...

14 views

നോവൽ: വഴിത്തിരിവുകൾ ഭാഗം 02
തുടർച്ച-

മല്ലികേ, നീ എന്തൊക്കെ കാര്യങ്ങളാണ് ചിന്തിക്കുന്നത്. ഇത്രയൊക്കെ കഴിവുകൾ നിനക്കുണ്ടെന്ന് വിശ്വസിക്കാനേ എനിക്ക് കഴിയുന്നില്ല.

ഞാൻ രണ്ട് മൂന്ന് വർഷമായില്ലേ കോളേജിൽ പഠിക്കുന്നു. അവിടത്തെ ഓരോരുത്തരുടെയും പ്രവൃത്തികളും ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ടാണ് ഞാൻ കഴിയുന്നത്. അതും ഒരു പാഠം തന്നെയാണു തങ്കമ്മേ. ഓരോരുത്തർ കോളേജിൽ കാട്ടിക്കൂട്ടുന്ന രംഗങ്ങൾ മതി ഒരു കഥയെഴുതുവാൻ. കൃഷിക്കാരൻറയോ, കൂലിപ്പണിക്കാരുടെയോ മകനോ, മകളോ ആണെങ്കിൽ പോലും അച്ഛനും അമ്മയും വെയിലത്ത് കഷ്ടപ്പെടുമ്പോൾ ജീൻസും, ചുരിദാറുമൊക്കെയിട്ടുകൊണ്ട് താൻ നാട്ടിലെ വലിയ പ്രമാണിയും പണക്കാരനുമെന്ന ഭാവത്തിൽ അന്യോന്യം പരിചയപ്പെടുകയും ഐസ്ക്രീം പാർലറുകളിലും പാർക്കിലുമൊക്കെ നടന്ന് പഠിപ്പും ഉഴപ്പി ജീവിതം നശിപ്പിക്കുന്ന അവസ്ഥകൾ പറയേണ്ടതുണ്ടോ. ഏതെങ്കിലും പണക്കാരുടെ കുട്ടികളുടെ ശിൽബന്ധിയായാണ് ഇതിനൊക്കെ തുടക്കം കുറിക്കുന്നത്. അവന്മാക്ക് ജീവിക്കുവാൻ അച്ഛനും അമ്മയും ധാരാളം സമ്പാദിച്ചു വച്ചിട്ടുള്ളതിനാൽ പഠിപ്പൊന്നും ജീവിത പ്രശ്നമല്ല. ചിലരാണെങ്കിൽ കോളേജിൽ ഉഴപ്പിയാലും ട്യൂഷനുപോയി അവർ വീട്ടിലിരുന്നു പഠിക്കുന്നുണ്ടാകും. അവർ അങ്ങിനെയും സ്വന്തം കാര്യം നോക്കും. മറ്റു ചിലർക്കാണെങ്കിൽ ഒരു നേരംപോക്കും ഉല്ലാസവുമാണ് കോളേജ് ജീവിത കാലം. നാട്ടിലൊക്കെ മക്കൾ കോളേജിൽ പോകുന്നെന്നു പറയുവാൻ വേണ്ടി മാത്രം. വീട്ടിൽ റബ്ബറും, തെങ്ങിൻ തോപ്പുമൊക്കെ കാണും. അതുകൊണ്ട് ജോലിയൊന്നും പ്രശ്നമല്ല താനും.
എന്നാൽ നമുക്കൊക്കെ ഒരു ജോലി തന്നെയാണ് മുഖ്യ ജീവിത പ്രശ്നം. ഒപ്പം അറിവും ലഭിക്കണം. അത് മറന്ന് ആരും നടക്കുവാൻ പാടില്ല. പണ്ട് മുതിർന്നവർ പറയാറില്ലേ, തലമറന്ന് എണ്ണ തേക്കരുതെന്ന്. എന്തു ചെയ്യുമ്പോഴും നമ്മുടെ കുടുംബ സ്ഥിതിയും മാതാപിതാക്കളെയും മറക്കരുത്. നമുക്ക് വേണ്ടി ഉറക്കമൊഴിച്ച് കഷ്ടപ്പെട്ടു വളർത്തിയവരായ അച്ഛനമ്മമാരെയും മറ്റുള്ള ബന്ധുക്കളെയും ദു:ഖിപ്പിക്കരുത്. നാമറിയാത്ത എത്ര പേർ നമ്മുടെ നന്മ കാംക്ഷിക്കുന്നുണ്ടാകും. എല്ലാവരെയും നാം ഒരേപോലെ വീക്ഷിക്കരുത്. നമ്മുടെ സഹോദരനെയോ സഹോദരിയെയോ മറന്നുള്ള ഒരു ബന്ധം കൊണ്ട് എന്തു സുഖം ലഭിക്കുമെന്നാ തങ്കമ്മേ നിൻെറ അഭിപ്രായം.

മല്ലികേ, എനിക്ക് ഒരു കാര്യവും അച്ഛനെയും, അമ്മയേയും, സഹോദരങ്ങളേയും മറന്നു ചെയ്യുവാൻ കഴിയുകയില്ല. ദൈവത്തേക്കാളും നാം നേരിൽ കാണുന്നതും നമ്മുടെ എല്ലാ വളർച്ചക്കും ദു:ഖങ്ങൾക്കും താങ്ങായി നിൽക്കുന്നവരെ ഒരിക്കലും ദു:ഖിപ്പിക്കരുതെന്നുള്ള അഭിപ്രായമാണ് എനിക്കും ഉള്ളത്.
നമ്മുടെ ജീവിതത്തിൽ നാം ജനിച്ചു വളർന്ന വീടും നാടും നൽകിയിട്ടുള്ള എത്രയോ സൗഹൃദങ്ങളും ബന്ധുക്കളുമുണ്ട്. എത്ര സ്വന്തക്കാരും നാട്ടുകാരുമുണ്ട്. ഈ നാട്ടിലെ കിണറ്റിലെ കുടിവെള്ളത്തിനോടു പോലും നാം എത്ര കടപ്പെട്ടിരിക്കുന്നു. ഈ വക കാര്യങ്ങളൊക്കെ മറന്ന് കേവലം കാര്യമായി അറിവൊന്നു മില്ലാത്ത
ഒരു സൗഹൃദമോഹ വലയത്തിൽ പെട്ട് പ്രായത്തിൻേറയും വിഭ്രാന്തിയുടേയും മറ്റു പഞ്ചാര വാക്കുകളിൽ മയങ്ങി ഇറങ്ങി പുറപ്പടുന്നത് അത്ര ഉചിതമായ പ്രവൃത്തിയാണെന്നു തോന്നുന്നില്ല. ജീവിതത്തിന്നാവശ്യമായ വരുമാനമുണ്ടെങ്കിൽ കാര്യമായ പ്രശ്നമില്ലാതെ കഴിഞ്ഞെന്നിരിക്കാം. എന്നാൽ പോലും തനിപ്പെട്ട രീതിയിലൊരു പ്രശ്നമുണ്ടായാൽ അത് നിവൃത്തി വരുത്തുകയെന്നത് ചിലപ്പോൾ ബുദ്ധിമുട്ടാകുമെന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ സമ്മതത്തോടെയുള്ള ബന്ധങ്ങൾക്ക്, ബന്ധുക്കൾക്കും സ്വന്തക്കാർക്കും എപ്പോഴും തൻ്റെ മക്കൾക്ക്, അവരുടെ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളിൽ ഇടപെടാനുള്ള അവകാശം ഉണ്ടായിരിക്കും. എന്നാൽ കാമുകീ കാമുകന്മാരുടെ പ്രശ്നങ്ങളിൽ ബന്ധുക്കൾക്കും സ്വന്തക്കാർക്കും ഇടപെടാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ള അഭിപ്രായം. എന്നും വച്ച് എല്ലാം അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. പലരും അതായത് കുറെപേർ നല്ലവരായവർ സുഖമായി ജീവിച്ചെന്നും വരും.

തങ്കമ്മ ഞാൻ വിചാരിച്ച പോലെയല്ലെന്നു തോന്നുന്നു. എല്ലാ തരത്തിലും നീ ശ്രദ്ധിച്ചു മനസ്സുവച്ചാണ് ജീവിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. നീ ദു:ഖിക്കില്ല കുട്ടീ. നിനക്ക് നന്മയേ വരൂ. അത്രക്ക് കഷ്ടപ്പെട്ടല്ലേ നീ വളർന്നതും ഇന്ന് കഴിഞ്ഞു വരുന്നതും.

എന്താ മല്ലികേ, നീ അങ്ങിനെ പറഞ്ഞത്. നിനക്ക് വല്ല ദു:ഖവുമുണ്ടോ. ഞാൻ അങ്ങിനെ നിന്നെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.

അതേ തങ്കമ്മേ, അങ്ങിനെയൊക്കെ ചില കാര്യങ്ങൾ എനിക്കും സംഭവിച്ചുവെന്നു പറയാം. കൊളേജിൽ ചേർന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ ഞാനല്പം ധൈര്യവതിയും വാചാലയുമൊക്കെയായിത്തീർന്നു. അത് പിന്നീട് ആൺകുട്ടികളും പെൺകുട്ടികളുമൊക്കെ കുട്ട് ചേർന്ന് ഉള്ള സല്ലാപങ്ങളും നടത്തവും ഒക്കെയായി തീരുകയായിരുന്നു. എല്ലാം പ്രായത്തിന്റെ ചില പ്രേരണകളെന്നേ എനിക്ക് പറയാനാവൂ. ഞാൻ വിപിൻ എന്ന ഒരു യുവാവുമായി വളരെ അടുത്തു. അയാളുടെ മോഹന വാഗ്ദാനങ്ങൾ എന്നെ വല്ലാതെ ഭ്രമിപ്പിച്ചു. അവരൊക്കെ യഥാർത്ഥത്തിൽ നമ്മെ ഒരു കളിപ്പാട്ടങ്ങളെപ്പോലെ മാത്രമേ കണ്ടിരുന്നുള്ളൂവെന്നു തോന്നുന്നു. അന്ധമായി വിശ്വസിച്ച ഞാൻ ഇത് മനസ്സിലാക്കാൻ വൈകിപ്പോയി. എങ്കിലും ഞാൻ ഒരു വിധം ആ വലയത്തിൽ നിന്നും അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടുവെന്നു പറയാം. ഇതുപോലെ പലതും സംഭവിച്ചവർ ഒന്നും അറിയിക്കാതെ നടക്കുന്നവർ പലരും ഉണ്ട്. ചിലർ ദു:ഖം ഉള്ളിലൊതുക്കുന്നുവെന്നു മാത്രം.
ഇപ്പോൾ മിക്ക കുട്ടികൾക്കും ഈ വക കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്. വളരെ കുറച്ച് പേർ ഗ്രാമത്തിൽ നിന്നും വരുന്നവർ ഇക്കൂട്ടരുടെ ചില പൊടിക്കൈകളിൽ ചെന്നു പെടുന്നുണ്ടുതാനും. അതിനുള്ള വൈദഗ്ധ്യം ഇക്കുട്ടരിൽ വളരെയാണ്. അമിതമായ ആഗ്രഹം ഒരിക്കലും ആർക്കും തന്നെ നന്മചെയ്യില്ല എന്നതു തന്നെ സത്യം. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടെന്നുള്ള പഴമൊഴി എന്നും ഒർമ്മിക്കുന്നത് ഒരു പരിധി വരെ ജീവിതത്തിൽ രക്ഷ നൽകും.

മല്ലികേ, നീ ആ നല്ല അച്ഛൻറെയും അമ്മയുടെയും ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാ തോന്നുന്നത്. അവർ എത്ര ദു:ഖിക്കുമായിരുന്നു. വേറെ ദു:ർബുദ്ധികളൊന്നും തോന്നാതിരുന്നതു തന്നെ ഭാഗ്യം.

തങ്കമ്മ പറഞ്ഞത് ശരിയാണ്. തീർച്ചയായും എൻറെ അച്ഛനമ്മമാരുടെ പ്രാർത്ഥനയുടെ അനുഗ്രഹം കൊണ്ട് തന്നെയാണ് രക്ഷപ്പെട്ടത്. ഇന്നത്തെ തലമുറയ്ക്ക് എല്ലാം പുച്ഛമാണല്ലോ. പത്താംക്ലാസോ, പന്ത്രണ്ടാം ക്ലാസോ കഴിഞ്ഞാൽ പിന്നെ എന്തൊക്കെയോ നേടിയെന്ന വലിയ ഭാവമാണ്.
വിദ്യാഭ്യാസം കുറഞ്ഞ മാതാപിതാക്കളാണെങ്കിൽ അവരോടുള്ള പെരുമാറ്റവും കൂടാതെ അവരെ കൂട്ടുകാരറിയുന്നതു പോലും വലിയ പുച്ഛമാണ്. ഓരോരോ തലമുറകളായി വളർന്നു വന്നിട്ടുള്ള നമ്മുടെ പൂർവ്വികരുടെ തലമുറയൊന്നു പിന്നിലേക്ക് പരിശോധിച്ചാൽ എത്രയോ പ്രശസ്തിയുള്ളവരും അതേപോലെ തന്നെ മന്ദബുദ്ധികളോ വിരൂപികളായവരോ ഒക്കെയുള്ള തലമുറകളുടെ പിൻമുറക്കാരാണ് നമ്മളെന്നുള്ള സത്യം ഗ്രഹിക്കാവുന്നതേയുള്ളൂ. ജീവിതത്തിൽ ഇനിയും ഈവക ആവർത്തനങ്ങൾ നിറഞ്ഞതാണെന്ന സത്യം നാം ഒരിക്കലും വിസ്മരിക്കാൻ പാടില്ല. ജീവിതത്തെക്കുറിച്ച് കാര്യമായൊന്നും നമ്മുടെ നിലവിലെ വിദ്യാഭ്യാസം കൊണ്ട് കുട്ടികൾ മനസ്സിലാക്കുന്നുണ്ടന്ന് തോന്നുന്നില്ല. കുറെ സയൻസും, ടെക്നിക്കുമൊക്കെ മാത്രം പഠിപ്പിച്ചാൽ അത് വരുമാനമാർഗ്ഗമായ തൊഴിലിന് സാദ്ധ്യത നേടിയെന്നാലും സാമൂഹികമായതും കുടുംബപരവുമായ നമ്മുടെ കടമകളെ കുറിച്ച് അവർ ശരിയായി ഉൾക്കൊള്ളുന്നില്ലെന്നാ തോന്നുന്നേ. അങ്ങിനെയുള്ള പ്രവൃത്തികളാണ് ഇന്നത്തെ കുട്ടികളിലും ജനങ്ങളിലും കണ്ട് വരുന്നത്.
യഥാർത്ഥത്തിൽ നാം ശരിയെന്ന് കരുതുന്ന പലതും ചിലർക്ക് തിന്മയായി ഭവിക്കുന്നു. നാം തെറ്റെന്ന് കരുതുന്നത് പലരുടെയും ജീവിതത്തിൽ നന്മയിലേക്കുള്ള വഴികാട്ടി കൊടുക്കുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. തങ്കമ്മ പറഞ്ഞു നിർത്തി.

അതെന്താ തങ്കമ്മേ നിനക്കിങ്ങനെ തോന്നാൻ. കാരണം മല്ലിക തിരക്കി.

മല്ലികേ, പ്രേമിച്ചു വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് നീ മനസ്സിലാക്കി. അപ്രകാരം തന്നെയാണ് എന്റെയും അഭിപ്രായമായിരുന്നത്. എന്നാൽ ചിലരുടെ കാര്യത്തിൽ ഇതെല്ലാം മാറ്റി ചിന്തിക്കേണ്ടതായും ഉണ്ട്.
നമ്മുടെ അങ്ങാടിയിലെ പച്ചക്കറിക്കട നടത്തുന്ന വിനയേട്ടന്റെ മകൾ ജീവിതത്തിൽ രക്ഷപ്പെട്ടതു തന്നെ രതീഷുമായുണ്ടായ സ്നേഹബന്ധമൊന്നു തന്നെയാണ്. വളരെ കഷ്ടപ്പെട്ടു കഴിയുന്ന ആ കുടുംബത്തിന് മകളെ പത്താംക്ലാസ് വരെ പഠിപ്പിക്കാൻ കഴിഞ്ഞതു തന്നെ ഭാഗ്യം. മകൾ ശ്രീജക്ക് ഒരു വിവാഹം നടത്തുവാനുള്ള കഴിവും ഇല്ലായിരുന്നു. ഒരിക്കൽ എംപ്ലോയ്മെന്റ് ഓഫീസിൽ പേര് പുതുക്കുവാൻ ചെന്നപ്പോൾ അവിടെ വച്ച് രതീഷിനെ പരിചയപ്പെട്ടു. രണ്ട് വർഷത്തിനു ശേഷം ജോലി കിട്ടിയ രതീഷ് ശ്രീജയുടെ വീട്ടിൽ വരികയായിരുന്നു. അവിടെ വച്ച് അവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കി ശ്രീജയുമായി അടുക്കുകയും പിന്നീട് രതീഷ് ശ്രീജയെ വിവാഹം കഴിക്കുകയും ചെയ്തു. ബന്ധുക്കൾ ചിലരൊക്കെ എതിർത്തുവെങ്കിലും അവർ ഇന്ന് സുഖമായി കഴിയുന്നു. ബന്ധുക്കളുമായുണ്ടായിരുന്ന വിഷമങ്ങളും മാറി. ഇതിനിടയിൽ ശ്രീജക്ക് ജോലിയും കിട്ടി.
എന്നാൽ എന്റെ കൂട്ടുകാരി രത്നകുമാരിയുടേത് പ്രേമവിവാഹമായിരുന്നു. പിന്നീട് അവരുടെ വീട്ടുകാരും മറ്റും സ്ത്രീധനപ്രശ്നം പറഞ്ഞ് വളരെയധികം കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു.
ഭർത്താവും മറ്റുള്ളവരുടെ പക്ഷം ചേർന്ന് പലപ്പോഴും രത്നകുമാരിയെ ദ്രോഹിക്കുകയായിരുന്നു. ആയതിനാൽ അവർ തൻ്റെ കുട്ടിയേയും എടുത്ത് സ്വന്തം വീട്ടിൽ അഭയം തേടുകയായിരുന്നു. ഒരേ കാര്യം നാം എല്ലാവരിലും ഒന്നുപോലെ ആകുമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നാണ് എൻെറ അഭിപ്രായം.

അത് ശരിയാണ് തങ്കമ്മേ, നാം വിചാരിക്കുന്ന പല കാര്യങ്ങളും ചിലപ്പോൾ തെറ്റായി തന്നെയായിരിക്കും ഭവിക്കുക. ജീവിതത്തിൽ എന്തെല്ലാം കടമ്പകൾ നാം കടന്നു പോകേണ്ടതായിട്ടുണ്ട്. കേവലം സൗന്ദര്യത്തിന്റെയും ആർഭാടത്തിന്റെയും ആരാധകരായ കാമുകീ കാമുകവൃന്ദങ്ങൾ എന്തുകൊണ്ട് വിരൂപികളെ പ്രേമിക്കുന്നില്ല. അവരുടെ സന്മനസ്സറിയുന്നില്ല. ഈയിടെ പേപ്പറിൽ വായിച്ചിരുന്നു; കോവളത്ത് വന്ന ഒരു ഫോറിൻകാരി ഒരു കുഷ്ഠരോഗിയെ പ്രേമിച്ചതായും വിവാഹം കഴിക്കുകയും ചെയ്തു വെന്ന വാർത്ത. ഇതിൻെറ സത്യാവസ്ഥകൾ മുഴുവൻ പറയാൻ കഴിയില്ല. ഇതെല്ലാം അത്രയും വിശ്വാസിക്കുവാൻ പ്രയാസമാണുതാനും. ചില വിദേശികൾ അവരുടെ മയക്കുമരുന്ന് വിൽപ്പനക്കും മറ്റും താവളങ്ങൾ കണ്ടെത്തുന്നതിനായി ഇങ്ങനെയുള്ള കാര്യങ്ങളിൽ ഏർപ്പെട്ടതായും കേൾക്കാറുണ്ട്. എല്ലാം ഒരു മറിമായം പോലത്തെ അവസ്ഥയാണ്. അല്ലാതെ എന്താ പറയുക. നാം കൂടുതൽ ആലോചിച്ചു മനസ്സ് പുണ്ണാക്കേണ്ട എന്നാ എനിക്ക് പറയാനുള്ളത്.
- തുടരും.

© Salimraj Vadakkumpuram