...

15 views

മഴമേഘങ്ങൾക്ക് മീതെ...




ഇടിമുഴക്കം കേട്ടാണവൾ ഞെട്ടിയുണർന്നത്. ഭൂമിയുടെ മാറിലെ പെരുമ്പറയിൽ മഴ താളം പിടിക്കുന്നു. അവളുടെ ഓർമകളിലെ ചിത്രങ്ങൾക്ക് വീണ്ടും നിറം വെച്ചു. ഗായത്രിചേച്ചിയും ഗൗതമേട്ടനും താനും ആസ്വദിച്ചു നനഞ്ഞ മഴകൾ. പനി പിടിക്കുമെന്ന് പുലമ്പി മുടി തുവർത്താൻ പിറകെ ഓടുന്ന അച്ഛമ്മ. മുറി മുഴുവൻ ചെളി ചവിട്ടി വൃത്തികേടാക്കിയതിനു വഴക്കു പറയുന്ന അമ്മ.
ഇടിയുടെ ശബ്ദം കേൾക്കുമ്പോൾ മൂന്നാളും അച്ഛമ്മയുടെ ഓരത്തേക്ക് ഓടും. പേടി മാറാൻ അച്ഛമ്മ കഥകൾ പറഞ്ഞു കൊടുക്കും. രാമൻ സീതയെ തേടിപോയ കഥ, കൃഷ്ണന്റെ കുലം വേരോടെ നശിച്ച കഥ, ശിവന്റെ ജടയിൽ ഗംഗ വന്നൊളിച്ച കഥ. അങ്ങനെയങ്ങനെയങ്ങനെ……..

അച്ഛമ്മയ്ക്കു ശേഷം ഭംഗിയായി കഥകൾ പറഞ്ഞു തന്നിട്ടുള്ളത് വിനയൻ സാറാണ്. അവളുടെ നെഞ്ചൊന്ന് പിടഞ്ഞു. അനുസരണംകെട്ട കുട്ടിയെ പോലെയാണ് മനസ്സ്. എവിടേക്ക് പോകരുതെന്ന് നമ്മൾ പറയുന്നോ, അതിന്റെ പടിവാതിൽക്കൽ പോയി എത്തിനോക്കാൻ അതെപ്പോഴും ആഗ്രഹിക്കും. തന്റെ ചിന്തകളെ തട്ടിയെറിഞ്ഞുകൊണ്ട് ജനാലപടിയിലിരുന്ന ഡയറി കൈയെത്തിയെടുത്ത് അവൾ എഴുതി:
'ഇന്നലെകളെല്ലാം ഇന്നെനിക്കു ലഹരിയാണ്. നാളെയെന്നത് അനിശ്ചിതത്തിലാകുംതോറും വീര്യം കൂടുന്ന ലഹരി. അതിന്റെ ഉന്മാദത്തിൽ ഞാൻ വീണ്ടും സ്വപ്നം കാണുന്നു. ശിഥിലമാകുമെന്ന് ഉറപ്പുള്ള സ്വപ്‌നങ്ങൾ.
ഓർമകളും സ്വപ്നങ്ങളും തമ്മിലുള്ള യുദ്ധത്തിൽ ആരു ജയിക്കും.'

ചോദ്യചിഹ്നമിടാതെ അവൾ അത് മടക്കിവെച്ചു. വായിച്ചു കഴിഞ്ഞ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' കട്ടിലിൽ കിടക്കുന്നു. അടുത്ത നോവലിനു വേണ്ടി അവൾ അമ്മയെ മുറിയിലേക്കു വിളിച്ചു.

" നീ ഉണർന്നായിരുന്നോ? നിന്നെ കാണാൻ സാർ വന്നിട്ടുണ്ട്. ഇങ്ങോട്ട് വരാൻ പറയട്ടെ?"
" വേണ്ട, എന്നെ അങ്ങോട്ട്‌ കൊണ്ട് പോയാൽ മതി."
തലച്ചോറു ചിന്തിക്കുന്നതിനു മുമ്പേ മനസ്സിലെ ആഗ്രഹത്തെ അവൾ വാചകങ്ങളാക്കി.
അവളെ താങ്ങിയെടുത്ത് അമ്മ വീൽചെയറിൽ ഇരുത്തി.
"ഇപ്പൊ വേദനയുണ്ടോ?"
" ഇല്ലമ്മേ"
തന്റെ വേദന മറ്റുള്ളവരെ അറിയിക്കാതിരിക്കാനുള്ള വിദ്യ അവൾ പഠിച്ചു കഴിഞ്ഞിരുന്നു.
"എന്തുറക്കം ആയിരുന്നു കുട്ട്യേ? സാറ് വന്നിട്ട് എത്ര നേരമായെന്നോ"
പതിവു പുഞ്ചിരിയോടെ അച്ഛമ്മ ചോദിച്ചു. അവൾ തന്റെ മറുപടിയും പുഞ്ചിരിയിൽ ഒതുക്കി.

മഴത്തുള്ളികൾ ജനാലചില്ലുകളിൽ ചിത്രം വരയ്ക്കുന്നു. ചക്രകസേരയിൽ അവൾ വാതിലിനരികിലേക്ക് ചെന്നു. മരുന്നുകയറി നിർജീവമായ അവളുടെ കൈഞരമ്പുപോലെ മിന്നൽപിണർ വാനിൽ പ്രത്യക്ഷപെട്ടു. കണ്ണുകൾ ഇറുക്കി അടച്ചതും ചെവികൾ പൊത്തിയതും ഒരുമിച്ചായിരുന്നു. ഹൃദയത്തിന്റെ വേദനയുടെ അലർച്ചയ്ക്കു മുന്നിൽ ഇടിയുടെ മുഴക്കം ഒന്നും അല്ലാതായി തീർന്നു.
"ഇത്ര പേടിയായിരുന്നേൽ താനെന്തിനാടൊ അങ്ങോട്ട് പോയെ?"
വിനയൻ സാറിന്റെ ചോദ്യത്തിനുത്തരം അവൾ നൽകിയില്ല.പണ്ടും അതായിരുന്നല്ലോ പതിവ്.

ചോദ്യത്തിനേക്കാൾ മുന്നേ സാറിന്റെ നോട്ടമാണ് അവൾ പിടിച്ചെടുക്കുക. ആ നോട്ടം അവളുടെ ഉള്ളിലെ അക്ഷരങ്ങളെയെല്ലാം പൂമ്പാറ്റകളാക്കി മാറ്റും. അവ അവൾക്കു ചുറ്റും നൃത്തം വെയ്ക്കും.
"താനേതു സ്വപ്നലോകത്ത് ആയിരുന്നടോ?"
സാറിന്റെ ചോദ്യത്തിനു അകമ്പടി സേവിക്കുന്ന കൂട്ടച്ചിരിയുടെ അലകൾ ആ ചിറകടി ശബ്ദത്തെ മായ്ച്ചു കളയും. അതോടെ സ്വപ്നജീവി എന്ന പേര് അവൾക്കു സ്വന്തമായി.

സാറിന്റെ ക്ലാസ്സിൽ വെച്ചു തന്നെയാണ് അവളുടെ സ്വപ്നങ്ങൾക്ക് തിരശ്ശില വീണതും.
'വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവും അണിഞ്ഞയ്യോ ശിവ!ശിവ!'
പദ്യം ഉച്ചത്തിൽ ചൊല്ലിക്കേൾപ്പിക്കെ നട്ടെല്ലിൽ ആരോ അടിച്ച പോലെ അവൾക്ക് തോന്നി. കണ്ണുകൾ ആരോ വലിച്ചടപ്പിച്ചു.

ആ സംഭവത്തിനു ശേഷം ആ ചക്രകസേര അവളുടെ കൂട്ടുകാരിയായി.

'താൻ ഇവിടെയും സ്വപ്നജീവി ആണോ?'
സാറിന്റെ ശബ്ദത്തിനു അകമ്പടിയായി എത്തിയ കൂട്ടചിരി അവളെ വീണ്ടും യാഥാർഥ്യത്തിലേക്ക് വലിച്ചിട്ടു.
'ഇപ്പൊ ഇറങ്ങിയാൽ അടുത്ത മഴയ്ക്ക് മുമ്പ് വീടെത്താം. ദാ….ഇതു കൂടെ തരാനാ ഞാൻ വന്നത്'
ഖസാക്കിന്റെ ഇതിഹാസം, രണ്ടാമൂഴം, ഒരു ദേശത്തിന്റെ കഥ. പ്രഗൽഭരുടെ പ്രതിഭയുടെ സൃഷ്ടികൾ. എല്ലാം അവൾ വായിക്കാൻ കൊതിച്ചവ.
'ഇനി തനിക്കെന്തെങ്കിലും വേണോടോ?'
സാറിന്റെ ചോദ്യത്തിനുള്ള ഉത്തരം ആവർത്തിച്ചു പഠിച്ചതു പോലെ അവൾ ഉരുവിട്ടു, ' ഇനി എന്നെ കാണാൻ വരുമ്പോൾ ആതിരചേച്ചിയെയും കൂടെ കൂട്ടണം'
സാറിന്റെ മുഖത്തെ പരിഭ്രമം മറ്റുള്ളവരിലേക്ക് ഞെട്ടലായി പടർന്നു. യാത്ര പറയാതെ ഇറങ്ങിയ സാറിന്റെ കാൽപാടുകൾ മായാതെ ചെളിയിൽ പതിഞ്ഞു കിടന്നു. വിനയൻ സാറും ആതിരചേച്ചിയും ഡിവോഴ്സ് കേസ് ഫയൽ ചെയ്തു എന്ന രഹസ്യം അവളോട്‌ പറഞ്ഞത് ഗായത്രിചേച്ചിയാണ്.ഗായത്രിചേച്ചിയുടെ സീനിയർ ആയിരുന്നു ആതിരചേച്ചി.

മറ്റുള്ളവരുടെ നോട്ടത്തിനു മറുപടി പറയാതെ തന്റെ മുറിയിലെത്തി ഡയറിയിൽ അവളെഴുതി:
'പ്രണയം പ്രകടിപ്പിക്കാനുള്ളതാണെന്നു പറഞ്ഞയാൾക്കു തെറ്റി,
പ്രണയം പ്രണയിക്കാൻ ഉള്ളതാണ്…. പ്രണയിക്കാൻ വേണ്ടി മാത്രമുള്ളത്'

എല്ലാ ദിവസവും വിരുന്നിനെത്താറുള്ള മഴ അവധിയെടുത്ത ഒരു ദിവസത്തിന്റെ ആലസ്യത്തിൽ എല്ലാവരും ഉറങ്ങുകയായിരുന്നു. ഇടിയെക്കാൾ ഭയാനകമായ ശബ്ദത്തിൽ അവളുടെ നിലവിളി ആ വീട്ടിൽ മുഴങ്ങി. നീലക്കുപ്പായമണിയിച്ചു അവളെ സ്ട്രെച്ചറിൽ കൊണ്ട് പോയപ്പോൾ കാണാൻ വന്നവരുടെ കൂട്ടത്തിൽ വിനയൻസാറും ആതിരചേച്ചിയും ഉണ്ടായിരുന്നു. അവിടെ തളം കെട്ടിനിന്ന നിശബ്ദതയിൽ പ്രാർത്ഥനയും പ്രതീക്ഷയും ദുഃഖവും ഒരുപോലെ അലിഞ്ഞുച്ചേർന്നിരുന്നു.ഒരു പുഞ്ചിരിയോടെ തന്റെ ഓർമപുസ്തകത്തിന്റെ താളുകൾ ഓരോന്നായി വെറുതെ മറിക്കവേ, സിരകളിലൂടെ കയറിയ മരുന്ന് അവളുടെ ബോധം മറച്ചു.

കാർമേഘത്താൽ മൂടപ്പെട്ട ആകാശത്തിന്റെ ദുഃഖമാണോ ചിതയെ വിഴുങ്ങുന്ന അഗ്നിയുടെ വാശിയാണോ ജയിക്കുക എന്ന് ആശങ്കപെട്ടു നിന്ന ജനക്കൂട്ടത്തിൽ നിന്നും മാറിനിന്നിരുന്ന വിനയചന്ദ്രന്റെയും ഭാര്യ ആതിരയുടെയും നേരെ ഒരു ഡയറി നീട്ടികൊണ്ട് ഗായത്രി പറഞ്ഞു, ' ഇതു സാറിനു തരണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു'. അതിലെ എഴുതിനിർത്തിയ അവസാനതാളിൽ വെച്ചിരുന്ന പേന തുറന്നുതന്നെയിരുന്നു. തന്റെ പ്രിയതമന്റെ തോളോട് ചേർന്നുനിന്ന് ആതിരയും കറുത്ത മഷി പടർന്ന വാചകങ്ങളിലൂടെ കണ്ണോടിച്ചു:
'കരഞ്ഞുകൊണ്ട് ഭൂമിയിലേക്ക് പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും ഒരു ജീവിതലക്ഷ്യമുണ്ട്. അത് സാധൂകാരിച്ചാൽ അവൻ പുഞ്ചിരിയോടെ യാത്രയാകും.
അനന്തതയിൽ നിന്നും അനന്തതയിലേക്കുള്ള യാത്രയാണ് ജീവിതം. യാത്രക്കപ്പുറമുള്ള കാണാകാഴ്ചകൾ കാണാൻ യാത്ര അവസാനിപ്പിക്കുക തന്നെ വേണം'
-ഗൗരിനന്ദന.




© j fathima