ചു വാരി കഴിഞ്ഞ ശേഷം മുറികളിൽ നടക്കുമ്പോൾ കാലിൽ മൺതരികൾ പതിഞ്ഞാൽ അമ്മ ദേഷ്യപ്പെട്ട് അടിച്ചു വാരുന്ന ചൂല് കയ്യിൽ നിന്നും വാങ്ങി അത് കൊണ്ടുള്ള പ്രഹരം ഇന്നും എനിക്ക് ഓർമ്മയിലുണ്ട്. ഏത് ജോലിയാണെങ്കിലും വൃത്തിയും വെടിപ്പും ചിട്ടയും വേണമെന്നുള്ളത് എൻെറ അമ്മയ്ക്ക് വളരെ നിർബന്ധം തന്നെയായിരുന്നു. അങ്ങിനെയുള്ളവർ ഇക്കാലത്ത് ഇല്ലാത്തതാണ് കുട്ടികളുടെ ശ്രദ്ധക്കുറവിന് കാരണം. എന്ത് ദേഷ്യപ്പെട്ടാലും അത്രതന്നെ സ്നേഹവും അമ്മയ്ക്കുണ്ടായിരുന്നു. പെൺമക്കൾ കല്ല്യാണം കഴിഞ്ഞു ചെല്ലുന്നിടത്ത് യാതൊരു കുറ്റവും പറച്ചിലും കേൾക്കാതെ ജീവിക്കാൻ കൂടിയാണത്രേ ഈ ചിട്ടകൾ ഒക്കെ വച്ചിരുന്നതും അത് ചെയ്യിപ്പിച്ചിരുന്നതും. അത് ഓരോ കുടുംബക്കാരുടെയും അന്തസ്സ് കൂടിയായിട്ടാണ് എന്നാ അമ്മ പറയുന്നത്. തൻെറ മക്കളെ മറ്റുള്ളവർ യാതൊരു കുറ്റവും പറയാതിരിക്കാൻ കൂടി വേണ്ടിയാണ് ഈവക കർക്കശ നിലപാട് അമ്മ എടുത്തിരുന്നതെന്നാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്. ഒരിക്കലും അച്ഛനമ്മമാർ മക്കൾക്ക് ദോഷം വരുന്നതൊന്നും ചെയ്യുകയില്ല. ചിലർ അവരുടെ മന:പ്രയാസങ്ങളാൽ അല്പം ചീത്ത വിളിക്കുകയോ വഴിമാറി ചിന്തിച്ചെന്നിരിക്കാമെന്നു മാത്രം.

അമ്മേ അമ്മ പറഞ്ഞത് ശരി തന്നെയാ. അമ്മയുടെ പിണക്കവും ദേഷ്യവുമൊക്കെ തന്നെയാണ് എനിക്കും അല്പം ചിട്ടയും ഭയവുമൊക്കെയുണ്ടാക്കിയത്. അല്ലെങ്കിൽ എനിക്ക് കൂടി ശ്രദ്ധക്കുറവും ഉത്തരവാദിത്വമില്ലായ്മയും ഒക്കെ ഉണ്ടായേനെ.

എന്താ അമ്മയും മോളും കൂടെ ഒരു കിന്നാരം പറച്ചിൽ. മകളുടെ ഇന്നത്തെ കറിവെയ്പിനെ കുറിച്ചാണോ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്തായാലും കറി എനിക്ക് വളരെ ഇഷ്ടമായി.

അച്ഛാ കറിയുടെ എല്ലാ കൂട്ടും അമ്മ തന്നെയാണ് പറഞ്ഞു തന്നത്. അതനുസരിച്ച് ഞാൻ ഉണ്ടാക്കിയെന്നേയുള്ളൂ. അല്ലാതെ എൻെറ കഴിവെന്ന് പറയാറായിട്ടില്ല. അല്പാല്പമായി അമ്മയിൽ നിന്നും കണ്ടും കേട്ടും പഠിക്കണമെന്നുണ്ട്. അല്ലെങ്കിലും പെൺകുട്ടികളായാൽ മുഖ്യമായും അടുക്കള ജോലികൾ നന്നായി പഠിക്കണം. ഇക്കാലത്ത് ആൺകുട്ടിളും കൂടി പഠിക്കണമെന്നാ എൻെറ അഭിപ്രായം. ദൂരദേശങ്ങളിൽ ജോലിക്ക് പോകുമ്പോൾ ഹോട്ടൽ ഭക്ഷണമൊക്കെ കഴിച്ച് വയറ് കേടാക്കുന്നതിലും ഭേദം സ്വന്തമായി അല്പം ചോറും കറിയും ഒക്കെയുണ്ടാക്കി കഴിക്കുന്നതാ നല്ലത്. കൂടാതെ നമ്മുടെ നാട്ടിലെ രുചിയുള്ള ഭക്ഷണം തന്നെ സ്വന്തമായി ഉണ്ടാക്കി കഴിക്കുകയുമാവാം. ശരീരം ദുഷിക്കാതെ സൂക്ഷിക്കുകയും ചെയ്യാമല്ലോ. അതുപോലെ തന്നെ ജീവിത ചിലവും കുറയും.

അച്ഛൻ പറഞ്ഞത് ശരിയാണ്. ഇക്കാലത്ത് ഹോട്ടലിൽ കയറുന്നത് വളരെ ശ്രദ്ധിച്ചു വേണം. ഒന്നാമത് പല ഹോട്ടലുകളിലും പഴയ ഭക്ഷണം ഉണ്ടായിരുന്നത് ഫുഡ് ഇൻസ്പെക്ടർ കടകളിൽ പരിശോധിച്ച് പിടിച്ചെടുത്തതായി അടുത്ത കാലത്ത് പലപ്പോഴും പേപ്പറിൽ വാർത്തയുണ്ടാകാറുണ്ട്. പിന്നെ ഭക്ഷണത്തിനെല്ലാം വില കൂടി കൂടി വരികയുമാണ്. മറ്റൊരു കാര്യം പറയുകയാണെങ്കിൽ രുചിക്കുവേണ്ടി എന്തൊക്കെ ഇട്ടാണ് ആഹാരം പാകപ്പെടുത്തുന്നതെന്നും പറയുവാൻ കഴിയുകയില്ല. ശുചിത്വമില്ലായ്മ പലയിടത്തും കാണാം. കടയുടെ പിൻഭാഗത്ത് കയറി നോക്കിയാൽ പിന്നെ ആഹാരം കഴിക്കുവാൻ വളരെ പ്രയാസം തോന്നും. ഇതിലും ഭേദം സ്വന്തമായി കുറച്ചു കഞ്ഞിയുണ്ടാക്കി കഴിച്ചാലും മതി. ശരീരത്തിന് യാതൊരു ദോഷവും ഉണ്ടാകില്ലെന്നുള്ളതു തന്നെയാണ് മുഖ്യമായ ഗുണം.

ശരി നീ ആഹാരം കഴിച്ചപാത്രമൊക്കെ വേഗം പോയി കഴുകി വെച്ചോളൂ. നേരം കളയേണ്ട. സമയം രണ്ടു മണി ആയെന്നാ തോന്നുന്നേ.

അമ്മേ അമ്മ ഊണ് കഴിച്ച് കഴിഞ്ഞുവോ. പാത്രങ്ങൾ ഒന്നിച്ച് കഴുകാമെന്ന് കരുതിയാണ് ഞാൻ ഇവിടെ ഇത്രയും നേരം സംസാരിച്ചു കൊണ്ടിരുന്നത്.

ഞാൻ ഉടനെ ഊണ് കഴിച്ച് പാത്രങ്ങൾ തരാം. ബാക്കി ജോലിയെല്ലാം വേഗം തീർത്തോളൂ. എന്നിട്ട് നീ പോയി മല്ലികയോട് കഥയൊന്ന് വാങ്ങിയിട്ട് വരണം. കഥയെഴുതി വച്ചിട്ടുണ്ടാകുമെന്നാ തോന്നുന്നത്.

അമ്മേ ഞാനും അത് വിചാരിച്ചുകൊണ്ടാണിരുന്നത്.ജോലി കഴിഞ്ഞ് ഉടനെ തന്നെ പോയി നോക്കിയിട്ട് വരാം. ഇവിടെ കൊണ്ടുവന്നിരുന്ന പേപ്പറുകൾ മല്ലികക്ക് മടക്കി കൊടുക്കുകയും വേണം.

കുറച്ചു പാത്രം ഞാൻ കൂടി കഴുകി തരാം. അല്ലെങ്കിൽ സമയം കുറെയാകും. രണ്ടുപേരും കൂടിയാകുമ്പോൾ ജോലി വേഗം കഴിയുമല്ലോ. എനിക്കാണെങ്കിൽ എന്താണെന്നറിയില്ല റീത്തയുടെ കഥ വായിച്ചറിയുവാനുള്ള ആഗ്രഹം വളരെ കൂടിക്കൂടി വരികയാണ്.

പാത്രങ്ങളും കലങ്ങളും മറ്റും കഴുകി അടുക്കളയിൽ അടുക്കിവെച്ചു. തങ്കമ്മ വീട്ടിലിരുന്നതായ കഥയെഴുതിയ പേപ്പറുകൾ കയ്യിലെടുത്ത് മല്ലികയുടെ വീട്ടിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിക്ക് അടുത്ത വീട്ടിലെ ജാനു ചേച്ചിയുമായി കുശലാന്വേഷണങ്ങൾ നടത്തിയിട്ടാണ് പോയത്. ജാനു ചേച്ചി തങ്കമ്മയുടെ കയ്യിലിരിക്കുന്ന പേപ്പർ കുറച്ചു വായിച്ചു നോക്കുന്നത് കണ്ടു. മല്ലികയുടെ കഥകൾ ജാനു ചേച്ചിയും നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.

- തുടരും

- സലിംരാജ് വടക്കുംപുറം.




© Salimraj Vadakkumpuram