...

1 views

ഹർഷരാഗം / ഡെന്നി ചിമ്മൻ
വിഷുക്കണി കാണലും ക്ഷേത്രദർശനവും കഴിഞ്ഞ് സ്വസ്ഥമായി ഉമ്മറപ്പടിയിലെ തൂണിൽ വെറുതെയൊന്ന് ചാരിനിന്ന ശ്രേയയുടെ മനസ്സിൽ ഓർമ്മകൾ ഓളംവെട്ടുകയായിരുന്നു. നൃത്താധ്യാപികയായ അമ്മയുടെ കുട്ടികൾ വിഷുദിനത്തിൽ വീട്ടിലെത്തുന്നതും ഒരുമിച്ച് നല്ലൊരു നൃത്തസദ്യ ഒരുക്കുന്നതുമെല്ലാം അവളുടെ മനസ്സിൽ തെളിഞ്ഞു. തന്റെ സംഗീതവഴിയിലൂടെയുള്ള യാത്രയുടെ ആദ്യപ്രചോദനവും അമ്മ തന്നെ.

വിവാഹം വേണ്ടെന്ന തന്റെ തീരുമാനത്തിൽ ആദ്യമൊക്കെ അൽപ്പം അസ്വസ്ഥയായിരുന്ന അമ്മ സംഗീതത്തോടുള്ള തന്റെ അഗാധപ്രണയം തിരിച്ചറിഞ്ഞ് ചേർന്നുനിന്നു. തൂണുകളുള്ള വരാന്തയും പടിപ്പുരയുമൊക്കെയുള്ള ഈ വീട് തന്റെ ആഗ്രത്തിൽ പണിയുമ്പോൾ ഏറെ സന്തോഷിച്ചതും അമ്മ തന്നെ.

ഓരോന്നാലോചിച്ചു നിൽക്കുന്നതിനിടയിൽ ഒരു കടുംനീല ബെൻസ് കാർ പടിപ്പുര കടന്ന് മുന്നോട്ട് വരുന്നത് കണ്ടപ്പോൾ ശ്രേയയുടെ മനസ്സിൽ സന്തോഷം തിരതല്ലി. തന്റെ കൂട്ടുകാരി, പ്രസിദ്ധ സംഗീതജ്ഞ സുരഭി എത്തിയിരിക്കുന്നു. വിദേശപ്രോഗ്രാമുകൾക്കിടയിൽ കണ്ടുമുട്ടി തുടങ്ങിയ അടുപ്പം പിന്നീട് അവരെ കൂട്ടുകാരാക്കി. രണ്ടുപേരും കർണ്ണാടകസംഗീതത്തിലെ പ്രതിഭകളായതുകൊണ്ട് അവരുടെ സൗഹൃദം ഏറെ ബലമുള്ളതായി.

സുരഭി ഡോർ തുറന്നു പുറത്തിറങ്ങിയതും ശ്രേയ അവളെ വാരിപ്പുണർന്നു. രണ്ടുപേരും ഒരുപാട് സ്നേഹവും സന്തോഷവും കൈമാറി. സ്വർണ്ണക്കരയുള്ള സെറ്റും കടുംപച്ചയിൽ സ്വർണ്ണനൂൽ ഡിസൈനുകളുള്ള ബ്ലൗസും ധരിച്ച് സുന്ദരിയായി നിന്ന ശ്രേയയും ഇളംചുവപ്പും ബ്രൗണും ഇടകലർന്ന ഡിസൈനുകളുള്ള കേരള സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടി സുന്ദരിയായി വന്ന സുരഭിയും വിദേശങ്ങളിലും പ്രസിദ്ധി നേടിയ, ഏറെ മനസ്സടുപ്പമുള്ള സംഗീതജ്ഞരാണ്. കുറച്ചു സമയം അങ്ങനെ നിന്നതിനുശേഷം ശ്രേയ തന്റെ കൂട്ടുകാരിയെ സ്വതന്ത്രയാക്കി അകത്തേക്ക് ക്ഷണിച്ചു.

വിശേഷങ്ങളേറെ അവർക്ക് പരസ്പരം ചോദിക്കാനും പറയാനുമുണ്ടായിരുന്നു. സംസാരിച്ചുകൊണ്ടുതന്നെ വീടിന്റെ എല്ലാ ഭാഗങ്ങളിലും ഓടിനടന്ന അവർ മുകൾനിലയിലെ വലിയ മുറിയിലെത്തിയപ്പോൾ നിന്നുപോയി. ആ വീട്ടിൽ മൊത്തത്തിൽ സംഗീതവുമായി ബന്ധപ്പെട്ട കേൾവികളും കാഴ്ചകളുമാണെങ്കിലും ഈ മുറി ശരിക്കുമൊരു സംഗീതലോകമാണ്.

അവർ അവിടെയിരുന്ന് ഒത്തിരി വിശേഷങ്ങൾ പങ്കിട്ടു. സ്വാഭാവികമായും സംഗീതത്തിലേക്കുതന്നെ അവരുടെ ഏത് വിശേഷങ്ങളും എത്തും. രാഗങ്ങളെക്കുറിച്ചും കീർത്തനങ്ങളിലെ മനോധർമ്മരസങ്ങളെക്കുറിച്ചുമെല്ലാം ചർച്ച ചെയ്ത അവർ ഇടക്കിടക്ക് ഓരോ രാഗങ്ങൾ മൂളുന്നുമുണ്ട്. പതുക്കെ അതൊരു രാഗവിസ്താരസ്വഭാവത്തിലെത്തി.

മോഹനവും ഖരഹരപ്രിയയും ആഭോഗിയും ഹംസധ്വനിയും എല്ലാം മാറിമാറിയൊഴുകി അവിടമാകെ സംഗീതസുഗന്ധം നിറഞ്ഞു. നേരമേറെ കഴിഞ്ഞാണ് രണ്ടുപേരും സംഗീതസ്വർഗ്ഗത്തിൽനിന്നുമിറങ്ങിയത്.

വിഭവസമൃദ്ധമായ സദ്യ കഴിക്കുമ്പോഴും ആ സംഗീതസുഹൃത്തുക്കൾക്ക് സംഗീതം മാറ്റിവെക്കാനാവില്ല. തിരിച്ചുപോവേണ്ട സമയമായപ്പോൾ എഴുന്നേറ്റ സുരഭി തന്റെ കൂട്ടുകാരിയുടെ കൈത്തലത്തിൽ അമർത്തിപ്പിടിച്ചു. ശ്രേയയുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. സംഗീതലോകത്ത് വിശ്രമമില്ലാതെ നീന്തിത്തുടിക്കുന്ന ശ്രേയ ഇത്തരം വിശേഷദിനങ്ങളിൽ മുറതെറ്റാതെ വീട്ടിലെത്തുന്നതിൽ കാത്തുസൂക്ഷിക്കുന്ന ശ്രദ്ധയിൽ തെളിയുന്നുണ്ട്, എത്രയൊക്കെ വിദേശപര്യടനങ്ങൾ കഴിഞ്ഞാലും അവളിൽ നിലനിൽക്കുന്ന ഗ്രാമീണസുന്ദരമായ മനസ്സെന്ന് സുരഭി ഓർത്തു.

കാർ മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ സുരഭിയുടെ മനസ്സിൽ രാഗഹർഷങ്ങൾ പൂത്തുലയുകയായിരുന്നു; ഇമചിമ്മാതെ ആ കാർ നീങ്ങുന്നതും നോക്കിനിന്ന ശ്രേയയുടെ മനസ്സിലും!

© PRIME FOX FM