...

16 views

സാറയും ജാനകിയും
വയോജനമന്ദിരത്തിന്റെ ആപ്പീസ് മുറിയുടെ അടുത്തുള്ള ഒഴിഞ്ഞ ആരതിണ്ണയിൽ ചമ്രം പടഞ്ഞിരിക്കുമ്പോളാണ് കമാനം കടന്നു വരുന്ന വെളുത്ത കാറിനെ ഞാൻ കണ്ടത്. വന്നിട്ട് കുറച്ചുദിവസങ്ങളായെങ്കിലും ആൾക്കൂട്ടങ്ങൾക്കു നടുവിലെ ബഹളങ്ങളെക്കാൾ ഒറ്റക്കിരിക്കാനാണു ഞാൻ ഇഷ്ടപ്പെട്ടത്. അതിപ്പോ ഇന്നോ ഇന്നലെയോ തുടങ്ങിയ ശീലമല്ല, അവൾ എന്റെ ജാനകി എന്നെവിട്ടു പോയന്ന്മുതൽ ഞാൻ ഒറ്റക്കായി. അതുകൊണ്ട് പഴഞ്ചനായി ഈ നാട്ടിൻ പുറത്തുകാരൻ ഗോവിന്ദൻകുട്ടിക്ക് മക്കളെപ്പറ്റി കരളലിയിക്കുന്ന കഥനകഥകളൊന്നും പറയാനില്ല. ഇവിടുത്തെ ഏതൊരു അന്തേവാസിയെപ്പോലെ അധ്വാനത്തിന്റെ കഥകളോ, ക്രൂരമായ അവഗണനയോ ഒന്നുംതന്നെ പറയാനില്ല. ഉള്ളിന്റെ ഉള്ളിൽ കിള്ളി മന്തിയാൽ ചിലപ്പോൾ എല്ലാവരെയും പോലെ മടുപ്പിക്കുന്ന കഥ എനിക്കുമുണ്ടാകും. എന്നാലും ഒരിക്കലും എന്റെ നാവിൽനിന്നു കേൾക്കാമെന്നു വിചാരിക്കരുത്. ഞാൻ പറയില്ല എന്തെന്നാൽ എന്റെ ജാനകിക്ക് ഞാൻ കൊടുത്ത വാക്കാണത്. അതുകൊണ്ട് കരളിൽനിന്നു പ്രാണൻ വേർപെട്ടു മണ്ണിൽ അലിഞ്ഞു ചേരുമ്പോൾ സദ്ഗുണ സമ്പന്നരായ എന്റെ മക്കളേ ലോകം പാടിപുകഴ്ത്തുന്നത് ജാനകിക്കു കേൾക്കാൻ പറ്റണം.



വെളുത്ത കാറിൽനിന്നും ഇറങ്ങി ആപ്പീസ് മുറിറിയിലേക്കു കയറിയ വയോധികയെ ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി. പതിറ്റാണ്ടുകൾ കൊഴിഞ്ഞെങ്കിലും എന്റെ ദ്രവിച്ചുതുടങ്ങിയ തലച്ചോർ ആ രൂപത്തെ മറന്നിരുന്നില്ല. എങ്ങനെ മറക്കും ഒരിക്കൽ എന്റെ മനസിന്റെ താളമായിരുന്ന സാറയെ ജീവനുള്ളിടത്തോളം എനിക്ക് മറക്കാൻ കഴിയില്ലല്ലോ. ഞങ്ങളുടെ പ്രണയകഥ പറഞ്ഞാൽ ഇപ്പോഴത്തെ ചെറുപ്പക്കാർ ചിലപ്പോൾ 'തേപ്പുകഥ' എന്ന് സ്റ്റൈലിൽ വിളിച്ചേക്കാം. അന്നത്തെ യവ്വനം പുതിയ പ്രയോഗം കണ്ടെത്താതിരുന്നത് കാലത്തിന്റെ നീതി തന്നെയാണ്. അല്ലങ്കിൽ പ്രണയം വെറുമൊരു തേപ്പ്‌ മാത്രമാകും. പണ്ട് എത്ര പ്രണയം വിവാഹത്തിലെത്തിയിരുന്നു എന്ന് ഒന്ന് നോക്കിയാൽ ഞാൻ പറഞ്ഞത് പിടികിട്ടുമെന്നു വിചാരിക്കുന്നു. പക്ഷേ ഒന്നുണ്ട് ആത്മാർത്ഥമായ പ്രണയം ഇന്നത്തേക്കാൾ അന്നായിരുന്നെന്നു ഞാൻ കരുതുന്നു. പ്രിയപ്പെട്ട ഇന്നിന്റെ ഇണക്കുരുവികളെ നിങ്ങളുടെ പ്രണയത്തെ വിലകുറക്കുകയാണെന്നു ധരിക്കരുതേ. നിങ്ങളുടെ പ്രണയത്തിന് മംഗളപര്യവസാനമുണ്ടാകണമെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

സാറ പക്ഷേ പീലിപ്പോസിന്റെ മന്ത്രകോടി മേടിച്ച് അയാളുടെ മണിയറയിലേക്ക് പോയതിന് കാരണം നാട്ടുമ്പുറത്തുകാരനായ ഗോവിന്ദൻകുട്ടിയുടെ ഭീരുത്വം ഒന്നുകൊണ്ടുമാത്രമാണെന്നു ഞാൻ എവിടെയും പറയും.


ചടങ്ങുകളൊക്കെ കഴിഞ്ഞു ഓഫിസ് മുറിയിൽനിന്നും ഇറങ്ങിവന്ന സാറയുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു. കൊച്ചുമക്കളെയൊക്കെ യാത്രയാക്കി തിരിച്ചു കണ്ണുതുടച്ചു തിരിച്ചു നടന്നപ്പോൾ ഞങ്ങളുടെ കണ്ണുകൾ ഉടക്കി. കണ്ടയുടൻ എന്നെ കണ്ട് തിരിച്ചറിഞ്ഞപ്പോൾ കൃതാർത്ഥനായി. ജന്മം സാഫല്യമായി. അടുത്ത നിമിഷം ദൈവവിളിയുണ്ടായാൽ തന്നെ എനിക്ക് മോക്ഷം കിട്ടുമെന്നുറപ്പാണ്. ചുളിവുകൾ വീണ് അല്പം കൂനിയ അവളുടെ പിന്നാലെ നടന്നപ്പോൾ പഴയ ഗോവിന്ദന്കുട്ടിയെ ഓർമ്മവന്നിട്ടാകണം അവൾ കടകണ്ണിൽ നോക്കുകയും, സ്ത്രീകളുടെ വാർഡിലേക്ക് കയറുന്നിടത്തു നിന്ന് എന്റെ കണ്ണിൽ ഒരു നിമിഷത്തിൽ കുറയാതെ നോക്കി നിൽക്കുകയും ചെയ്തത്.


പണ്ട് ജീവിതവഴിയിൽ കൊഴിഞ്ഞുപോയ പ്രണയപുഷ്പം വയോജനമന്ദിരത്തിന്റെ പൂന്തോട്ടത്തിൽ വീണ്ടും മുളച്ചു പൊട്ടി, തളിർത്തു മൊട്ടിട്ടു പുഷ്പിച്ചു. അവൾ പീലിപ്പോസിനേം ഞാൻ എന്റെ പ്രിയപ്പെട്ട ജാനകിയേയും മനപ്പൂർവ്വം മറന്നു. ഒരു ചതിയായിട്ട് ധരിച്ചുകളയരുതേ.വലിയ ഒറ്റപ്പെടലിൽ പരസ്പരം താങ്ങായി അത്രമാത്രം. ഒരു കാര്യം പറയെട്ടെ ചിലപ്പോൾ വൾഗർ ആയി നിങ്ങൾക്ക് തോന്നാം. എന്റെ ജാനകിക്ക് സ്വർഗം തന്നെയാകും കിട്ടിയിട്ടുണ്ടാകുക. ജീവിതകാലമത്രയും അവൾ ഒരു മാലാഖയായിരുന്നെല്ലോ. പറഞ്ഞു കേട്ടതുവെച്ചു പീലിപ്പോസിനും സ്വർഗ്ഗം തന്നെയാകും. അപ്പോൾ സ്വർഗ്ഗത്തിലെ ഏകാന്തതയിൽ അവർപരസ്പരം കാണുകയും പ്രേമം കൈമാറുകയും ചെയ്യട്ടെ. എന്നെപ്പോലെതന്നെ പീലിപ്പോസിന്റെ കാര്യത്തിൽ സാറക്കും തോന്നിക്കാണണം. പക്ഷേ ഇതുവരെ പറഞ്ഞിട്ടില്ല.


പ്രണയം മധുരം അയവിറക്കി ഉറക്കവും പ്രതീക്ഷിച്ചു ജാലകത്തിനരികെ നിൽക്കുമ്പോൾ പുറത്ത് ജാനകിയെ ഞാൻ കണ്ടു. പരന്നു കിടന്ന നിലാവിൽ അവൾ എന്റടുത്തേക്കു ഒഴുകി വന്നു. ഒരിക്കലും കാണാത്ത ഒരു ഭാവമായിരുന്നു അവൾക്ക്.
മുഖത്തു ദേഷ്യമാണോ സങ്കടമാണോ ആ മുഖത്തെന്നു മനസിലാക്കാതെ സങ്കീർണമായ നിമിഷത്തിൽ ഇരുകൈകളും വിടർത്തി അവളെന്നെ വിളിച്ചു. ജാനകി വിളിച്ചാൽ സാറാമ്മയുടെ പ്രണയം വലിച്ചെറിഞ്ഞു പോകാനേ എനിക്കു കഴിയു. എന്തെന്നാൽ സാറാമ്മയേക്കാൾ നൂറിരട്ടി ജാനകിയെ ഞാൻ സ്നേഹിക്കുന്നു.


പിറ്റേന്ന് വയോജനമന്ദിരത്തിന്റെ മുന്നിൽ ഞാൻ ശാന്തമായി കിടന്നപ്പോൾ ആരൊക്കയോ ചേർന്ന് സാറാമ്മയെ എന്റെ അടുത്ത് കിടത്തി. ആരും കാണാതെ തലചെരിച്ചു എന്നെനോക്കി ഇടറുന്ന ശബ്ദത്തിൽ സ്വകാര്യം പറഞ്ഞു


"ഇന്നലെ എന്നെ കാണാൻ പീലിപ്പോസ് വന്നിരുന്നു "