...

7 views

മുന്തിരിവള്ളികൾ പറഞ്ഞ പ്രേമകഥ (ആദ്യഭാഗം)
മുല്ലവള്ളികൾ പടർന്ന് കയറിയ തടികൊണ്ട് പണിത കൊച്ചുവീട്. ചുറ്റിനും പടർന്ന് കയറിയവളളികളിൽ പൂക്കളും പൂമ്പാറ്റകളും.. നിറം മങ്ങിയ ചട്ടികൾക്ക് ഭംഗി നൽകി ചെടികൾ തളിർത്ത് നിൽക്കുന്നു. മഞ്ഞ് പെയ്തിറങ്ങുന്ന പകലിലും തെളിമയോടെ ആ സ്വർഗ ഭവനം നിലകൊണ്ടു.. തൂവെള്ള കുപ്പായത്തിൽ സ്വർണ്ണ നിറമുള്ള ഒരു പെൺകുട്ടി ആ വീടിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങിയത് അപ്പോഴാണ് ഞാൻ കണ്ടത്. അവൾ എന്റെ നേരെ മുഖമുയർത്തി ഒന്നു ചിരിച്ചു.. ഞാൻ ചിരിച്ചില്ല, ചിന്തിക്കുകയായിരുന്നു.. ഉള്ളിലും പുറത്തും ഒരു തരം മരവിപ്പ്. ഉറഞ്ഞു പോയ മഞ്ഞിൽ പെട്ട് പോയ ഉറുമ്പിന്റെ അവസ്ഥ. എന്റെ ചിന്ത അതവളെ കുറിച്ച് തന്നെയായിരുന്നു. എങ്ങോ,,, എവിടെയോ കണ്ടു മറന്ന പോലെ.. അധികം ചിന്തിക്കേണ്ടി വന്നില്ല.. അതിന് മുന്നേ അവൾ സംസാരിച്ചു തുടങ്ങിയിരുന്നു.
" ഞങ്ങളുടെ ലോകത്തേക്ക് എത്തിച്ചേർന്ന പഴയ കൂട്ടുകാരന് ഇ കൂട്ടുകാരിയുടെ സ്വാഗതം.."
ഏത് കൂട്ടുകാരി... എനിക്കപ്പോഴും പിടി കിട്ടിയിരുന്നില്ല.. എങ്ങനെയോ ഇവിടെ എത്തിപ്പെട്ടു.. ഇനി അങ്ങോട്ട്,,,,
എനിക്ക് ഒന്നും മനസിലായില്ല എന്നറിഞ്ഞതിനാലാവാം അവൾ എന്റെ അടുത്തേക്ക് നീങ്ങി നിന്നു.. " അകത്തേക്ക് വരൂ.. നിനക്കിപ്പം ആവിശ്യം വിശ്രമമാണ്.. " അവളുടെ പുറകെ പതിയെ നടക്കുമ്പോഴും എന്റെ ചിന്തകൾ എന്നെ കുടുക്കിയിട്ട് കൊണ്ടിരുന്നു.. എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്നോ എന്തിനിവിടെ വന്നുവെന്നോ എനിക്ക് അപ്പോഴും മനസിലായിരുന്നില്ല.
പുറത്ത് കണ്ട ആ ചെറിയ വീടായിരുന്നില്ല ഉള്ളിൽ കയറിയപ്പോൾ, വിശാലമായ ഒരു മൈതാനം പോലെ അത് നീണ്ട് നിവർന്നു കിടക്കുന്നു. ജലാശയവും പക്ഷികളും മൃഗങ്ങളും അലയടിക്കുന്ന ഇളം കാറ്റും , ഏതോ മാന്ത്രിക ലോകത്തേക്ക് എത്തിപ്പെട്ടത് പോലെ..
അവളുടെ പുറകിൽ അല്പം പേടിയോടെയും അല്ഭുതത്തോടെയും ഞാൻ നടന്നു. കണ്ണെത്താ ദൂരത്തോളം നീണ്ട് നിവർന്ന് കിടക്കുന്ന മേശ, അതിൽ ഭക്ഷണവും പാനീയങ്ങളും നിരത്തി വച്ചിരിക്കുന്നു. കുറച്ചാളുകൾ ആർത്തിയോടെ അത് കഴിക്കുന്നുണ്ട്. കുറച്ചു പേർ മദ്യ കുപ്പികളുമായ് കറങ്ങി നടക്കുന്നു. മറ്റു ചിലർ കമിതാക്കളെ പോലെ പരസ്പരം കളി പറഞ്ഞു ചിരിക്കുന്നു, കൊഞ്ചുന്നു.. ശരിക്കും ഒരു മായാലോകം തന്നെ ആയിരുന്നു അത്.
അവൾ എന്നെയും കൊണ്ടെത്തിയത് അതി മനോഹരമായ ഒരു ആഡംബര മുറിയിലേക്കാണ്. എല്ലാ വിദ സൗകര്യങ്ങളും നിറഞ്ഞ ആ മുറിയിൽ അവൾ എനിക്ക് വിശ്രമകേന്ദ്രം ഒരുക്കുകയായിരുന്നു. " വിശ്രമിക്ക്, ഞാൻ പിന്നീട് വരാം..'' ആ ശബ്ദം എന്നെ വീണ്ടും ചിന്തകളിലാഴ്ത്തി. ഈ ശബ്ദം വർഷങ്ങൾക്കപ്പുറം എവിടെയോ കേട്ട് മറന്നതായിരിക്കുമോ..
" ഒന്ന് നിൽക്കു... ഞാൻ എവിടെയാണ്.. ആരാണ് നീ.. ഇതെന്ത് ലോകമാണിത്..?"
എന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞത് ഒരു ചിരിയോടെയാണ്. ആ ചിരിയിൽ ഒരു പരിഹാസം ഒളിപ്പിച്ചിരുന്നതായ് എനിക്ക് തോന്നി.
" ഇവിടെ വരുന്ന എല്ലാവരും ഇങ്ങനൊക്കെ തന്നെയാണ് കുട്ടുകാരാ.. ഞാനാരാണ് എന്നും നമ്മൾ തമ്മിലുള്ള ബന്ധവും മനസിലാവാൻ ഞാനൊരു കഥ നിനക്ക് പറഞ്ഞ് തരാം.. ഒരു പെണ്ണിന്റെ കഥ. അവളുടെ പ്രണയത്തിന്റെയും ത്യാഗത്തിന്റെയും കഥ.. മരണത്തിന് ശേഷവുമുള്ള കാത്തിരിപ്പിന്റെ കഥ."
"എന്ത് കഥ...?" എനിക്ക് ശരിക്കും ദേഷ്യമാണ് വന്നത്..
" ശ്രദ്ധിക്കൂ... കൂട്ടുകാരാ.. എന്റെ പേര് ഷെറിൻ .. ഈ പേര് നീ ഓർമയിൽ വച്ചോളൂ... കഥ തുടങ്ങുമ്പോൾ തുടക്കം മുതൽ പറയണം.. അവരുടെ പ്രണയത്തിന്റെ ജനനം മുതൽ.."

ഷെറിൻ പറഞ്ഞ കഥ
+2 കഴിഞ്ഞ് എന്ത് ചെയ്യും എന്നുള്ള ചിന്ത അവളെ കുറേ ആലോചിപ്പിച്ചു. കൂടെ പഠിച്ചവർ പലരും ഉപരിപഠനത്തിന് ചേർന്നു.. രോഗികളെ പരിചരിക്കാനുള്ള താല്പര്യമോ ആയുർവേദത്തിലെ താല്പര്യമോ ഒന്നുമല്ല അവളെ ആയുർവേദ നേഴ്സിംഗ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അതിന് മെറിറ്റിന്റ തൂക്കമോ, +2 വി ലെ മാർക്കിംഗ് ശതമാനമോ ഒന്നും ബാധകമല്ലായിരുന്നു എന്നതാണ്. അല്ലേൽ തന്നെ എന്ത് പഠിച്ചാലെന്ത്..? പഠിത്തം തീരുന്നതിന് മുന്നേ ആരേലും വന്ന് കെട്ടിക്കൊണ്ട് പോവും... പിന്നെയെന്ത്... രാവിലെ ഏറ്റപ്പോൾ തന്നെ തന്റെ ആഗ്രഹം അമ്മയോട് പറയാൻ അവൾ ഓടി... കേട്ടപ്പോൾ കുഴപ്പമില്ല എന്ന് തോന്നിയതിനാലാവണം അമ്മ അടുക്കളയിൽ നിന്ന് അച്ഛനെ വിളിച്ചത്..
"ഏയ് മനുഷ്യാ ഒന്നിങ്ങ് വന്നേ... "
"എന്താടി രാവിലെ തന്നെ.... " മാധവൻ ബ്രഷും വായിൽ തിരുകി അടുക്കളയിലേക്ക് കയറി വന്നു.
"അതേ... വാവക്ക് ആയുർവേദ നേർസിംഗ് പഠിച്ചാൽ മതിയെന്ന്.. " പേര് ദിവ്യ എന്നാണെങ്കിലും വീട്ടിൽ ഇളയ കുട്ടി എന്നുള്ള ലാളനയാണ് അവൾക്ക് ആ പേര് നൽകിയത്.
" കേട്ടിട്ട് കുഴപ്പമില്ലാന്ന് തോന്നുന്നു അല്യോടീ.. ആ ഏതായാലും ഞാനൊന്ന് അന്യോഷിക്കട്ടെ. ഫീസ് എങ്ങനാന്നൊക്കെ അറിയണ്ടായോ.. "
"ഫീസ് കുറവാച്ചാ... അവര് തന്നെ ജോലീം ആക്കിത്തരുമെന്നാ പറഞ്ഞേ.." ദിവ്യ ചാടിക്കയറി പറഞ്ഞു.
"എന്തായാലും ഞാനൊന്ന് അന്യോഷിക്കട്ടെ... " അതും പറഞ്ഞ് മാധവൻ പുറത്തേക്ക് പോയി..

ആലപ്പുഴയിലെ ഹരിപ്പാടാണ് ദിവ്യയുടെ കുടുംബം താമസിക്കുന്നത്. ഇടത് മുന്നണി സംവിദാനത്തിലെ ഒരു ചെറു കക്ഷിയുടെ നേതാവാണ് മാധവൻ. ഭാര്യ ജാനകി. മൂത്ത മകൾ ഗംഗ പഠനം കഴിഞ്ഞ് കല്യാണ ആലോചനയും ഒക്കെ ആയി അങ്ങനെ ഇരിക്കുന്നു.
പാർട്ടി യിലെ സ്വാദീനമുപയോഗിച്ച് മാധവൻ ഇടുക്കിയിലെ ഒരു പ്രശസ്ത ആയുർവേദ നേർസിംഗ് കോളേജിൽ ഒരു അഡ്മിഷൻ ഒപ്പിച്ചു. അങ്ങനെ ആലപ്പുഴക്കാരി ദിവ്യ ഇടുക്കിക്കാരിയായ് ചേക്കേറി.

പ്രകൃതിയോടിണങ്ങി പഠനത്തോടൊപ്പം കലയും സംസ്കാരവും നിലനിർത്തിയിരുന്ന ക്യാമ്പസായിരുന്നു അത്. പല പ്രായക്കാർ, പല വിദ്യാഭ്യാസ യോഗ്യതയുള്ളവർ അങ്ങനെ വ്യത്യസ്തമായ ബാച്ച് എല്ലാവരിലും പുതുമയുണർത്തിയിരുന്നു. കോളേജിലെ ആദ്യത്തെ ആഴ്ച അവൾക്ക് പെട്ടന്ന് കടന്ന് പോയതായ് തോന്നി. അപ്പോഴാണ് ആദ്യവാരത്തിലെ സന്തോഷം തല്ലിക്കെടുത്തിക്കൊണ്ട് ഒരു പരീക്ഷ അവരെ തേടിയെത്തിയത്. വിദ്യാർത്ഥികളുടെ പഠന നിലവാരം മനസിലാക്കുന്നതിനായ് ഒരാഴ്ചത്തെ ക്ലാസുകളിൽ പഠിപ്പിച്ച വിഷയങ്ങളിലാണ് പരീക്ഷ. ദിവ്യയുടെ ബാച്ചിൽ ആകെയുണ്ടായിരുന്നത് 47 വിദ്യാർത്ഥികളാണ്. 3 ആൺ കുട്ടികൾ മാറ്റി നിർത്തിയാൽ മുഴുവൻ പെൺപടയുടെ വാഴ്ചയാണ്. അതിൽ സാദാരണ ഒരു നാട്ടിൻ പുറത്ത് കാരിയിൽ നിന്ന് വ്യത്യസ്തമായ് സകല ജാഡകളുമായ് അവളവിടെ ആഘോഷിക്കുകയായിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. ക്ലാസ് പരീക്ഷയുടെ തലേ ദിവസം..
പതിവുപോലെ പെൺപടകളും കിളി പോയ മൂന്ന് ആൺ തരികളും ക്ലാസിൽ അവരുടെ സീറ്റുകളിൽ സ്ഥാനമുറപ്പിച്ചു. ആദ്യത്തെ കാലാംശം ഹ്യൂമൺ റിസോർസ് ആണ്. പഠിപ്പിക്കുന്നത് കോളേജിന്റെ എം.ഡി കൂടിയായ വരുൺ സാർ ആണ്. സാർ ക്ലാസിൽ വന്നാൽ പിന്നെ എല്ലാവരും നിശബ്ദരാവും.. മൊട്ട് സൂചി വീണാൽ പോലും അതെവിടെ നിന്നാണ് എന്ന് ചോദിക്കുന്ന അദ്യാപകൻ എല്ലാ ക്യാമ്പസുകളിലും ഉണ്ടാവുമല്ലോ.. ഇന്നും അദ്ദേഹം കയറി വന്നപ്പോൾ തന്നെ കരണ്ട് പോയ ഫാൻ പോലെ എല്ലാവരും നിശബ്ദരായ്. വരുൺ സാർ അദ്ദേഹത്തിന്റെ ടേബിളിൽ ബുക്കും തന്റെ കണ്ണടയും എടുത്ത് വച്ചു. ശേഷം ഒരു ചെറുപുഞ്ചിരിയോടെ വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞു.
" ഇന്ന് നിങ്ങൾക്ക് ഒരു സന്തോഷ വാർത്ത അറിയിക്കാൻ ആഗ്രഹിക്കുകയാണ്. പ്രത്യേകിച്ച് നമ്മുടെ ആൺകുട്ടികൾക്ക്.. " എല്ലാവരും ആകാംഷയോടെ വരുൺ സാറിന്റെ മുഖത്തേക്ക് നോക്കി.
" ഇന്ന് നമ്മുടെ ബാച്ചിലേക്ക് പുതിയ തായ് ഇരുപത്തിയേഴ് കുട്ടികൾ കൂടെ ജോയ്ൻ ചെയ്യുകയാണ്. അവരുടെ പ്രത്യേകത എല്ലാവരും ഒരു ജില്ലയിൽ നിന്നുള്ളവരാണ് എന്നുള്ളതാണ്. മാത്രമല്ല ഇരുപത്തിയാറ് ആൺ കുട്ടികളും ഒരു പെൺകുട്ടിയുമാണ് "
അത് കേട്ടപ്പോഴേക്കും പെൺപടക്ക് മുമ്പിൽ പെട്ട് പോയ മൂന്ന് ആൺ തരികളും കൈയടിച്ചു. പെൺകുട്ടികളിൽ ചിലർ ചിരിച്ചു. ചിലർ അടക്കം പറഞ്ഞു. മറ്റു ചിലർ അവരോടൊപ്പം കൈയടിക്കാൻ കൂടി..
" നമുക്കെല്ലാവർക്കും കണ്ണൂർ ജില്ലയിൽ നിന്നും ആയുർവേദ മെഡിക്കൽ കോളേജിന്റെ പടി കയറി വന്ന പുതിയ സുഹൃത്തുക്കൾക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യാം.. " വരുൺ സാർ പറഞ്ഞു കൊണ്ട് വാതിൽക്കലേക്ക് കൈ ചൂണ്ടി. എല്ലാവരും വാതിൽക്കലേക്ക് നോക്കി.
മുന്നിൽ സുന്ദരിയായ ഒരു പെൺകുട്ടിയും ഒപ്പം ചുറുചുറുക്കോടെ ആൺ പടയും കൈയ്യടി ശബ്ദങ്ങൾക്കൊപ്പം ഉള്ളിലേക്ക് കയറി വന്നു. അവർ ഫ്രീയായ് കിടന്നിരുന്ന ബാക്ക്ബെഞ്ചുകളിൽ സ്ഥാനം പിടിച്ചു.
" ഡിയർ ഫ്രണ്ട്സ്, സമയം കിട്ടുന്നതിനനുസരിച്ച് എല്ലാവരും പരിചയപ്പെടുക.. പിന്നെ പുതിയ കുട്ടികളോട്, നാളെ നമ്മുടെ ബാച്ചിന്റെ ക്ലാസ്സ് ടെസ്റ്റ് ഉണ്ട്. ഇവരോട് പരിചയപ്പെട്ട് ഒരാഴ്ചത്തെ വിഷയങ്ങൾ എഴുതിയെടുക്കണം.. നിങ്ങൾക്ക് ഒരു കൺസിഡറേഷൻ തരുകയാണ്. പരീക്ഷയിൽ മാർക്ക് കുറഞ്ഞാലും യാതൊരു പ്രശ്നവുമില്ല.. അത് കൊണ്ട് എഴുതാതിരിക്കരുത്.."
"സാർ.. ഒരു മിനിട്ട്..." എണീറ്റ് നിന്ന ആ ചെറിയ പയ്യന്റെ മുഖത്തേക്ക് എല്ലാവരും നോക്കി.
" ഉം പറയു... " വരുൺ സാർ അവന് നേരെ തിരിഞ്ഞു.
"സാർ എന്റെ പേര് കൃഷ്ണ ... ഞങ്ങൾ എല്ലാവരും പരസ്പരം അറിയുന്നവരാണ്. ഞങ്ങൾക്ക് പ്രത്യേകിച്ച് ഞങ്ങൾക്ക് ഒരു കൺസിഡറേഷനും വേണ്ട സാർ.. ഞങ്ങൾ ടെസ്റ്റ് എഴുതിക്കോള്ളാം.. " അവന്റെ ശബ്ദം കേട്ട് വരുൺ സാർ ഒന്നു ചിരിച്ചിട്ട് ക്ലാസ്സ് തുടർന്നു..
ഇവനാരാട എന്ന ഭാവത്തോടെ പെൺ പടയും തങ്ങൾക്കൊരു നായകനെ കിട്ടിയ ഭാവത്താൽ ആ മൂന്ന് ആൺ തരികളും അവനെ നോക്കി..

കൃഷ്ണ, അന്ന് മുതൽ അവൻ അവിടെ ഹീറോ തന്നെയായിരുന്നു.. അവനും കൂട്ടുകാരും അവിടെ എല്ലാവരുമായും പരിചയപ്പെട്ടു. അവര് ഒര് ഗ്യാങ്ങായ് മാറിയിരുന്നു. ഒരേ സ്ഥലത്ത് നിന്നും എത്തപ്പെട്ട കുറച്ചു പേരുടെ ഗ്യാങ്ങ്. ക്ലാസ്സ് ടെസ്റ്റിനായ് ഒരാഴ്ചത്തെ വിഷയങ്ങൾ അവർ അതിവേഗം പഠിച്ചു. ടെസ്റ്റിൽ ഭേദപ്പെട്ട മാർക്കും കരസ്ഥമാക്കി, ഇത് അദ്യാപകരെയും വിദ്യാർത്ഥികൾക്കും അവരെ പ്രീയങ്കരരാക്കി. എന്നാൽ നല്ല കുട്ടികൾ എന്ന വാക്ക് ഒരാഴ്ചയിൽ കൂടുതൽ മറ്റുള്ളവരെ കൊണ്ട് പറയിക്കാൻ അവര് സമ്മതിച്ചില്ല. പ്രായത്തിന്റെ കുസൃതികൾ അവരെ വികൃതിക്കുട്ടികളാക്കി മാറ്റി.
ദിവ്യ യുടെ കോളേജിലെ ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരി ആയിരുന്നു ലക്ഷ്മി. പെൺകുട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നു ദിവ്യ. അവളുടെ കുട്ടിത്തം എല്ലാവർക്കും നന്നേ ഇഷ്ടപ്പെട്ടിരുന്നു. കൃഷ്ണ യെ കണ്ടപ്പോൾ മുതൽ അവനെ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് ദിവ്യ. മനസിൽ ചെറിയൊരു ചാഞ്ചാട്ടം ഉണ്ടാകുന്നു എന്ന് തോന്നിയപ്പോൾ തന്നെ അവൾ ലക്ഷ്മിയോടത് സൂചിപ്പിക്കുകയും ചെയ്തു.
"നിനക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് പറയാടീ... " എന്ന് പറഞ്ഞ് ചിരിക്കുക മാത്രമാണ് ലക്ഷ്മി അപ്പോൾ ചെയ്തത്..
" ഒന്ന് പോ ചേച്ചീ,,,, " അവളത് പറയുമ്പോൾ അവനോട് തനിക്കിഷ്ടമാണെന്ന് പറഞ്ഞാൽ കൊള്ളാമെന്ന് അവൾക്കുണ്ടായിരുന്നു.
കൃഷ്ണയാണേങ്കിൽ പെൺകുട്ടി കളെ തീരെ ശ്രദ്ധിക്കുന്നതായ് തോന്നുന്നുമില്ല. അകെ അവൻ മിണ്ടുന്നതും ഒരുമിച്ച് നടക്കുന്നതും ഒക്കെ അവരുടെ കൂടെ വന്ന ആ പെൺകുട്ടിക്കൊപ്പം മാത്രമാണ്..
ഇനി അവർ തമ്മിൽ എന്തെങ്കിലും.... ഒരോ ദിവസം കാണുമ്പോഴും അവൾക്ക് അവനോട് ഇഷ്ടം കൂടി വരുന്നതായ് തോന്നി. രണ്ടുവട്ടം അവനോട് എനിക്ക് തന്നെ ഇഷ്ടമാണടോ എന്ന് പറയാൻ അവൾ പോയതുമാണ്. പക്ഷെ അപ്പോഴേല്ലാം അവളും അവനൊപ്പം കാണും..
അവസാനം ലക്ഷ്മി ദിവ്യയോട് ഒരു കാര്യം പറഞ്ഞു..
" അവളുടെ പേര് ഷെറിൻ എന്നാണ്.. നീ അവളുമായ് ഒന്ന് കമ്പനിയാവ്... അപ്പോ നിനക്ക് അവര് തമ്മിൽ എന്താണ് എന്ന് അറിയാൻ കഴിയും..''
അതു കൊള്ളാമെന്ന് ദിവ്യക്കും തോന്നി.
പിറ്റേന്ന് ക്ലാസ് റൂമിലേക്ക് പതിവിലും നേരത്തെ ദിവ്യ എത്തി. ഒന്ന് രണ്ട് പേരൊഴികെ ബാക്കിയാരും ക്ലാസിൽ എത്തിച്ചേർന്നിട്ടില്ല.. പെട്ടന്നാണ് ഷെറിൻ അങ്ങോട്ട് കയറി വന്നത്.. ആൺ പടകൾക്ക് നടുവിൽ മാത്രം കണ്ടിരുന്ന അവൾ ഇന്ന് തനിച്ചാണ് . അവളോട് പോയ് സംസാരിക്കാൻ ദിവ്യ തീരുമാനിച്ചു. എന്നാൽ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഷെറിൻ നടന്നടുത്തത് അവൾക്കരികിലേക്കാണ്.
"ഹായ് ദിവ്യക്കുട്ടീ... ഗുഡ് മോർണിംഗ്.."
ഗുഡ് മോർണിംഗ് – ദിവ്യ മറുപടി നൽകി.
" അതേ താനൊന്ന് എഴുനേറ്റെ തന്നോട് ഒരാൾക്ക് ഒന്ന് സംസാരിക്കണമെന്ന്.. "
ആരാ.... – അവളുടെ ചോദ്യത്തിൽ ആകാംഷ നിറഞ്ഞിരുന്നു.
"ഹാ... താനൊന്ന് വാടോ.." ഷെറിൻ അവളെയും കൊണ്ട് പുറത്തേക്കിറങ്ങി. നിറങ്ങൾ ചാലിച്ച പരവതാനി പോലെ ഗുൽമോഹർ തന്റെ പൂക്കളെ കൊണ്ട് നിലമൊരുക്കിയിരിക്കുന്നു. ക്യാമ്പസിന്റെ അതിർവരമ്പിനനപ്പുറത്ത് നിന്നും ഏല ചെടികളികളിൽ തട്ടിയകലുന്ന കാറ്റ് അവരുടെ മുടിയിഴകളിൽ താളം പിടിച്ചു.
വരിവരിയായ് നിലകൊള്ളുന്ന വാകമരങ്ങളിലൊന്നിന്റെ ചോട്ടിലേക്ക് ഷെറിൻ വിരൽ ചൂണ്ടി.. രണ്ടു ആൺകുട്ടികൾ അവിടെ നിൽക്കുന്നത് ദിവ്യ കണ്ടു.. അതിൽ ഒരാളുടെ മുഖം അവളിൽ സന്തോഷവും അമ്പരപ്പും നിറച്ചു..
"ഷെറിൻ... അത്.. കൃഷ്ണയല്ലേ.. "
അതെ, അവൻ പറഞ്ഞിട്ടാണ് നിന്നെ ഞാൻ വിളിച്ചത്.. – ഷെറിന്റെ മറുപടി അവളെ അത്ഭുതപ്പെടുത്തി.
അവർ കൃഷ്ണയുടെ അടുത്തേക്ക് നടന്നെത്തി.
"എട... ജിജോ, നമുക്ക് മാറി നിൽക്കാം.. അവൻ കാര്യം പറയട്ടെ..."
" അതു ശരിയാ, കൃഷ്ണാ ഞങ്ങൾ അപ്പുറയുണ്ടേ... ഷെറിനേ വാ.. " അവൻ ഷെറിനൊപ്പം മറ്റൊരു മരത്തിന്റെ കീഴിലേക്ക് മാറി.
എത്രയോ പേരുടെ പ്രണയവും സ്വപ്നവും പുത്തതും തളിർത്തതും ഈ മര ചോടുകളിൽ നിന്നായിരിക്കും.. താൻ പറയാൻ കൊതിച്ചത് അവനായ് പറഞ്ഞു തുടങ്ങുമോ.. ദിവ്യ ഓരോന്ന് ചിന്തിച്ച് കൊണ്ടിരുന്നു.
"എന്താ പറയാനുണ്ടെന്ന് പറഞ്ഞത്.. " ദിവ്യയുടെ ചോദ്യം കേട്ടാണ് കൃഷ്ണ അവളുടെ മുഖത്തേക്ക് നോക്കിയത്.
" ദിവ്യ.. അത് പിന്നെ എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്.. " അവന്റെ പരിഭ്രമം അവൻ പറയുന്നത് താൻ ആഗ്രഹിച്ചത് തന്നെയെന്ന് അവൾ കണക്ക് കൂട്ടി..
"എന്താണ്... പറയു... "
ദിവ്യ... ഇത് വേറെ ആരോടും പറയരുത്.. പറ്റില്ലെങ്കിൽ മറന്നേക്കണം – കൃഷ്ണ തുടർന്നു..
ഉം... – ദിവ്യ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ നെഞ്ച് പെരുമ്പറ കണക്കെ മിടിച്ചു കൊണ്ടിരുന്നു.

" ദിവ്യ അറിയാലോ.. ഞങ്ങളെല്ലാവരും ഒരേ നാട്ടുകാരാണ്. മാത്രവുമല്ല ഞങ്ങൾ നേരത്തെ തന്നെ നല്ല സുഹൃത്തുക്കളുമാണ്. അതു കൊണ്ടാണ് ഞങ്ങളെല്ലാവരും ഒരുമിച്ച് നടക്കുന്നതും.. അല്ലാതെ നിങ്ങളെയൊന്നും അവഗണിക്കുന്നതല്ല കേട്ടോ.. "

താൻ ബോറടിപ്പിക്കാതെ കാര്യം പറയടോ.. - ദിവ്യ ഇടയിൽ കയറി പറഞ്ഞു..
"അല്ല ... വേറൊന്നുമല്ല.. എന്റെ കൂടെ ഇപ്പം ഇവിടെ ഉണ്ടായിരുന്നവനില്ലേ.. "
" ആ ജിജോ. തന്റെ ഫ്രണ്ട് .. അതിന്.."
അല്ല... അവന് ഒരു ഇഷ്ടം ഉണ്ട് , അതിനെക്കുറിച്ച് പറയാനാണ്.. – കൃഷ്ണയുടെ ശബ്ദം ദിവ്യയുടെ ഉള്ളിൽ ആദി കൂട്ടി.. ആ കോന്തന് തന്നെ ഇഷ്ടമാണെന്നാണോ ഇവൻ പറഞ്ഞ് വരുന്നത്..
" ആരോട് എന്നോടോ.." അവളുടെ ശബ്ദം പതിഞ്ഞിരുന്നു.
"ഏയ്.. തന്നോടല്ല.. പേടിക്കണ്ട..." കൃഷ്ണ ചിരിച്ചു.
" പിന്നെ.. " ദിവ്യക്ക് അപ്പോഴാണ് മനസമാദാനമായത്.
തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയില്ലേ... ലക്ഷ്മി.... അവളെ അവന് എന്തോ ഭയങ്കര ഇഷ്ടമാണ്. താൻ ഇതൊന്ന് അവളെ അറിയിക്കണം.. വെറുതെ വേണ്ടടോ.. തനിക്ക് ചിലവ് ചെയ്യാടോ..." കൃഷ്ണ പറഞ്ഞു..
" ചിലവ് എന്ത് ചെയ്യും..."
" വൈകുന്നേരം ജോൺസൺസ് റെസ്റ്റോറന്റി ൽ നിന്ന് ബിരിയാണി.. " കൃഷ്ണ മറുപടി പറഞ്ഞു.
"ആ എന്നാൽ ഞാൻ പറഞ്ഞ് നോക്കാം... "
മതി... അതുമതി... ബാക്കി ഞങ്ങൾ നോക്കിക്കോളാം...
" ആ.. എന്നാൽ ഞാൻ പോകുവാ..." അതും പറഞ്ഞ് ദിവ്യ ക്ലാസ് റൂമിലേക്ക് തിരിച്ച് നടന്നു..
അവൾ പോയത് കണ്ടതും ജിജോയും ഷെറിനും അവന് അരികിലേക്ക് ഓടിയെത്തി.
" എന്തായ് അളിയാ നടക്കുമോ.. " ജിജോ യുടെ മുഖത്ത് ഉത്കണ്ട നിറഞ്ഞിരുന്നു.
" ആ അവൾ ഏറ്റിട്ടുണ്ട് മോനേ... " കൃഷ്ണയുടെ മറുപടി കേട്ട് ജിജോ തുള്ളിച്ചാടി..
" ആ അങ്ങനെ വൈകാതെ ജിജോയുടെ മാവും പൂക്കും " ഷെറിൻ ചിരിച്ചു കൊണ്ട് കൃഷ്ണയുടെ തോളിൽ കൈയുംവെച്ച് ചാരി നിന്നു.. "
" ഒന്ന് പോടി ... നീ പൊളിയാണ് അളിയാ.. " ജിജോ കൃഷ്ണയെ കെട്ടിപ്പിടിച്ചു..
കീശയിൽ പൈസയുണ്ടല്ലോ.. അല്ലെ. വൈകിട്ടൊരു ബിരിയാണി വാങ്ങണ്ടവരും.. - കൃഷ്ണചിരിച്ചു കൊണ്ട് പറഞ്ഞു..
" ഒന്നോ... അപ്പോ എനിക്കോ..." ഷെറിൻ ജിജോ യുടെ മുഖത്തേക്ക് നോക്കി..
" ആ നിനക്കും ഉണ്ട്.. എന്റെ ആവിശ്യമായി പോയില്ലേ.. വാ ക്ലാസിലോട്ട് പോവാം.. "
അവർ ചിരിച്ചു കൊണ്ട് ക്ലാസ് മുറിയിലേക്ക് നടന്നു..
__

ക്ലാസ് മുറിയിലെത്തിയിട്ടും ജിജോക്ക് ഒരു മനസമാദാനവുമില്ലായിരുന്നു.. ലക്ഷ്മിയുടെ മറുപടി എന്താവും.. അവൻ കൃഷ്ണക്ക് അരികിലേക്ക് നീങ്ങിയിരുന്നു..
"അളിയാ... ഇനി അവള് നോ എന്നങ്ങാനും പറയുമോ.. "
ഏയ് അങ്ങനൊന്നുമുണ്ടാവില്ല.. – കൃഷ്ണ ജിജോയെ സമാദാനിപ്പിച്ചു.
ഉച്ചക്ക് ഭക്ഷണവും കഴിച്ച് വിശ്രമിക്കുമ്പോഴാണ് ദിവ്യയുടെ വരവ്..
അവളുടെ വരവ് കണ്ടതേ ജിജോയുടെ നെഞ്ച് പെരുമ്പറ കൊട്ടാൻ തുടങ്ങി.
"അളിയാ.. അവള് വരുന്നുണ്ട്.. " അപ്പോഴാണ് കൃഷ്ണയും ഷെറിനും അവളെ ശ്രദ്ധിച്ചത് തന്നെ.
ഒന്നടങ്ങിയിരിക്കട.. അവന്റെ ഒരു പേടി... - ഷെറിൻ അതും പറഞ്ഞ് ചിരിച്ചു.
ദിവ്യ അവർക്കരുകിലേക്ക് നടന്നടുത്തു.
" ദിവ്യ... അവളെന്ത് പറഞ്ഞു... " കൃഷ്ണയാണ് ചോദിച്ചത്.
ഇവനൊക്കെ എന്ത് ആണാണ് , ഒരു കാര്യം നേരിട്ട് പറയാൻ പോലും ബ്രോക്കറിന്റെ സഹായം വേണോ.. എന്ന് പറഞ്ഞു.. – ദിവ്യയുടെ മറുപടി കേട്ട് ജിജോയുടെ ഗ്യാസ് പോയി...
" അവളാണ് പെണ്ണ്.. " - അതും പറഞ്ഞ് ഷെറിൻ കൈയ്യടിച്ചു.
" അവൾ പിന്നെന്ത് പറഞ്ഞു... " കൃഷ്ണ ചിരിച്ച് കൊണ്ടാണ് പറഞ്ഞത്.
" ആണുങ്ങളുടെ വില കളയാതെ എന്തേലും പറയാനുണ്ടേൽ നേരിട്ട് വന്ന് പറയാനും പറഞ്ഞു.. "
" അതു കലക്കി... അവളാള് കൊള്ളാല്ലോ ജിജോ..." കൃഷ്ണ ക്ക് ചിരി അടക്കാനായില്ല..
" നീയും കളിയാക്കട പന്നീ.. ആണിന്റെ വിലയെന്നാന്ന് ഞാൻ കാണിച്ചു കൊടുക്കാം.. " ജിജോയുടെ മുഖം സങ്കടവും ദേഷ്യവും കൊണ്ട് ചുവന്നിരുന്നു..
" ഇവന്റെ ദേഷ്യം പിടിച്ച മുഖം കാണാൻ നല്ല രസമുണ്ട് അല്ലേട.." ഷെറിൻ ഒന്ന് ജിജോയെ തോണ്ടി..
"നിർത്തെടി... ചുമ്മാ, അവനെ ടെൻഷനടിപ്പിക്കാതെ.. " കൃഷ്ണ ഷെറിന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.... അത് കണ്ട് മുഖം ചുവന്നത് കൃഷ്ണയുടെയാണ്.
" ഒന്ന് നിർത്തുന്നുണ്ടോ... എന്റെ ചിലവ് എപ്പഴ.. " ദിവ്യ ഇടയിൽ കയറി പറഞ്ഞു..
" ഓ... അതിനടിയിൽ അവളുടെ ഒരു വീണ വായന.. നിനക്ക് വാങ്ങി തരാടി പെണ്ണേ.. "
കൃഷ്ണ അല്പം ഗൗരവത്തോടെ തന്നെ പറഞ്ഞു. അതിന് ശേഷം ജിജോ യുടെ നെരെ തിരിഞ്ഞു..
" വാട... എന്റെ കൂടെ... " അതും പറഞ്ഞ് കൃഷ്ണ ജിജോ യെയും പിടിച്ച് മുന്നോട്ട് നടന്നു. പുറകെ ഷെറിനും ദിവ്യയും കൂടി.
ആ നടത്തം ചെന്ന് നിന്നത് അവരുടെ ക്ലാസിന്റെ മുന്നിലാണ്. ലക്ഷ്മി ക്ലാസിൽ തന്നെയുണ്ട്. എന്തോ തിരക്കിട്ട് എഴുതുകയാണ്. കൃഷ്ണ ജിജോ യുടെ കയ്യും പിടിച്ച് അവളുടെ മുന്നിലേക്ക് വന്ന് നിന്നു..
" നീയാരെന്നാടി നിന്റെ വിചാരം..? " ലക്ഷ്മി തലയുയർത്തി.
"എന്താ കൃഷ്ണാ... "
" എടീ.. കൊച്ചേ.. ഈ ആൺ പിള്ളേര് പെണ്ണുങ്ങളോട് ഇഷ്ടം തോന്നിയാൽ കൂട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നത് എന്താണെന്നറിയാമോ.. അതവർക്ക് നേരിട്ട് പറയാനുള്ള ചങ്കൂറ്റം ഇല്ലാത്തത് കൊണ്ടല്ല. താൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയുടെ വായിൽ നിന്ന് തന്നെ ഇഷ്ടമല്ല എന്ന് കേൾക്കാതിരിക്കാൻ വേണ്ടിയാണ്.. " കൃഷ്ണ യുടെ മറുപടി കേട്ട് ലക്ഷ്മി പതിയെ എഴുന്നേറ്റു..
"നിനക്ക് ഇവന്റെ വായിൽ നിന്ന് തന്നെ കേൾക്കണം എന്നല്ലെ പറഞ്ഞത്.. എന്നാ അതങ്ങ് പറഞ്ഞേക്കട ജിജോ.. "
ജിജോ കൃഷ്ണയുടെ മുമ്പിലേക്ക് കയറി നിന്നു..
" ജിജോ നമുക്ക് പുറത്തേക്ക് നിൽക്കാം പ്ലീസ്.. " ലക്ഷ്മി ശബ്ദം താഴ്ത്തി പറഞ്ഞു..
ഓ.. തമ്പുരാട്ടിക്കുട്ടിക്ക് നാണക്കേടായോ.. – ജിജോ ചുണ്ട് കോട്ടി..
" ജീജോ... പ്ലീസ്.." –
" ശരി , വാ.... " – ജിജോ അതും പറഞ്ഞ് പുറത്തേക്ക് നടന്നു. പുറകേ എഴുതിക്കൊണ്ടിരുന്ന ബുക്കും കൈയിലെടുത്ത് ലക്ഷ്മിയും..
" വാടോ.. താൻ അവരുടെ ഹംസം ആയിരുന്നില്ലേ.. നമുക്ക് അങ്ങോട്ട് മാറി നിൽക്കാം.. അവര് സംസാരിക്കട്ടെ..." കൃഷ്ണ ദിവ്യയെ നോക്കി പറഞ്ഞു.. അവരും പതിയെ ക്ലാസിന് പുറത്തേക്ക് ഇറങ്ങി..
" അങ്ങനെ ആ കാര്യം ഓക്കെയായി.. " അതു പറയുമ്പോൾ കൃഷ്ണയുടെ മുഖത്ത് ഒരു കള്ള ചിരി ഉള്ളതായ് ദിവ്യക്ക് തോന്നി.

ജിജോയും ലക്ഷ്മിയും നടന്ന് എത്തിയത് വാകമര ചുവട്ടിലേക്കാണ്. വാകമരത്തിന്റെ വണ്ണമൊത്ത തടിയിന്മേൽ അവൾ ചാരി നിന്നു.
" ഉം.. ഇവിടെങ്ങും ആരുമില്ല, ഇനി പറ"
" ജിജോ.. എനിക്ക് നിന്നെ ഇഷ്ടം ഒക്കെ തന്നെയാണ്.. പക്ഷെ നമ്മൾ തമ്മിൽ ഒരിക്കലും അത് ശരിയാവില്ലടോ.. "
"അതെന്താണ് ശരിയാകുമില്ലാത്തത്. തനിക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ തുറന്ന് പറ.. ഈ വളച്ചുകെട്ടലിന്റെ അവിശ്വമൊന്നുമില്ല.. " ജിജോക്ക് ചെറിയൊരു ദേഷ്യം വരാതിരുന്നില്ല..
"ജിജോ.. ഞാൻ നീ ഉദ്ദേശിക്കുന്നത് പോലൊരു പെണ്ണല്ല, ...."
"അതെന്താ,,, നീ പെണ്ണല്ലേ..."
"ജിജോ... പ്ലീസ്.. എന്റെ വിവാഹം അതൊരിക്കൽ കഴിഞ്ഞതാണ്.. " – ലക്ഷ്മിയുടെ മറുപടി കേട്ട് അവന് ഭൂമി പിളർന്ന് താഴ്ന്നു പോന്നതായ് തോന്നി. തന്റെ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നിരിക്കുന്നു..
" ലക്ഷ്മീ... നീ എന്താ ഈ പറയുന്നത്, എന്നെ ഒഴുവാക്കാൻ വേണ്ടിയാണോ ഇങ്ങനൊക്കെ..?"
"അല്ല, ജിജോ.. സത്യമാണ്. പ്ലസ് ടു കഴിഞ്ഞ് തുടർ പടനത്തിന് തയാറെടുക്കുമ്പോഴാണ് എനിക്ക് ആലോചന വരുന്നത്. നമ്മുടെ നാട്ടിലുള്ള പയ്യൻ തന്നെയായിരിന്നു. കണ്ടപ്പോൾ എനിക്കും കുഴപ്പമില്ലാ എന്ന് തോന്നി. നല്ല ജോലിയുമുണ്ട്. കല്യാണമൊക്കെ പെട്ടന്ന് തന്നെ നടന്നു. അടിമാലിക്കടുത്തുള്ള ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു. പക്ഷെ......." ലക്ഷ്മി അപ്പോഴേക്കും കരഞ്ഞ് തുടങ്ങിയിരുന്നു.
" എടി, നീ കരയാതെ.. ആരേലും കാണും.. " ജിജോ ചുറ്റിനും നോക്കി.
" കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആ ആക്സിഡന്റ് ഉണ്ടായത്.. ചരക്ക് കയറ്റിവന്ന ഏതോ ഒരു ലോറി, അയാൾ ഉറങ്ങി പോയതാണ് എന്ന് അരോ പിന്നീട് പറഞ്ഞു, ശരിയായിരിക്കും പക്ഷെ എന്റെ അഭിജിത്ത്.. ഒൻപത് ദിവസം ഹോസ്പിറ്റലിൽ കിടന്ന് നരകിച്ച് അവൻ പോയി...'' അവളുടെ കരച്ചിലിന് ശക്തി കൂടിയിരുന്നു.
ജിജോ ക്ക് ഒരു നിമിഷത്തേക്ക് എന്ത് പറയണം എന്നറിയാതെ നിന്ന് പോയി . അവൻ പതിയെ അവൾക്കരുകിലേക്ക് നീങ്ങി നിന്നു.
" ലക്ഷ്മീ.. നമ്മുടെ ജീവിതത്തിൽ ഒരു പാട് ദു:ഖങ്ങളും സന്തോഷങ്ങളും മാറി വരും, ദുഃഖത്തിന് കാരണമായത് മാത്രം ചിന്തിച്ചാൽ പിന്നീട് എന്നും നിനക്ക് അതിന് മാത്രമേ സമയം ഉണ്ടാകൂ.. അത് കൊണ്ട് നമ്മൾ പഴയത് ഒർത്ത് കരയരുത്..."
ലക്ഷ്മി മിണ്ടാതെ തല കുനിച്ച് നില്ക്കുക മാത്രമാണ് ചെയ്തത്. ജിജോ അവളുടെ ചുമലിൽ കൈകൾ വച്ചു.
" നീ അഭിജിത്തിനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് ഈ കണ്ണിൽ നിന്നും മനസിലാവും.. അവൻ നിനക്ക് എത്രത്തോളമായിരുന്നു എന്നൊന്നും എനിക്കറിയില്ല..
പക്ഷെ എന്റെ ഹൃദയം നിലയ്ക്കുന്നവരെ ഞാൻ നിന്നെ സ്നേഹിക്കും.. എന്റെ കൈകൾ കരുത്തുള്ള വരെ നിന്നെ ഞാൻ സംരക്ഷിക്കും... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണടോ.."
അവൻ പറഞ്ഞു തീർത്തതും ലക്ഷ്മി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതും ഒരുമിച്ചായിരുന്നു.
ഒരു പ്രണയത്തിനും കൂടി തണലൊരുക്കിയ സന്തോഷത്തിൽ വാകമരം പൂത്തുലഞ്ഞ് നിന്നു.


അന്ന് വൈകുന്നേരം ജോൺസൺസ് റെസ്റ്റോറന്റിൽ അവരെല്ലാം ഒത്ത് കൂടി.. ജിജോ യുടെ പ്രേമാഭിലാഷത്തിന്റെ സന്തോഷം ബിരിയാണിയുടെ രൂപത്തിൽ ടേബിളിൽ നിറഞ്ഞു. കുട്ടിത്തം മാറാത്ത കുസൃതികളുമായ് ദിവ്യയും തമാശ പറഞ്ഞ് ഷെറിനും എല്ലാവർക്കുമൊപ്പം കൃഷ്ണയും ആ പാർട്ടി ഗംഭീരമാക്കി. അങ്ങനെ അവരുടെ ഗ്യാങ്ങിൽ ദിവ്യയും പതിയെ ഒരു അംഗമായ് മാറി.
ദിവ്യ പലപ്പോഴും തന്റെ ആഗ്രഹം പറയാൻ ശ്രമിച്ചെങ്കിലും കൃഷ്ണ യെ സ്വകാര്യമായ് കിട്ടിയില്ല എന്നതാണ് വാസ്തവം. അവന്റെ മുന്നിൽ ഒറ്റക്കെത്തിയാൽ പറയാൻ പേടിയും വലിയ പ്രശ്നമായ്. ഇടയ്ക്കെപ്പോഴോ അവൾ ലക്ഷ്മിയെ കൊണ്ട് അവന് ഒരു സൂചന നൽകി. പക്ഷെ അവനത് ചിരിച്ച് തള്ളുകയാണ് ചെയ്തത്. പിന്നീട് തന്നോട് സംസാരിക്കുമ്പോഴും അങ്ങനെ ഒരു സംഭവം അറിഞ്ഞതായ് ഒരു ഭാവവും കൃഷ്ണയുടെ മുഖത്തുണ്ടായിരുന്നില്ല. അതവളെ കൂടുതൽ നിരാശയാക്കി. ദിവ്യ വളരെ പെട്ടന്ന് തന്നെ എല്ലാവർക്കും പ്രീയപ്പെട്ടവളായ് മാറിയിരുന്നു. കുട്ടിത്തം മാറാത്ത കുസൃതികൾ അവളെ ഗ്യാങ്ങിന്റെ കേന്ദ്രമാക്കി മാറ്റി.

ദിവസങ്ങളും മാസങ്ങളും പിന്നിട്ടു.- കോളേജ് ദിവസങ്ങളുടെ ആരവങ്ങളെല്ലാം അവസാനിച്ച ആ ദിവസവും വന്നെത്തി... . ദിവ്യയും ലക്ഷ്മിയും അവസാന നിമിഷങ്ങളില ഒരിറ്റ് സന്തോഷവും ആസ്വദിച്ച തീർക്കുവാനുള്ള തയ്യാറെടുപ്പിലാണ്..
വിദ്യാർത്ഥികളുടെ പാട്ടും ഡാൻസും മാർഷൽ ആർട്സും അങ്ങനെ അന്നത്തെ ദിവസം വളരെ പെട്ടന്ന് തന്നെ അവസാനിച്ചു.. തന്റെ പ്രണയം ഇന്നെങ്കിലും തുറന്ന് പറയണം എന്ന് വിചാരിച്ചതാണ് ദിവ്യ. പക്ഷെ ആ തിരക്കിനിടയിൽ അതൊന്നും സാധ്യമല്ലായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ തന്റെ മക്കളെ കൂട്ടിക്കൊണ്ടു പോകുവാൻ എല്ലാവരുടെയും വീടുകളിൽ നിന്ന് ആളെത്തി തുടങ്ങി, പ്രത്യേകിച്ച് പെൺകുട്ടികളുടെ..

എല്ലാവരോടും യാത്ര പറയുന്ന തിരക്കിലായിരുന്നു കൃഷ്ണ. ഷെറിനും അവനോടൊപ്പം ഉണ്ട്. ലക്ഷ്മിയും ജിജോയും തങ്ങളുടെ ഭാവി കാര്യങ്ങളെപ്പറ്റി അവസാന നിമിഷത്തിലും തിരക്കിട്ട ചർച്ചയിലാണ്. ദിവ്യ ഇതെല്ലാം നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്. അവൾക്ക് ആകെ നിരാശ ആയിരുന്നു.
എല്ലാവരോടും യാത്ര പറഞ്ഞെങ്കിലും കൃഷ്ണ ദിവ്യ യോട് മാത്രം ഒന്നും പറഞ്ഞില്ല.. അവൾ നിന്നിരുന്ന ഭാഗമേ അവൻ ശ്രദ്ധിച്ചില്ല എന്ന് തോന്നി. കൃഷ്ണ നേരെ പോയത് ഡോർമിറ്ററി റൂമിലേക്കാണ്. അവന്റെ വസ്ത്രങ്ങളും ബുക്കുകളും അവിടെ കൂടി കുഴഞ്ഞ് അലങ്കോലമായിട്ടാണ് കിടപ്പ്. അവൻ പെട്ടന്ന് തന്നെ അതെല്ലാം വാരിവലിച്ച് തന്റെ ബാഗിനുള്ളിലാക്കി. അവൻ ബാഗുമെടുത്ത് പുറത്തിറങ്ങിയതും ഷെറിൻ അവനെ കാത്ത് പുറത്ത് നിൽപുണ്ടായിരുന്നു.
"എന്താടാ.. ആരും കാണാതെ മുങ്ങാനുള്ള പരിപാടിയാണോ.. "
"ഏയ് എല്ലാരോടും പറഞ്ഞു, ഇപ്പം പോയാൽ പാതിരാത്രിക്ക് മുന്നേ നാട് പിടിക്കാലോ.. "
" എല്ലാരോടും എന്ന് പറഞ്ഞാൽ ദിവ്യ യോട് നീ പറഞ്ഞോ.. " ഷെറിൻ മുഖത്തടിച്ച പോലെയാണ് അത് ചോദിച്ചത്..
" എടാ.. നീ ഈ ചെയ്യുന്നത് ഒട്ടും ശരിയല്ല.. അവളോട് നിനക്കൊന്ന് സംസാരിച്ച് കൂടെ.."
കൃഷ്ണ അതിന് മറുപടി പറഞ്ഞില്ല.. പതിയെ മുന്നോട്ട് നടക്കുക മാത്രം ചെയ്തു..
"കൃഷ്ണാ... എടാ.. " ഷെറിന്റെ വിളി അവൻ കേട്ടതായ് പോലും ഭാവിച്ചില്ല..

മാധവനും ഭാര്യയും ആലപ്പുഴയിൽ നിന്ന് തന്നെ സ്പെഷ്യൽ വണ്ടിയുമായാണ് മകളെ കൂട്ടാൻ അവിടെയെത്തിയത്. ദിവ്യ തന്റെ കൂട്ടുകാരികളോട് യാത്ര പറഞ്ഞ് വണ്ടിക്കരുകിലേക്ക് എത്തി.
കുറച്ച് കുട്ടികൾ അവളുടെ അച്ഛനെയും അമ്മയെയും പരിചയപ്പെടാൻ അവൾക്കൊപ്പം കൂടി..
യാത്ര പറച്ചിലെല്ലാം പെട്ടന്ന് കഴിഞ്ഞു. പക്ഷെ അവളുടെ കണ്ണുകൾ ആരെയോ തിരഞ്ഞുകൊണ്ടിരുന്നു..
''മോളേ.. പോവാം " മാധവന്റെ ശബ്ദം കേട്ടിട്ടാണ് അവൾ സ്വബോധത്തിലേക്ക് വന്നത്.
അവൾ കാറിന്റെ പിൻസീറ്റിലേക്ക് കയറി ഇരുന്നു. മാധവൻ വണ്ടിയിൽ കയറിയതും ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തതും ഒരുമിച്ചായിരുന്നു.
പെട്ടന്നാണ് ഒരു പയ്യൻ വണ്ടിക്കു അരികിലേക്ക് പാഞ്ഞ് വന്നത്..
"ചേട്ടാ.. ഒരു നിമിഷം.... " അവന്റെ ശബ്ദം കേട്ട പാടെ ഡ്രൈവർ വണ്ടിയൊതുക്കി..
ആ ശബ്ദം കേട്ട് ദിവ്യയും പെടുന്നനെ തലയുയർത്തി നോക്കി. അവൾക്ക് വിശ്വസിക്കാനായില്ല.
എന്താണ്..? – അപ്പോഴേക്കും മാധവന്റെ ചോദ്യം എത്തി.
" അങ്കിളേ.. എന്റെ പേര് കൃഷ്ണ.. ഞങ്ങൾ ഒരേ ബാച്ചായിരുന്നു. ഇവളുടെ ഒരു ബുക്ക് എന്റെ കൈയ്യിലായ് പോയ്, അത് കൊടുക്കാൻ.."
"അത് മേടിക്ക് മോളേ.... " മാധവന്റെ മറുപടി കേട്ട് അവൾ ബുക്കിനായ് കൈ നീട്ടിയെങ്കിലും അവൾക്ക് അവൻ പറഞ്ഞതൊന്നും കേട്ടിരുന്നില്ല.. അകെ പാടെ ഒരു വിറയൽ മാത്രം.
കൃഷ്ണ അവളുടെ കൈയ്യിലേക്ക് ഒരു ബുക്ക് വച്ച് കൊടുത്തു. അപ്പോഴേക്കും മാധവന്റെ ശബ്ദം അവന്റെ ചെവികളിലേക്ക് തുളച്ച് കയറി.
" വേറൊന്നുമില്ലല്ലോ.. ബുക്ക് കൊടുത്തില്ലേ.. "
" ഇല്ല, അങ്കിളേ... എന്നാ വിട്ടോ... " കൃഷ്ണ മറുപടി പറഞ്ഞപ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങിയിരുന്നു. അത് അവനെ മറികടന്നു പാഞ്ഞ് പോയി..
കൃഷ്ണ തിരിഞ്ഞു നടന്നു.. അപ്പോഴും അവന്റെ മുഖത്ത് ആ പഴയ കള്ളച്ചിരി ഉണ്ടായിരുന്നു. കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കവും..

നാട്ടിലെത്തിയ പാടെ ജിജോയുടെ കല്യാണ കാര്യം വീട്ടിൽ ധരിപ്പിച്ചു. ആദ്യമൊക്കെ എതിർത്തെങ്കിലും കൃഷ്ണയും ഷെറിനും ഇടപെട്ട് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിച്ചു. ലക്ഷ്മിയുടെ വീട്ട് കാരുടെ അടുത്ത് നിന്ന് വലിയ രീതിയുലുള്ള എതിർപ്പൊന്നും ഉണ്ടായില്ല. ഒരു കല്യാണം കഴിഞ്ഞതായത് കൊണ്ടാവാം ജാതിയോ, മതമോ അവർക്ക് ഒരു പ്രശ്നമല്ലായിരുന്നു താനും.
രണ്ട് വീട്ടുകാരും കൂടി ആലോചിച്ച് ലക്ഷ്മിയുടെയും ജിജോയുടെയും നിശ്ചയം നടത്തി. രണ്ട് പേരെയും അങ്ങനെ കയറൂരി വിടാൻ വീട്ടുകാര് തീരുമാനിച്ചില്ല, എന്നർത്ഥം.. ജിജോക്ക് ഒരു ജോലി ശരിയാൽ പെട്ടന്ന് കല്യാണം എന്നവര് ഉറപ്പിച്ചു.. അതോടെ അവരുടെ ത്തിൽ ഒരു തീരുമാനമായ്.
കൃഷ്ണയും ഷെറിനും ഇടക്കിടെ ഇന്റർവ്യൂ കൾ അറ്റൻഡ് ചെയ്യുമെങ്കിലും രണ്ട് പേർക്കും ഒരുമിച്ച് ഒരു സ്ഥലത്ത് വേക്കൻസി ലഭിക്കാത്തത് കൊണ്ട് അവരത് തുടർന്ന് കൊണ്ടേ ഇരുന്നു..
അങ്ങനെയിരിക്കെയാണ് ഇടുക്കിയിലെ തന്നെ ഒരു പ്രമുഖ റിസോർട്ടിലേക്ക് അവർക്ക് രണ്ട് പേർക്കും അപ്പോയ്ൻമെന്റ് ലഭിക്കുന്നത്..
തേക്കടിയിലെ തണുപ്പിലേക്കുള്ള ആ യാത്ര അവരെ സന്തോഷത്തിലാഴ്ത്തി.

വീട്ടിൽ വന്ന് പാടെ അവൾ റൂമിൽ കയറി കതകടച്ചു. തന്റെ തോളിൽ നിന്നും ബാഗെടുത്ത് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.. കട്ടിലിലേക്ക് കയറി ഇരുന്ന് ബാഗു തുറന്നതും ഒരുമിച്ചായിരുന്നു..
അതിൽ മനോഹരമായ് പൊതിഞ്ഞ ഒരു ബുക്കുണ്ടായിരുന്നു.. അവൾ അതെടുത്തു.. പതിയെ അതിന്റെ പേജുകൾ മറിച്ചു.. ആദ്യത്തെ രണ്ട് പേജുകളിലും ഒന്നും ഉണ്ടായിരുന്നില്ല.. മുന്നാമത്തെ പേജ് തുറനതും അവളുടെ കണ്ണുകൾ വികസിച്ചു. കവിളുകൾ ചുവന്നു തുടുത്തു. വിറയലോടെ അവൾ ആ പേജിൽ വിരലോടിച്ചു.
അതിൽ ഒരു പെൺകുട്ടിയുടെ മുഖം മനോഹരമായ് വരച്ചിരിക്കുന്നു. അതിനടിയിൽ അവളുടെ പേരിനൊപ്പം ഇങ്ങനെ എഴുതിയിരുന്നു..
- ദിവ്യാ..
ഈ മുഖം എന്റെ ഹൃദയത്തിന്റെ ഭിത്തിയിൽ എന്നോ കോറിയിട്ടിരുന്നു.. –

ദിവ്യയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. കണ്ണുകൾ നിറഞ്ഞിരുന്നു. അവൾക്ക് ഒന്ന് തുളളിച്ചാടണം എന്ന് പോലും തോന്നി.
അവളുടെ കൈവിരൽ അടുത്ത പേജും മറിക്കാൻ തിടുക്കം കൂട്ടി..
അതിൽ അവളുടെ കണ്ണുകൾ മാത്രം വരച്ചിരിക്കുന്നു. അടിയിൽ കൃഷ്ണ എന്ന് എഴുതി ഒപ്പിട്ടിരിക്കുന്നു.. ഒപ്പം ചുവടെ ഒരു വാചകവും..
- ഈ കണ്ണുകൾ എവിടെ ആയിരുന്നാലും എന്റെ കണ്ണുകൾ നിന്നെ തേടിയെത്തും. –

ദിവ്യ ക്ക് സന്തോഷം അടക്കാനായില്ല.. ഇതിൽപരം ഒരു ആനന്ദം അവൾക്ക് വേറെ കിട്ടാനില്ലായിരുന്നു.. വേറെ ഒന്നും തന്നെ ആ ബുക്കിൽ ഉണ്ടായിരുന്നില്ല. അവൾ ആ ബുക്കും നെഞ്ചോട് ചേർത്ത് കിടക്കയിലേക്ക് വീണു.. സന്തോഷത്തോടെ ഒന്ന് മയങ്ങാൻ..



കുമളി..
തമിഴ്നാടും കേരളവും അതിർത്തി ഇവിടെ പങ്കിടുന്നു.. സീസണായാൽ തേക്കടിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് ആയിരിക്കും.. അപ്പോൾ കുമളി ടൗൺ ഉത്സവ പറമ്പിന് സമാനമാവും.. വാഴക്ക ഉപ്പേരിയും കടലയും, കപ്പയും എല്ലാം റോഡിന്റ വശങ്ങളിൽ വറുത്ത് കോരിയെടുത്ത് അപ്പോൾ തന്നെ വിൽക്കുന്ന കാഴ്ച്ച.. കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ഭഷ്യസാധനങ്ങളും വിൽക്കുന്ന കടകളും തെരുവ് കച്ചവടക്കാരും.. എപ്പോഴും നിറയെ ആളും തിരക്കും... ഒരു ഉത്സവ കാഴ്ച്ച തന്നെ..
ബസ് സ്റ്റാൻഡിൽ നിന്ന് പുറത്ത് കടന്നതും ഒരു ഓട്ടോക്കാരൻ അവരെ കൈകാട്ടി വിളിച്ചു.. എങ്ങോട്ടാ,,,
അത് കേട്ടതും കൃഷ്ണ ആ ഓട്ടോക്കാരന്റെ അടുക്കലേക്ക് നടന്ന് ചെന്നു, ഒപ്പം ഷെറിനും
കൃഷ്ണ തന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് എടുത്ത് അയാൾക്ക് നേരെ നീട്ടി..
"ചേട്ടാ,,, ഈ റിസോർട്ട്.. "
" കേറിക്കോ.. ഇവിടെ അടുത്താ.. " അതും പറഞ്ഞ് അയാൾ ഓട്ടോ സ്റ്റാർട്ട് ചെയ്തു..
കൃഷ്ണയും ഷെറിനും ഓട്ടോയിലേക്ക് കയറി..
"നിങ്ങൾ അവിടുത്തെ സ്റ്റാഫാ,."
" അതെ, ചേട്ടാ.. ഇന്ന് ജ്യേയ്ൻ ചെയ്യണം.."
"അത് ശരി, നിങ്ങടെ നാടേതാ.. "
" കണ്ണൂരാ ചേട്ടാ.. " അതു കേട്ടതും അയാൾ പെട്ടന്ന് തന്നെ അവരുടെ മുഖത്തേക്ക് നോക്കി..
അയാളുടെ മുഖഭാവം കണ്ടപ്പോൾ അത് പറഞ്ഞത് മോശമായോ എന്നാണ് കൃഷ്ണ ക്ക് തോന്നിയത്..
ഓട്ടോ ചെന്ന് നിന്നത് തൂവെള്ള പെയിൻറടിച്ച ഒരു റിസോർട്ടിന് മുന്നിലേക്കാണ്.. അയാൾ ഓട്ടോ ഗെയ്റ്റിന് മുമ്പിലായ് ഒതുക്കി നിർത്തി.
"എത്രയാ ചേട്ടാ..." അയാൾ പറഞ്ഞ തുകയും കൊടുത്ത് ഗെയ്റ്റിന് അടുത്തേക്ക് എത്തിയപ്പോഴേക്കും സെക്യൂരിറ്റി പാഞ്ഞു വന്നു..
"ആരാ....."
" ചേട്ടാ ഞങ്ങളിവിടെ പുതിയതായ് ജ്യോയൻ ചെയ്യാൻ വന്നതാണ്.. ആയുർവേദ ഡിപ്പാർട്ട്മെന്റിൽ.. " ഷെറിൻ ആണത് പറഞ്ഞത്.
"ശരി കയറി വാ.. ഇതിലേ കയറി ഫ്രണ്ട് ഓഫീസിൽ പറഞ്ഞാ മതി അവര് കാണിച്ച് തരും.. " സെക്യൂരിറ്റി അവർക്ക് ഉള്ളിലേക്കുള്ള വഴി കാണിച്ച് കൊടുത്തു.
ഫ്രണ്ട് ഓഫീസിൽ ഒരു സ്ത്രീയാണ് ഇരുന്നത്. അവരുടെ മുഖം കണ്ടാൽ മേക്കപ്പ് സാദനങ്ങളുടെയൊക്കെ പരീക്ഷണം അവരുടെ മുഖത്താണ് നടത്തുന്നത് എന്ന് തോന്നും.
കൃഷ്ണ തങ്ങൾ വന്ന കാര്യം അറിയിച്ചു.
" ആയുർവേദ ഡിപ്പാർട്ട്മെൻറ് താഴെയാണ്. ലോബിയിൽ നിന്നിറങ്ങി റൈറ്റ് തിരിയുമ്പോഴേ കാണാം.. "
" ശരി " കൃഷ്ണയും ഷെറിനും ആയുർവേദ ഡിപ്പാർട്ട്മെൻറ് ലക്ഷൃമാക്കി നടന്നു. ലോബിയും പരിസരവും മനോഹരമായ് അലങ്കരിച്ചിരുന്നു. അവിടുന്ന് ഇറങ്ങി ചെല്ലുമ്പോഴെ ഒരു താമരക്കുളം കാണാം.. അതിൽ ചുവന്ന് തുടുത്ത താമര പൂക്കൾ വിടർന്ന് നിന്നിരുന്നു. അതിന്റെ വലത് വശത്തു കൂടി ചെറിയൊരു നടപ്പാത.. അത് ചെന്നെത്തുന്നത് ആയുർവേദ എന്ന് പച്ച അക്ഷരങ്ങളിൽ മനോഹരമായ് എഴുതി വച്ചിരിക്കുന്ന ഒരു കെട്ടിടത്തിന് മുന്നിലേക്കാണ്. അത് മുഴുവൻ തടിയിൽ തീർത്തതാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാവും.
അതിന്റെ വശങ്ങളിൽ മനോഹരമായ് നട്ടുവളർത്തിയ മുളം തൈകൾ നില്പുണ്ട്. തടിയിൽ തീർത്ത സ്റ്റെപ് കയറി ചെല്ലുമ്പോൾ തന്നെ വലിയൊരു ഉരുളി നടുവിലായ് വെച്ചിരിക്കുന്ന കാണാം.. അതിൽ നിറയെ വെള്ളവും വെള്ളം മറച്ച് കിടക്കുന്ന ആമ്പൽ പൂക്കളും.. നിലം മുതൽ സീലിംഗ് വരെ ഉയർന്ന് നിൽക്കുന്ന ധന്വന്തരി മഹർഷിയുടെ ചിത്രം ഭിത്തിയിൽ പതിച്ചിരിക്കുന്നു.
സൈഡിൽ മനോഹരമായ് പണിതിരിക്കുന്ന ക്യാബിനിൽ ഒരു പെൺകുട്ടി ഇരിക്കുന്നു. അവർ ഉടുത്തിരുന്നത് കടും പച്ച നിറത്തിലുള്ള സാരിയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ഫ്രണ്ട് ഓഫീസ് കൈകാര്യം ചെയ്യുന്നത് അവരാണെന്ന് മനസിലാവും.. കൃഷ്ണയെയും ഷെറിനെയും കണ്ട പാടേ അവർ കസേരയിൽ നിന്നും എഴുന്നേറ്റു.
" നമസ്കാരം, സർ ഇരിക്കു.. " അവൾ പറഞ്ഞു.
തങ്ങൾ ട്രീറ്റ്മെൻറിന് വന്നതാണ് എന്ന് ഇവർ ധരിച്ചത് എന്ന് കൃഷ്ണക്ക് തോന്നി.
" ഞങ്ങൾ ഇവിടെ ജ്യേയ്ൻ ചെയ്യാൻ വന്നതാണ്. അപ്പോയ്ൻമെന്റ് ലെറ്റർ കിട്ടിയിരുന്നു."
"ഓ.. ശരി ഇരിക്കു.. ഞാൻ സാറിനോട് പറഞ്ഞിട്ട് വരാം.. "
അവർ അതും പറഞ്ഞ് ഗ്ലാസ്സ് ഡോർ തള്ളി തുറന്ന് ഉള്ളിലേക്ക് കയറി പോയ്.. കൃഷ്ണയും ഷെറിനും അവിടെ ഉണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു.
"നല്ല സ്ഥലമല്ലേ.. " ഷെറിൻ കൃഷ്ണയോട് പറഞ്ഞു..
"ഏയ് എനിക്ക് തോന്നുന്നില്ല.. "
" ഒന്ന് പോടാ,,, എനിക്ക് ഇഷ്ടപ്പെട്ടു.. " – അത് കേട്ട് ഷെറിൻ ഒന്ന് ചിരിച്ചു.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആ പെൺകുട്ടി ഇറങ്ങി വന്ന് ഉള്ളിലേക്ക് കയറി ചെല്ലാൻ പറഞ്ഞു.
കൃഷ്ണയും ഷെറിനും ഉള്ളിലേക്ക് കയറി..
അതൊരു വലിയ ഹാളായിരുന്നു. ഒരു സൈഡിൽ തടിയാൽ തീർത്ത ചെറിയൊരു ക്യാബിൻ. അതിന്റെ മുന്നിലായ് ഡോ.രമേശ് നമ്പ്യാർ എന്ന് എഴുതി വച്ചിരുന്നു.
ഹാളിന്റെ ഒരു വശത്തായ് തടിയിൽ തീർത്ത കസേരകൾ നിരത്തിയിട്ടിരിക്കുന്നു. അതിൽ ആരൊക്കെയോ ഇരിക്കുന്നുണ്ട്. ഹാളിന്റെ നടുവിലും ഒരു ഉരുളിയും അതിൽ മനോഹരമായ് പൂക്കളും ഇട്ടിരിന്നു.. മറുവശത്തായ് നാലഞ്ച് റൂമുകളാണ്. എല്ലാം അടച്ചിട്ടിരുന്നു. അതിൽ അവസാനത്തെ റൂമിന് മുന്നിൽ നോ അഡ്മിഷൻ എന്നെഴുതിയിരുന്നു. അത് സ്റ്റാഫ് റൂമും ബാക്കി ഉള്ളവ ട്രീറ്റ്മെൻറ് റൂമും ആയിരിക്കാമെന്ന് കൃഷ്ണ മനസിൽ കണക്ക് കൂട്ടി.

കൃഷ്ണ ഡോക്ടറുടെ ക്യാബിന്റെ വാതിൽ പതിയെ തുറന്ന് അനുവാദം ചോദിച്ച് ഉളളിൽ കയറി. ഇരിക്കൂ..... - ഡോക്ടർ അവരോട് പുഞ്ചിരിയോടെ പറഞ്ഞു. മെലിഞ്ഞ് കുറച്ച് പൊക്കം തോന്നിക്കുന്ന ഒരു വ്യക്തിയായിരുന്നു ഡോ. രമേശ് നമ്പ്യാർ. കഴുത്തിൽ കിടന്നിരുന്ന സ്റ്റെതസ്കോപ്പ് ഒഴുവാക്കിയാൽ ഒരു ഡോക്ടറാണ് എന്ന് ആരും പറയില്ല. ഒരു കോളേജ് പയ്യനെന്നേ ആരും പറയൂ..
" എന്താ നിങ്ങടെ പേര്..?"
"എന്റെ പേര് കൃഷ്ണ.. ഇത്.."
" ഞാൻ ഷെറിൻ..'' - അവൾ ചാടി പറഞ്ഞു.
രണ്ട് പേരും ഒരേ നാട്ടുകാരാണല്ലേ.. –
" അതെ.. " കൃഷ്ണ മറുപടി നൽകി..
" ബയോഡാറ്റ തരൂ..." ഡോക്ടർ അവർക്ക് നേരെ കൈ നീട്ടി.
അവർ ബയോഡാറ്റയും അപ്പോയ്ൻമെന്റ് ലെറ്ററും ഡോക്ടറിന് കൈമാറി.
" നാളെ മുതൽ ജ്യോയ്ൻ ചെയ്യാം.. നിങ്ങടെ അക്കമഡേഷൻ എവിടെയാണന്ന് കാണിച്ച് തരാൻ ഞാൻ ഒരാളെ വിടാം... ബാക്കി കാര്യങ്ങളൊക്കെ നാളെ സംസാരിക്കാം കേട്ടോ.. "
" ശരി സർ.. "
" ആ... പിന്നേ ഇന്ന് പുതിയതായ് ഒരാളും കൂടി ജ്യോയ്ൻ ചെയ്തിട്ടുണ്ട്. അവര് പുറത്തിരിപ്പുണ്ട്.. നിങ്ങൾ പരിചയപ്പെട്ടോ.. അപ്പോഴത്തേക്കും റൂം കാണിക്കാൻ ആള് വരും.. "
"ശരി.. സർ" അവർ ക്യാബിനിൽ നിന്നും പുറത്തിറങ്ങി.
നിരത്തിയിട്ടിരുന്ന കസേരകളുടെ അങ്ങേയറ്റത്തായ് ഒരു പെൺകുട്ടി ബാഗും കൈയ്യിൽ പിടിച്ച് ഇരിക്കുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അവരാണ് ജ്യോയ് ൻ ചെയ്യാൻ വന്ന പുതിയ ആളെന്ന് വ്യക്തം..
കൃഷ്ണയുടെ നെഞ്ചിടിപ്പിന്റെ വേഗത കൂടിയത് പെട്ടന്നാണ്. അവളെ കണ്ട മാത്രയിൽ ഷെറിൻ എടാ എന്ന് വിളിച്ച് കൃഷ്ണയെ ഒന്ന് പിച്ചി. അവൾ തല കുമ്പിട്ട് എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു. കൃഷ്ണ പതിയെ അവൾക്കരുകിലേക്ക് ചെന്നു.
"ദിവ്യാ.. "
അവൾ പെട്ടന്ന് തന്നെ തന്റെ അടുത്ത് നിൽക്കുന്ന ആളെ നോക്കി.. അവൾക്ക് വിശ്വസിക്കാനായില്ല.. ദിവ്യ പെട്ടന്ന് തന്നെ ചാടി എണീറ്റു..
കൃഷ്ണാ... – അവളുടെ ചുണ്ടുകൾ മന്ത്രിക്കുന്നത് അവൻ കേട്ടു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കൃഷ്ണയുടെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല.
പെട്ടന്നാണ് ഒരു പയ്യൻ അവർക്കു അടുത്തേക്ക് വന്നത്.
" എന്തേലും പ്രശ്നം....?"
"ഏയ്, ഒന്നുമില്ല" അവന് മറുപടി കൊടുത്തത് ഷെറിൻ ആണ്.
" വരൂ.. നിങ്ങടെ താമസ സ്ഥലം കാണിച്ചു തരാം.. " അതും പറഞ്ഞ് അവൻ നടന്നു.
പുറകേ ഷെറിനും മുട്ടിയുരുമ്മി കൃഷ്ണയും ദിവ്യയും.



" അവിടെ മുതൽ അവരുടെ പ്രണയത്തിന്റെ കഥ തുടങ്ങുകയായിരുന്നു..

തുടരും...
© Sreehari Karthikapuram