...

44 views

കൂടു൦ കുടയു൦
"ആദ്യത്തെ മഴയാ...നനയണ്ട."
ചാറ്റൽ മഴ കണ്ട് സംശയിച്ച് നിന്ന അവൾ കയ്യിൽ ഉള്ള വലിയ നീലക്കുട നിവർത്തി സ്കൂളിന്റെ വരാന്തയിൽ നിന്ന് മുറ്റത്തേക്കിറങ്ങി.

"ഇടവപ്പാതി തുടങ്ങി പോലും. അതോ തുലാവർഷമോ? ഹാ... പണ്ടൊക്കെ എന്ത് ഇടവപ്പാതി എന്ത് തുലാവർഷം. ഏത് മഴ കണ്ടാലും ഇറങ്ങി ഓടും നനയാൻ. ആദ്യത്തെ മഴയാ നനയണ്ടാ എന്ന് അന്നും അമ്മ പറയാറുണ്ട്. ആര് കേൾക്കാൻ?! ഇപ്പൊ അത് നടക്കില്ലല്ലോ. പ്രായപൂർത്തിയായില്ലേ. ഒക്കെ അറിയില്ലേ."
അല്പം ഒരു പുച്ഛ ഭാവത്തോടെ അവൾ മുന്നോട്ട് നടന്നു.

മഴയുടെ ശക്തി കൂടുന്നുണ്ട്. നിവർന്ന് നിൽക്കുന്ന കുടയുടെ മേലെ വീഴുന്ന വെള്ളത്തുള്ളികളുടെ എണ്ണവും കനവും കൂടുന്നത് പോലെ.
ചുറ്റിനും ഉള്ള നനവും, കുടയ്ക്കുള്ളിലെ ഭദ്രതയും, മഴയുടെ ഇരപ്പും ശ്രദ്ധിച്ച് വഴിമധ്യേ അവൾ കുറച്ച് നേരം നിന്നു, കണ്ണുകൾ അടച്ച്.

"കുട വലിച്ചെറിഞ്ഞ് അലറി വിളിച്ച് ഈ വഴിയിലൂടെ ഓടിയാലോ? വീടെത്തുമ്പൊ നിക്കാം.....അല്ലെങ്കിൽ വേണ്ട. ആൾക്കാരെന്ത് വിചാരിക്കും? പലതും വിചാരിക്കും."
കാൽ അമർത്തി ചവിട്ടി വെള്ളം തെറിപ്പിച്ച് അവൾ പിന്നെയും മുന്നോട്ട് നടന്നു.

"ഇങ്ങനെ എത്ര കാര്യങ്ങൾ അടക്കി വെക്കണം? കുടയ്ക്കുള്ളിൽ നനയാതെ നിക്കുന്ന എന്റെ ദേഹം പോലെ എത്ര ആഗ്രഹങ്ങളെ ഞാൻ വെളിച്ചം കാട്ടാതെ മറയ്ക്കണം?
വല്യ കുട്ടി ആയില്ലേ. അതുപോലെ പെരുമാറണം. ഇനി മഴയത്ത് വഴിയിൽ ഉള്ള ചെറിയ കുഴികളിൽ ചാടി ചളി തെറിപ്പിക്കാൻ പാടില്ല, കണ്ട മരങ്ങളിൽ ഒന്നും വലിഞ്ഞ് കേറാൻ പാടില്ല, കടയിൽ പോവുമ്പൊ മിട്ടായി വേണം എന്ന് പറഞ്ഞ് വാശി പിടിക്കാൻ പാടില്ല, സാറ്റ് കളിക്കാൻ പാടില്ല, കളർ അടിക്കാൻ പുസ്തകവും ക്രയോൺസു൦ വേണം എന്ന് പറയാൻ പാടില്ല, കാർട്ടൂൺ കാണാൻ പാടില്ല, ഒത്തിരി നിറങ്ങളും പൂക്കളും പടങ്ങളും ഉള്ള ഉടുപ്പു൦ ബാഗു൦ പെൻസിൽ ബോക്സു൦ ഒന്നും വാങ്ങാൻ പാടില്ല. കാരണം വല്യോർ ഇതൊന്നും ചെയ്യില്ലല്ലോ. ചെയ്യും, ഇതിന്റെ ഒക്കെ "ഗ്രോണപ്പ് വേർഷൻ", ചേച്ചിയേ പോലെ. ഇഷ്ടം ഉണ്ടായിട്ടാണോ എന്തൊ?!"

പണ്ട് ഈ വഴിയിലും ടാർ ഉണ്ടായിരുന്നു എന്നത് ഓർമ്മിപ്പിക്കാൻ എന്ന പോലെ അടർന്ന് കിടക്കുന്ന മെറ്റലുകളിൽ ഒന്നിനെ കാലുവെച്ച് ആഞ്ഞ് തട്ടി അവൾ നടന്നു. വളവ് തിരിയും വരെ ആ കല്ലിനെ കൂടെ കൂട്ടി. നടന്ന് പോകേണ്ട കയറ്റത്തിന്റെ ഉച്ചിയിൽ നിന്ന് കുത്തൊലിച്ച് വരുന്ന വെള്ളം അവൾ അല്പം ഭയത്തോടെയും അല്പം കൗതുകത്തോടെയും നോക്കി നിന്നു.

"ഈ വഴി പോണ്ട. കാല് തെന്നി വീണാലോ, മുറിയില്ലേ? ചളിയാവില്ലേ?
അല്ലെങ്കി.....ഈ വഴിയിൽ കേറി ഇരുന്ന് വെള്ളത്തിന്റെ കുടെ അങ്ങ് ഒഴുകി പോയാലൊ? ഒഴുകി എത്തുക ഏതേലും തോട്ടിലോ മറ്റോ ആവില്ലേ? പണ്ട് ഒരു കാർട്ടൂണിൽ കണ്ടത് പോലെ കുട മറിച്ചിട്ട് അതിമ്മേ കേറി ഇരുന്ന് ആ തോട്ടിലൂടെ തുഴഞ്ഞ് തുഴഞ്ഞ് പൊണം. കൂടെ നീന്താൻ പല നിറങ്ങളിൽ ഉള്ള മീനുകളും ഉണ്ടാവും." അവൾ അറിയാതെ പതിയെ ഒന്ന് പുഞ്ചിരിച്ചു.
"വേണ്ട വേണ്ട"
മറ്റൊരു വഴിയേ പൊവാൻ തീരുമാനിച്ച് അവൾ തിരിഞ്ഞ് നടന്നു.

"അങ്ങനെ പൊയാൽ തന്നെ മുഴുവൻ നനയില്ലേ?" അവൾ ഓർത്തു. "നനഞ്ഞാൽ ഈ വെള്ള ഷർട്ടിലൂടെ മാറിടവും വയറും മുതുകും ഒക്കെ കാണില്ലേ?"
പത്രങ്ങളിലും ടീവിയിലും ഒക്കെ നിരന്തരം കാണുന്ന വാർത്തകൾ അവളുടെ മനസ്സിൽ വന്നു. ചുണ്ടുകളിൽ ബാക്കി ഉണ്ടായിരുന്ന പുഞ്ചിരിയും പതിയെ മാഞ്ഞു.

"വേണ്ട....വലുതായി"

മഴയോടൊപ്പം കാറ്റും നന്നായി വീശിത്തുടങ്ങി. ഒരു കൈ കൊണ്ട് കുടയുടെ പിടിയിൽ മുറുക്കെ പിടിച്ച് മറു കൈ കൊണ്ട് കാറ്റത്ത് പറന്ന് പൊങ്ങാതിരിക്കാൻ പാവാടയിലും പിടിച്ച് അവൾ മുന്നോട്ട് നടന്നു.

"പാവാട മുറുക്കി പിടിക്ക്. കുട പറന്നാലും സാരമില്ല, ഉള്ളിൽ സ്ലിപ്സ് ഇട്ടിട്ടുണ്ടെങ്കിലും പാവാട പറന്നാ നാണക്കേടല്ലേ?" മരങ്ങളുടെ ഇടയിലൂടെ ഊളിയിട്ട് ശക്തമായി കാറ്റ് പിന്നേയും വീശി.

"എന്തൊരു കാറ്റാ! മെലിഞ്ഞിരിക്കുന്നോണ്ട് 'കാറ്റത്ത് പറന്ന് പോവാണ്ട് സൂക്ഷിച്ചോ' എന്ന് കളിക്ക് പലരും പറയാറുണ്ട്. ശെരിക്കും പറന്ന് പോയാലോ?...എങ്കിൽ കുട ഞാൻ വിടില്ല പക്ഷെ പാവാടയിൽ നിന്ന് കയ്യെടുക്കും. അതും കുട പോലെ ഇങ്ങനെ വിരിഞ്ഞ് നിക്കില്ലേ അപ്പൊ? മഹാഗണീടെ അരി പോലെ...അല്ലല്ല, അപ്പൂപ്പൻ താടി പോലെ ഞാൻ ആകാശത്തിങ്ങനെ കറങ്ങി കറങ്ങി...."
ചിത്രം മനസ്സിൽ വന്നപ്പോഴേക്കും അവൾ പൊട്ടിച്ചിരിച്ചു. പെട്ടെന്ന് ചിരി അടക്കി, ശ്വാസം അടക്കി അവൾ പാവാട ഒന്നും കൂടി മുറുക്കെ പിടിച്ചു.

"പയ്യെ ചിരിക്ക്! അന്ന് ഇംഗ്ലീഷ് സാർ ഇളം പച്ച ഷർട്ട് ഇട്ട് വന്നപ്പൊ സാറിനെ കാണാൻ മിന്നാമിന്നിയേ പോലെ ഉണ്ടെന്നും പറഞ്ഞ്, ചിറക് മുളച്ച് ഷർട്ട് മിന്നിച്ച് സാർ പറന്ന് നടക്കുന്നത് ആലോചിച്ച് ചിരിച്ചത് ഓർമ്മയുണ്ടല്ലോ? ബാക്കി എന്താ നടന്നേ എന്നും ഓർമ്മയുണ്ടല്ലോ? നാണംകെട്ടു!
കുട്ടി അല്ല. വെറുതെ ഒറ്റയ്ക്കിരുന്ന് ചിരിച്ചാ പ്രാന്താണെന്നേ എല്ലാരും പറയു."
ഇനി മാറ്റേണ്ട പല പല ഭ്രാന്തുകളുടെ എണ്ണം എടുത്തവൾ മനസ്സിൽ കുറിച്ചിട്ടു.

"ഇനി കാറ്റത്ത് പറന്ന് പോയാൽ തന്നെ അവസാനം എവിടെയെങ്കിലും ചെന്ന് വീഴണ്ടെ? വീഴണം. എന്നിട്ട് ഒരു ചെടി ആയി കിളിച്ച് വരണം. അപ്പൊ എത്ര വേണേലും മഴ നനയാലോ. എത്ര വേണലും ചിരിക്കാലോ. ആരും ശ്രദ്ധിക്കില്ല, കാണില്ല.
അമ്മ പറയാറില്ലേ, പണ്ട് കുഞ്ഞായിരുന്നപ്പൊ എന്നേ ചിരിപ്പിക്കാൻ അമ്മേടെ ആങ്ങളമാർ മത്സരം വെക്കുമായിരുന്നു എന്ന് . എന്നിട്ട് എല്ലാരും ജയിക്കും, കാരണം ഞാൻ എന്ത് കണ്ടാലും ചിരിക്കുമായിരുന്നല്ലോ. അതൊക്കെ പണ്ട്. എല്ലാരേം സന്തോഷിപ്പിക്കാൻ വെറുതെ ഒന്ന് ചിരിച്ചാ മതിയായിരുന്നു. ഇപ്പഴോ? സ്വാഭാവികമായി വരുന്ന ഈ സാധനം ഇപ്പൊ അടക്കണം!"
ചിത്രങ്ങളിലൂടെ മാത്രം ഓർമ്മയുള്ള തന്റെ ശൈശവവും കുട്ടിക്കാലവും മറ്റ് പലതും അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

കാറ്റിന്റെ വേഗത അല്പം കുറഞ്ഞത് പോലെ. പാവാടയിൽ നിന്നും എടുത്ത കൈ കൊണ്ട് അവൾ ദേഹം ചുറ്റി. വല്ലാതെ തണുക്കുന്നുണ്ട്.

"കഴുത്തിന് താഴോട്ട് മൊത്തം നനഞ്ഞു! പിന്നെന്തിനാ ഈ കുട പിടിക്കണെ? ഓ, തല നനയാൻ പാടില്ലല്ലോ അല്ലേ? പിന്നെ മുഖം നനഞ്ഞാ കൺമഷിയു൦ പടരും."
മുഖം മറയ്ക്കാൻ തക്കവണ്ണം കുട ഒരല്പം മുന്നോട്ട് ചരിച്ച് തലകുനിച്ച്, വീശുന്ന കാറ്റിനും മഴയ്ക്കും എതിരെ അവൾ നടന്നു.

"നോക്കുന്നവർക്ക് ഇപ്പൊ എന്റെ കാല് മാത്രം അല്ലേ കാണാൻ കഴിയു! അപ്പോ വിചാരിക്കില്ലേ മനുഷ്യന്റെ കാലുകളും കുട പോലെ ദേഹം ഉള്ള എന്ത് ജീവിയാ ഇതെന്ന്? ഇല്ല അല്ലെ?! അങ്ങനെ വിചാരിക്കില്ല, കാരണം കാണുന്നവർക്ക് അറിയാലൊ. ഇനി ഒരുവിചിത്ര ജീവി ആണെങ്കിൽ തന്നെ അവർ കാണില്ലല്ലോ, സമ്മതിക്കില്ലല്ലോ. കാരണം അവർക്കറിയാം. എല്ലാം എല്ലാവർക്കും അറിയാം. കൗതുകവും, ഭയവും, സങ്കല്പങ്ങളും കുട്ടികൾക്ക് അവകാശപ്പെട്ടതാ. വലുതായാൽ ഒക്കെ അറിയണം, അടക്കണം, മറക്കണം."

കുട മടക്കി വീടിന്റെ ഗേറ്റ് മുതൽ വാതിൽ വരെ അവൾ മഴ നനഞ്ഞ് ഓടി. വാതിൽ തുറന്ന് അകത്തേക്ക് കയറും മുന്നേ ഉണങ്ങാനായി കുട നിവർത്തി അവൾ വരാന്തയിൽ വച്ചു. നാളെയും വേണമല്ലോ. ഇനി അങ്ങോട്ട് എന്നും വേണം.
.
.
@fernweh

#malayalam #women #growingup

© Chintha
© 𝖈𝖍𝖎𝖓𝖙𝖍𝖆