...

0 views

ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 11മുതൽ 14 വരെ
ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ
ഭാഗം 11

'മെട്രിഫാഗി' എന്ന വാക്കിന്റെ അർഥം
അമ്മയെ തിന്നുക എന്നാണ്. അമ്മ
ജന്മം കൊടുത്ത കുഞ്ഞുങ്ങൾ, അമ്മയെ-
ത്തന്നെ തിന്നുന്ന അവസ്ഥ. ഈ പ്രതിഭാസം സാധാരണയായി ശലഭ വർഗങ്ങളിലും ചിലതരം വിരകളിലും
ചിലന്തി വർഗങ്ങളിലും കാണപ്പെടുന്നു.

'ഡസേർട് സ്പൈഡർ' എന്ന എട്ടുകാലിയുടെ കുഞ്ഞുങ്ങൾ വളർന്ന്
ശക്തരായാൽ, അമ്മയുടെ ശരീരത്തിലേക്ക് ഒരു വിഷം കുത്തിവെക്കുന്നു. തളരുന്ന അമ്മയുടെ
രക്തം ഊറ്റിക്കുടിച്ച് മക്കൾ വിശപ്പു തീർക്കുന്നു. ഇതൊരു ക്രൂരതയായി കാണേണ്ട, പ്രകൃതി ഒരുക്കിയ അമ്മയുടെ
ത്യാഗമാണ്. സ്വന്തം കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കുവേണ്ടി, അമ്മ സ്വയം വരിക്കുന്ന ജീവത്യാഗം!

മെട്രിഫാഗിയെ മനുഷ്യതലത്തിൽ ഒന്നു
സങ്കല്പിച്ചു നോക്കാം. ബോധം നശിച്ച്, ഒരു ഡൈനിംഗ് ടേബിളിൽ കിടക്കുന്ന അമ്മശരീരം. ആ ശരീരത്തിനു ചുറ്റും കൂടി നിന്ന്,
രക്ത ധമനികളിലേക്ക് കുഴലുകൾ ആഴ്ത്തി രക്തം കുടിച്ചു രസിക്കുന്ന മക്കൾ! എത്ര ബീഭത്സമായ രംഗം?

ഇന്ന്, ഈ വർണനയുടെ പ്രസക്തി എന്താണ്? ജൂൺ അഞ്ചാം തീയതി
അന്താരാഷ്ട്ര പരിസ്ഥിതി ദിനമാണ്.
മനുഷ്യനും ഭൂമിയമ്മയെ തിന്നുന്ന ഒരു
അമ്മതീനിയായി മാറുമോ, എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. വിഭവ സമാഹരണത്തിനു വേണ്ടി, ഭൂവൽക്കം
ഉഴുതു മറിക്കുന്നു. വിഷ മാലിന്യങ്ങളാൽ
മണ്ണും ജലവും വായുവും ജീവന് നിലനില്ക്കാൻ കഴിയാത്ത വിധം നശിച്ചിരിക്കുന്നു.

ഊർജത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലായിരിക്കും മനുഷ്യനെ, അമ്മതീനി-
യാക്കുന്നത്. കൽക്കരിയും പെട്രോളിയവും പ്രകൃതി വാതകവും തീർന്നു കഴിയുമ്പോൾ; പ്രകൃതിയിലെ സ്വാഭാവിക ഊർജസ്രോതസ്സുകൾ
അപരിയാപ്തമായി വരുമ്പോൾ; കൂടുതൽ
ഊർജത്തിനു വേണ്ടി മനുഷ്യൻ അണുശക്തിയേ ആശ്രയിക്കേണ്ടിവരും.
ആണവ നിലയങ്ങൾക്ക്, ഇന്ധനമാവുന്ന
യുറേനിയവും തോറിയവും പ്ലൂട്ടോണിയവും പോലുള്ള മൂലകങ്ങൾ
ഭാവിയിൽ തീർന്നു പോകും. അപ്പോഴേക്കും  മണ്ണിലെ ഏതാറ്റവും
വിഘടിപ്പിച്ച് ഊർജം നിർമിക്കാനുള്ള സാങ്കേതിക വിദ്യ, മനുഷ്യൻ വികസിപ്പിച്ചെടുക്കും. അതിനു ശേഷം
ഭൂമിയെ കാർന്നെടുത്ത് അണു വിഘടനം നടത്തി, ഊർജ നിർമാണം ആരംഭിക്കും.

വെള്ളം ആവിയായി വറ്റിപ്പോകുന്നതുപോലെ, ഈ ഭൂമിയും
പതുക്കെപ്പതുക്കെ ഇല്ലാതാവും! എല്ലാ
ജീവജാലങ്ങളും അതോടെ അപ്രത്യക്ഷമായേക്കാം!

പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളും അവയെ ചുറ്റിക്കറങ്ങുന്ന
ബഹുകോടി ഗ്രഹങ്ങളും ഉള്ളതിൽ,
ജീവനെന്ന അദ്ഭുതപ്രതിഭാസം ഈ
ഭൂമിയിലേ നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളു.
മറ്റു ഗോളങ്ങളിൽ ഉണ്ടായാൽത്തന്നെയും
അവ നമ്മുടെ അറിവിന്റെ പരിധിക്കപ്പുറമാണ്.

വളർന്ന്, വികസിച്ച്, അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുന്നതിനു മുമ്പേ,
ദുരമൂത്ത്, അമ്മയെ തിന്നുന്ന മക്കളായി
നമ്മൾ പരിണമിച്ചേക്കാം! ജീവന്
സർവനാശം സംഭവിച്ചേക്കാം!  അതു
സംഭവിക്കാതെ; മനുഷ്യന്, ഭൂമിയും പ്രകൃതിയും കൂടാതെ നിലനില്പില്ല, എന്ന
അവബോധം സൃഷ്ടിക്കുന്നതിനാണ്
ഈ പരിസ്ഥിതി ദിനാഘോഷം.

ഈ ആഘോഷം കാലത്തിന്റെ കരുതലാവണം. ഒരു മഹാദുരന്തത്തെ
പ്രതിരോധിക്കാനുള്ള  കരുതൽ! മരണഭീതിയിൽ നിന്ന് കരകയറാനുള്ള
മാർഗം.
               **************"*

ഭാഗം 12
മിന്നലിന്റെ സമ്മാനം
.........................................

രാത്രിയിൽ ഇടിമിന്നലും കാറ്റും മഴയും ഉണ്ടായിരുന്നു. രാവിലെ മുറ്റവും പറമ്പും ഇലകളും കമ്പുകളും വീണ് അലങ്കോലമായി കിടക്കുന്നു. മുറ്റത്തു നിന്നും പുറത്തേക്കിറങ്ങുന്ന വഴിവക്കിലെ
ചെന്തെങ്ങിന്റെ പച്ച മടലുകൾ താഴെ വീണു കിടക്കുന്നു. ചെന്തെങ്ങിനെന്താ സംഭവിച്ചത്?

ഉണ്ണിക്കുട്ടൻ ഒറ്റ ഓട്ടത്തിന് ചെന്തെങ്ങിന്റെ അരുകിലെത്തി. അവൾ വിറച്ചുകൊണ്ടിരിക്കുന്നു എന്നു തോന്നിപ്പോകും.

"എന്താടി തേങ്ങാമരമേ, വിറയ്ക്കുന്നത്?
നിന്റെ പച്ചമടൽ ഒടിച്ചിട്ടതാരാ?"

ചെന്തെങ്ങിന് ശബ്ദം പൊങ്ങിയില്ല. അവൾ മിണ്ടാൻ കഴിയാത്തവണ്ണം ഭയന്നിരിക്കുകയാണ്.
സൂര്യപ്രകാശം മുഖത്തടിച്ചപ്പോൾ, അവളുടെ പരിഭ്രമം തെല്ലു കുറഞ്ഞു.
അവൾ വിക്കിവിക്കി ഫറഞ്ഞു: "ഉണ്ണീ, ഇന്നലെ രാത്രിയിലെ പൊട്ടിത്തെറി നീ കേട്ടിട്ടില്ലേ? ആകാശം പൊട്ടിക്കീറി താഴോട്ടു വരുന്നതുപോലെ തോന്നി. ഞാൻ പേടിച്ചു വിറച്ചു പോയി. ഞാൻ വിറച്ചപ്പോൾ, അടർന്നു വീണതാ, ആ പച്ച മടൽ!"

"കഷ്ട്ടം കഷ്ട്ടം അത് ഇടി വെട്ടിയതല്ലേ? മഴക്കാലത്ത് ഇടി മുഴങ്ങാറില്ലേ?"

"അത് നമ്മളെ കൊന്നു കളയുന്ന തീയല്ലേ?"

"അതൊക്കെ ശരി; പക്ഷേ, ഇടിയെ പേടിച്ച് നമുക്ക് പുറത്തിറങ്ങാതിരിക്കാൻ പറ്റുമോ? നിനക്കറിയാൻ പാടില്ലേ, അടുത്തു നില്ക്കുന്ന ഏറ്റവും വലിയ ഉയരമുള്ള മരത്തിനാണ്, മിന്നലേല്ക്കാൻ സാധ്യത. നിന്റെ ചുറ്റും എത്രയോ വൻ മരങ്ങളുണ്ട്? അവയ്ക്ക് മിന്നൽ ഏൽക്കാതെ നിന്നെ മിന്നൽ സ്പർശിക്കുകയില്ല. വിറയല് നിർത്ത്.
നീ ഒന്നു ചിരിച്ചേ."

ചെന്തെങ്ങ് നാണിച്ചു ചിരിച്ചപ്പോൾ, അഞ്ചാറ് പൂക്കുലയരികൾ താഴെ വീണു.
"എന്റെ തെങ്ങേ, ഈ ഇടിമിന്നലുകൊണ്ടാ നിങ്ങള് ജീവിച്ചു പോകുന്നത്! നിങ്ങൾക്ക് വളരാൻ നൈട്രജൻ വേണം. നിങ്ങൾക്കത്
ലവണരൂപത്തിലെ വലിച്ചെടുക്കാൻ കഴിയൂ. അന്തരീക്ഷ നൈട്രജനെ ലവണരൂപത്തിലാക്കുന്നത് മിന്നലിന്റെ സഹായത്താലാ!"

" അതെങ്ങനെ, വിശദമായി പറഞ്ഞേ!"

" ഇടിമിന്നലുണ്ടാവുമ്പോൾ ഉയർന്ന താപനില ഉണ്ടാകുന്നു. ഈ ഊഷ്മാവിൽ നൈട്രജൻ ഓക്സിജനുമായി ചേർന്ന് നൈട്രജന്റെ ഓക്സൈഡുകൾ രൂപപ്പെടുന്നു. അവ മഴവെള്ളത്തിൽ ലയിച്ച് ആസിഡായി മണ്ണിൽ വീഴും. മണ്ണിലെ ധാതുക്കൾ ആസിഡുമായി കൂടിച്ചേരുമ്പോൾ നൈട്രേറ്റുകൾ ഉണ്ടാവും. നിങ്ങളത് വേരിലൂടെ വലിച്ചെടുക്കും!"

"അങ്ങനെയെങ്കിൽ നല്ല ഇടിമിന്നലു വരട്ടെ. എന്റെ ജീവൻ പോയാലും കുഴപ്പമില്ല, മണ്ണിന് വളമുണ്ടാവട്ടെ!"

"കൂടുതൽ വീരവാദം മുഴക്കണ്ട, അടുത്ത ഇടിക്ക് മണ്ട കുലുക്കി താഴെയിടാഞ്ഞാൽ മതി."

രണ്ടു പേരും പൊട്ടിച്ചിരിച്ചു!

തുടരും...

ഭാഗം 13
മരണമില്ലാത്ത ജീവികൾ
...............................................

ഉണ്ണിക്കുട്ടൻ തിണ്ണയിലിരുന്ന് സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ,ഒരു കൊതുക്
അവന്റെ മുഖത്തുവന്ന് ചോരകുടിക്കാൻ ഒരു കുത്തു കുത്തി. അറിയാതെ ഉണ്ണിക്കുട്ടന്റെ കൈയ്യുയർന്ന് കൊതുകിനെ തല്ലി. താഴെ വീണു പിടയുന്ന കൊതുകിനെ കണ്ടപ്പോൾ ഉണ്ണിക്കുട്ടന് പ്രയാസമായി. ഒരു ജീവിയെ കൊന്നല്ലോ, എന്ന പ്രയാസം. ഉണ്ണിക്കുട്ടൻ ദുഃഖിച്ചിരിക്കുമ്പോൾ, മുകളിൽ ഉത്തരത്തേലിരിക്കുന്ന പല്ലിയമ്മ ഒരു ചിരി.

പല്ലി: " എന്താടാ കൊച്ചനെ, നീ അരുതാത്തതൊന്നും ചെയ്തില്ലല്ലോ. പിന്നെന്തിനാ ഈ മൂഡ് ഓഫ്?"

ഉണ്ണി മറുപടീ പറഞ്ഞില്ല. മരണവെപ്രാ മടിക്കുന്ന കൊതുകിനെ നോക്കിയിരുന്നു. പല്ലിയമ്മയ്ക്ക് കാര്യം മനസ്സിലായി.

" ഇതെന്താടാ കൊച്ചനേ, നീ അരുതാത്തതൊന്നും ചെയ്തില്ലല്ലോ; സ്വയരക്ഷയ്ക്കു വേണ്ടി പ്രകൃതി ന്ശ്ചയിച്ചിരിക്കുന്ന പ്രതിപ്രവർത്തനം നിന്റെ ശരീരം പ്രകടിപ്പിച്ചതാണ്. ഇതിൽ നിന്റെ ബോധമനസ്സിന്റെ ഇടപെടൽ ഇല്ല. അതുകൊണ്ട് പാപവുമില്ല.

ഉണ്ണിക്കുട്ടൻ പറഞ്ഞു: " ശരി പല്ലിയമ്മേ, അത് ചത്തത് എനിക്ക് സങ്കടമായി. പല്ലിയമ്മേ, ചാവാത്ത ജീവികളുണ്ടോ?"

"അയ്യയ്യോ, ഈ ചെക്കനെന്തൊക്കെയാ ചോദിക്കുന്നത്? മനുഷ്യന്മാക്ക് അറിയാത്തത്, പല്ലികളെങ്ങനെ അറിയും?
ശരി, കണ്ടുപിടിക്കാം. നീന്റെ കയ്യിലെ മൊബൈലീൽ ഒന്നു കുത്തി നോക്കിക്കേ, മരണമില്ലാത്ത ജീവികളെ തിരഞ്ഞേ..."

"അതു ശരിയാണല്ലോ", ഉണ്ണിക്കുട്ടൻ ഗൂഗിളിൽ ടൈപ്പ് ചെയ്തു, 'Immortality in living beings'; അതാ, ഗൂഗിൾ പറയുന്നു, അനശ്വര ജെല്ലി ഫിഷ്, 'ടൂറിഡോപ്സിസ് ഡോർണി'ക്ക് മരണമില്ലെന്ന്.

ഇന്നുവരെ ജൈവശാസ്ത്രപരമായി 'അമർത്യം' എന്നു വിളിക്കപ്പെടുന്ന ഒരേ ഒരിനം ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ
ജീവിക്കുന്ന ഈ ജെല്ലി ഫിഷുകളാണ്. അതായത് Turritopsis dohrni. ഈ ജന്തുക്കൾ പ്രായമാകുമ്പോൾ ചെറുപ്പത്തിലേക്ക് മടങ്ങുന്നു, വീണ്ടും വളരുന്നു.

പട്ടിണി, രോഗം, അത്യാഹിതങ്ങൾ എന്നിവ മരണത്തിൽ കലാശിക്കാം എന്നാൽ സ്വാഭാവിക മരണം സംഭവിക്കുന്നില്ല. പ്രായം കൂടുമ്പോൾ, ഏതാനും കലകൾ ഒന്നുചേർന്ന് ഒരു ചെറുകുമിളയായി മാറും. അത് ലൂപം മാറി പോളിപ് ഘട്ടത്തിൽ ( ഹൈഡ്രപോലെ) എത്തുന്നു. ഒരു ചിത്രശലഭം പുഴുവാകുന്നതു പോലെ, തവള വീണ്ടും വാൽമാക്രിയാവുന്നതു പോലെ!

ഉണ്ണിക്കുട്ടൻ ഈ വിവരങ്ങളൊക്കെ പല്ലിയമ്മയോടു പറഞ്ഞു. പല്ലിയമ്മ ആലോചിച്ച് പറഞ്ഞു," ഉണ്ണിക്കുട്ടാ, ഈ മരണമൊരു അനുഗ്രഹമല്ലേ, പഴയത് കളഞ്ഞ് പുതിയതു സ്വീകരിക്കാനുള്ള അനുഗ്രഹം.
"ഈ ജെല്ലിഫിഷുകൾക്ക്, അവരുടെ പൂർവകാല സ്മൃതികൾ ഉണ്ടാവുമോ?
അറിയില്ലല്ലോ, ഉണ്ണിക്കുട്ടാ, നീ ഒരെണ്ണത്തിനെ തിരഞ്ഞു പിടിച്ച് ചോദിച്ചു നോക്ക്. അവർക്ക് ഓർമയുണ്ടെങ്കിൽ, ഈ ലോകത്തിന്റ പൂർവകാല ചരിത്രം അവരു പറയും. ഒന്നു ശ്രമിച്ചു നോക്കണേ."

"ശരി, പല്ലിയമ്മേ!"

ഭാഗം 14
എന്താണു മരണം?

അയലത്തെ വീട്ടിലെ അമ്മുമ്മ മരിച്ചു.
പ്രായം ചെന്ന് കൂനി,തൊലി ചുക്കിച്ചുളിഞ്ഞ്, ക്ഷീണിച്ച്, ശ്വാസം നിലച്ചു. അമ്മുമ്മയുടെ ജഢം കണ്ടു തിരികെ വന്ന ഉണ്ണിക്കുട്ടന്റെ ചിന്ത മരണത്തെപ്പറ്റിയായി. മരണ രഹസ്യങ്ങൾ ആരോട് ചോദിച്ചറിയും? അയലത്തെ ഡോക്ടർ മാമനോട് ചോദിച്ചാലോ?
ഒരു ഞായറാഴ്ച ഡോക്ടർ മാമന് ഡ്യൂട്ടിയില്ലാത്ത സമയം തിരക്കിയറിഞ്ഞ് ഉണ്ണിക്കുട്ടൻ വീട്ടിൽ ചെന്നു. ഉണ്ണിക്കുട്ടന്റെ മുഖം കണ്ടതേ, ഡോക്ടർക്ക്, മനസ്സിലായി ഏതോ വലിയ കാര്യം അറിയാനുള്ള വരവാണെന്ന്. ഡോക്ടർ അവനോടൂ പൽഞ്ഞു: "ഉണ്ണിക്കുട്ടാ, നിന്റെ തല പൂകയുന്നുണ്ടല്ലോ, ഏതു തീയാ, അതിനകത്തു കത്തുന്നത്?"

"മാമാ, സമയമുണ്ടെങ്കിൽ ഈ മരണത്തെപ്പറ്റി പറഞ്ഞു തരണം."

"കൊള്ളാം ആരും ചിന്തിക്കാനിഷ്ടപ്പെടാത്ത വിഷയം. എനിക്കറിയാവുന്നത് പറഞ്ഞു തരാം."
ഡോക്ടർ പറഞ്ഞു കൊടുത്തതും ഉണ്ണിക്കുട്ടന് മനസ്സിലായതുമായ കാര്യങ്ങൾ ഇവയാണ്.

പ്രായമാകുന്നത് ആരു. ഇഷ്ടപ്പെടുന്നില്ല. പക്ഷേ,, അതു തടയാനും നമുക്ക് മാർഗങ്ങളില്ല. വേണമെങ്കിൽ പ്രായമാകുന്നതിന്റെ കാലദൈർഘ്യം കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാം. പ്രായമാകൽ ജീവിതത്തിലെ അനിവാര്യ
ഘടകമാണ്.

സാധാരണ ജീവത്പ്രവർത്തനങ്ങളുടെ ക്രമാനുഗതമായ അപചയപ്രവർത്തനമാണ് വാർദ്ധക്യം. വാർദ്ധക്യം തുടങാങുമ്പോൾ, കോശങ്ങൾ വിഭജിക്കുന്നത് നിർത്തുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.ഒരു ജീവിക്ക് ബാഹ്യ ചോദനങ്ങളോട് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ് മരണം. ഗീത പറയുന്നതുപോലെ ആത്മാവ് ജീർണവസ്ത്രം മാറ്റുന്നത് മരണം.

കോശവിഭജനം നടക്കുമ്പോഴാണ് ശരീരം പുഷ്ടിപ്പെടുന്നത്. പഴയ കോശങ്ങളെ മാറ്റി പുതിയവയെ സ്ഥാപിച്ചുകൊണ്ടിരിക്കും. ശരീരത്തിന് പുതിയ കോശങ്ങളെ നിർമിക്കാൻ കഴിയാതെ വരുമ്പോൾ മരണം സംഭവിക്കുന്നു.

ശവശരീരം ജീവിക്കുമ്പോൾ, അതിലെ മൂലകങ്ങൾ പ്രകൃതിയിലേക്ക് സ്വതന്ത്ര മാക്കപ്പെടുന്നു. അവ വീണ്ടും പുതിയ ശരീരത്തിന്റെ നിർമാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.

ഈ മണ്ണിലെ ഘടകങ്ങൾ കൂടിച്ചരുന്നു, വിഘടിക്കുന്നു. ഇതാണ് സംഭവിക്കുന്നത്.
ഈ വലിയകാര്യങ്ങൾ ഉണ്ണിക്കുട്ടന്റെ തലയ്ക്കകത്തിരുന്ന് വിങ്ങി.

(തുടരും...)











© Rajendran Thriveni