...

11 views

മുതിര ഉണ്ടായ കഥ; ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞു തന്നത്.
ഒരിടത്ത് ഒരു കൃഷിക്കാരൻ പയറ് ധാരാളമായി കൃഷി ചെയ്തിരുന്നു. അക്കാലത്ത് ആളുകൾ വളരെ കുറവാണ് ആ പ്രദേശത്ത് താമസിച്ചിരുന്നത്. എല്ലാവരും ഓരോരോ പച്ചക്കറികളും കടല, പയർ എന്നിവയൊക്കെ കൃഷി ചെയ്ത് വിളവെടുത്ത് ചന്തകളിലും അടുത്ത പ്രദേശങ്ങളിൽ കടകളിലും വില്പന നടത്തിയാണ് ജീവിതം നയിച്ചിരുന്നത്.
അങ്ങിനെയിരിക്കെ രാമൻ എന്നൊരാളുടെ തോട്ടത്തിൽ ഒരു ദിവസം രാവിലെ ചെന്ന് നോക്കിയപ്പോൾ ധാരാളം പയറുകൾ ചവിട്ടിയരഞ്ഞ നിലയിലും കുറെ ഭാഗങ്ങളിൽ തിന്ന് തീർത്ത നിലയിലും ആണ് കണ്ടത്. അടുത്തുള്ള മറ്റുള്ളവരുടെ തോട്ടത്തിൽ യാതൊരു പ്രശ്നവുമില്ലതാനും. മൃഗങ്ങൾ വന്നിരുന്നുവെങ്കിൽ മറ്റു സ്ഥലങ്ങളിലും ചവിട്ടി നാശം സംഭവിച്ചേനെ. രാമന് എത്ര ആലോചിച്ചിട്ടും കാര്യങ്ങളിൽ യാതൊരു പിടിയും കിട്ടിയില്ല.
ആയതിനാൽ അന്ന് മുതൽ തോട്ടത്തിൽ രാത്രി കാവലിരുന്നു. മൂന്ന് ദിവസം ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല.
നാലാമത്തെ ദിവസം രാത്രി പന്ത്രണ്ട് മണി ആയപ്പോൾ ആകാശത്ത് നിന്ന് എന്തോ വരുന്ന പോലെ തോന്നി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു വെളുത്ത ആന താഴെ രാമന്റെ പാടത്ത് വന്നിറങ്ങി പയറുകൾ തിന്നുകയും തിരിച്ച് പറന്നുയർന്ന് ആകാശത്ത് മറഞ്ഞു. ഈ വിവരം മറ്റാരോടും തൽക്കാലം പറഞ്ഞില്ല. വീട്ടിൽ ചെന്ന് ഭാര്യയുമായി കാര്യങ്ങൾ സംസാരിച്ചു. അടുത്ത ദിവസങ്ങളിൽ ഒരു കെണി ഉണ്ടാക്കി പാടത്ത് പയറുകൾക്കിടയിൽ വച്ചു. രണ്ട് ദിവസം ആനയെ കാണാൻ കഴിഞ്ഞില്ല. മൂന്നാമത്തെ ദിവസം ആന പന്ത്രണ്ട് മണിക്ക് ആകാശത്ത് നിന്ന് താഴേക്ക് വന്ന് പയർ തിന്നുകയും അതിന് അടിയില് വച്ചിരുന്ന കെണിയിൽ പെടുകയും ചെയ്തു. ഇത് കണ്ട് രാമൻ ആനയുടെ അടുത്തേക്ക് ചെന്നു. അപ്പോഴാണ് വളരെ അതിശയം തോന്നിയത്. ഇത് സാധാരണ ആനയല്ലെന്നും വളരെ വെളുത്ത ആരും ഇതുവരെ കാണാത്ത ആനയാണെന്നും ബോദ്ധ്യമായി. ഇതിനിടയിൽ ആന സംസാരിക്കാൻ തുടങ്ങി. ഇത് കേട്ട് രാമന് അദ്ഭുതപ്പെട്ടു.
ആന രാമനോട് പറയുകയായിരുന്നു. ഞാൻ ഇന്ദ്രലോകത്തിലെ ഐരാവതം എന്ന ഇന്ദ്രന്റെ ആനയാണ്. എന്നെ രക്ഷിക്കണം. ഞാൻ നിങ്ങളെ ഇന്ദ്രലോകത്ത് കൊണ്ട് പോകാം. നിങ്ങൾക്ക് വളരെ നന്മകൾ വന്ന് ചേരും എന്നും പറഞ്ഞു. അങ്ങിനെ രാമനെ ഇന്ദ്രലോകത്ത് കൊണ്ട് പോവുകയും അവിടെ ചില സ്ഥലങ്ങളിൽ കൊണ്ടുപോയി കാഴ്ചകൾ കാണിക്കുകയും ധാരാളം തങ്കനാണയങ്ങളുമായി ഇന്ദ്രലോകത്ത് നിന്നും തിരിച്ചു കൊണ്ടു വന്ന് ഭുമിയിൽ വിടുകയും ചെയ്തു. ആരോടും ഇക്കാര്യങ്ങൾ പറയരുതെന്നും അറിയിച്ചു.
ഈ സ്വർണ നാണയത്തിൽ നിന്ന് കുറച്ച് നാണയവുമായി സ്വർണപണിക്കാരനെ കാണുകയും വിറ്റ് പണം വാങ്ങുകയും ചെയ്തു. ഈ വിവരം സ്വർണ പണിക്കാരൻ പറഞ്ഞ് അയൽവാസികൾ അറിഞ്ഞു. എല്ലാവരും എവിടെ നിന്നാണ് സ്വർണം ലഭിച്ചത് എന്ന് ചോദിച്ചു കൊണ്ടിരുന്നു. നിവൃത്തിയില്ലാതെ വിവരങ്ങൾ അയൽവാസികളോട് മറ്റാരോടും പറിയില്ല എന്ന ഉറപ്പിൽ നടന്ന കാര്യങ്ങളെല്ലാം പറയുകയും ചെയ്തു. അടുത്ത ദിവസം മുതൽ ആനയെ കാണാൻ കാത്തിരുന്നു. അങ്ങിനെ ഒരു ദിവസം ആന പയർ ഭക്ഷിക്കുവാൻ ഭൂമിയിൽ എത്തി. എല്ലാവരും വെളുത്ത ആനയെ കണ്ട് അദ്ഭുതപ്പെട്ടു. രാമൻ ആനയോട് അയൽവാസികളേയും ഇന്ദ്രലോകത്ത് കൊണ്ട് പോകണം എന്ന് ആവശ്യപ്പെട്ടു. ആന ആവശ്യം നിരസിച്ചില്ലന്നു മാത്രം. രാമനും പിന്നാലെ ഓരോരുത്തരായി മറ്റു രണ്ടു പേരും രാമന്റെ കാലിൽ തൂങ്ങി കിടന്നു ഉയർന്നു പൊങ്ങി. ഇതിനിടയിൽ താഴെ ഉള്ളവർ ഓരോരുത്തരും ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. രാമൻ പെട്ടെന്ന് താഴേക്ക് നോക്കുമ്പോൾ കൈ ആനയുടെ വാലിൽ നിന്ന് ഊർന്ന് എല്ലാവരും പയറിന് മുകളിൽ പാടത്ത് വീണു. ആന ഉയർന്ന് ആകാശത്ത് മറഞ്ഞു.
ഇവർ വീണഭാഗത്തുള്ള പയറുകൾ എല്ലാം ചതഞ്ഞ് പരന്നു പോയി. അവിടെ കിടന്നുണങ്ങിയ വിത്തുകൾ അടുത്ത മഴയിൽ മുളച്ച് പയർ ഉണ്ടായപ്പോൾ അതിൽ പരന്ന പയറുകൾ ആണ് ഉണ്ടായത്. അക്കാലത്ത് അവർ കുതിരക്ക് ആഹാരമായി കൊടുത്തു വന്നതിനാൽ അതിന് മുതിര എന്നപേരിൽ പിന്നീട് അറിയാൻ തുടങ്ങി.

- സലിംരാജ് വടക്കുംപുറം -
© Salimraj Vadakkumpuram