...

9 views

സ്വപ്ന സഞ്ചാരി

ആഗ്രഹിച്ചിട്ടുണ്ടൊരുപാട് ! നീ നടന്ന വഴികളിലൂടെ ഒറ്റക്കൊരു യാത്ര..... നിന്റെ പാദസ്പർശമേറ്റ് പ്രണയം തളിർത്ത പുൽനാമ്പുകളെ കാണണമെനിക്ക്... അവ നിന്റെ സൗന്ദര്യത്തെക്കുറിച്ച് വാചാലമാകുമ്പോൾ നമ്മൾ മാത്രമുള്ള ലോകത്തെ സ്വപ്നം കണ്ട രാവുകളെ പുൽകണമെനിക്ക്.. നീയും ഞാനും ഓരോന്നായി നെയ്തെടുത്ത പട്ടുനൂൽ സ്വപ്നങ്ങളെക്കുറിച്ചോർത്ത് ഒരു പക്ഷേ എന്റെ കണ്ണു നിറയുന്നുണ്ടാവാം ... എങ്കിലും മനസിലെ ആ ചെറിയ നനവുകളിൽ നീയുമൊത്തുള്ള ജീവിത സ്വപ്നങ്ങൾ ഒരിക്കൽ കൂടി വിതയ്ക്കണം..... വരൾച്ചയേറ്റ് വാടി തുടങ്ങിയ അഗ്രഹങ്ങളെ നിന്റെ ഓർമ്മകളുടെ ഈർപ്പത്തിൽ തളിരണിയിച്ചെടുക്കണമെനിക്ക്... ഇനിയും എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണെന്ന ദൂതുമായി വീണ്ടുമൊരു ഞാറ്റുവേല നിന്നേയും തേടിയെത്തും.... അന്ന് വീടിന്റെ അകത്തളങ്ങളിലെവിടെയോ മനസിന്റെ വാതിൽ കൊട്ടിയടച്ച് ഇരുട്ടിന് കൂട്ടിരിക്കയാണെങ്കിൽ വെളിച്ചവുമായി ഞാനെത്തും... നിനക്കൊരു കൂട്ടായിട്ട്.....
അന്നു ഞാൻ നിന്നരികിലേക്ക് വരും നീയടച്ചിട്ട വാതിലിന്റെ താക്കോലുമായി...... മനസു തുറക്കാൻ....... എനിക്കു വേണ്ടി മാത്രമായി നീ താഴിട്ടുപൂട്ടിയ നിന്റെ സ്വപ്നങ്ങളെ കൂടു തുറന്ന് യാഥാർത്ഥ്യത്തിന്റെ ഉന്നതങ്ങളിലേക്ക് സ്വതന്ത്രമാക്കാൻ.... അവ. ... അനന്തതയിലേക്ക് ചിറകടിച്ചുയരുന്നതും നോക്കി പുറത്തുചാടാൻ വെമ്പൽ കൊള്ളുന്ന നിന്റെ കണ്ണുനീർ തുള്ളികളെ ഒപ്പിയെടുത്ത് നനവാർന്ന നിന്റെ മിഴികളിൽ ഒരു മുത്തം നൽകണമെനിക്ക്..... എന്നിട്ട് നിന്റെ കാതിൽ സ്വകാര്യമായി മന്ത്രിക്കണമെനിക്ക്;നീയെന്റേതാണെന്ന്, ' എന്റേതുമാത്രമാണെന്ന്...
© Ap