...

0 views

മലമുഴക്കി വേഴാമ്പൽ
ഭാഗം 5
മലമുഴക്കി വേഴാമ്പൽ
...........................................

സ്കൂൾ അടയ്ക്കുമ്പോൾ ഉണ്ണിക്കുട്ടൻ ഇടുക്കിയിലുള്ള അമ്മാവന്റെ വീട്ടിൽ പോകാറുണ്ട്. അവിടുത്തെ മഞ്ഞും കുളിരും മരങ്ങളും പക്ഷികളും ഉണ്ണിക്ക് വലിയ ഇഷ്ടമാണ്.

ഒരു ദിവസം അമ്മാവന്റെ തോട്ടത്തിലൂടെ ചിത്രശലഭങ്ങളെ നോക്കി നടക്കുമ്പോൾ, ആകാശത്തിൽ ഒരിരമ്പൽ കേട്ടു. ഹെലികോപ്റ്റർ വരുന്നപോലെ, കുന്നുകളിൽ തട്ടി പ്രതിധ്വനിക്കുന്ന ഒരു ചിറകടി ശബ്ദം. മുകളിലേക്കു നോക്കിയപ്പോഴാണ് വലിയ രണ്ടു നിറമുള്ള പക്ഷികൾ പറന്നു വരുന്നത് കണ്ടത്. അടുത്തുള്ള അത്തിമരത്തിൽ വന്നിരുന്ന് അവർ അത്തിപ്പഴം കൊത്തിവിഴുങ്ങാൻ തുടങ്ങി. ഉണ്ണിക്കുട്ടൻ അവരെ സൂക്ഷിച്ച് നിരീക്ഷിച്ചു. നീണ്ട മഞ്ഞ കൊക്കുകൾ, തലയിൽ തൊപ്പി പോലത്തെ പൂവ്, നിറമുള്ള തൂവലുകൾ. ഉണ്ണിക്കുട്ടൻ ഈ പക്ഷികളുടെ പടം കണ്ടിട്ടുണ്ട്. പേര് ഓർമിക്കാൻ ശ്രമിച്ചു. അതെ, പേരുകിട്ടി വേഴാമ്പൽ, മലമുഴക്കി വേഴാമ്പൽ.

വേഴാമ്പലുകൾ ചുറ്റിലും നോക്കിക്കൊണ്ടാണ് പഴം തിന്നുന്നത്.
മനുഷ്യരെ കണ്ടാൽ, അവർ പറന്നകലുമെന്ന് വായിച്ചിട്ടുണ്ട്. അതുകൊണ്ട് ഒളിച്ചു നിന്നു വേണം അവരോടു സംസാരിക്കാൻ. ഉണ്ണിക്കുട്ടൻ ഒരു മരത്തിന്റെ മറവിൽ നിന്നുകൊണ്ട്
വേഴാമ്പലിന്റെ ശബ്ദമുണ്ടാക്കി.

"കൊഹ്, കൊഹ്റാ...കൊഹ്റാ...
കൊഹ്, കൊഹ്, കൊഹ്റാ..."

വേഴാമ്പലുകൾ ചുറ്റിലും നോക്കി. ആരെയും കാണാതെ വന്നപ്പോൾ അവർ മറുപടി നല്കി,. " കൊഹ്, കൊഹ്, കൊഹ്റാ..."

"ഉണ്ണിക്കുട്ടൻ മറഞ്ഞിരുന്നുകൊണ്ട് പറഞ്ഞു:-. " ഹായ്, കൂട്ടുകാരേ, പറന്നു പോകല്ലേ, ഞാൻ നിങ്ങളുടെ ശത്രുവല്ല, കൂട്ടുകാരനാണ്. പേര് ഉണ്ണിക്കുട്ടൻ. നിങ്ങളെ കാണാൻ അകലെ നിന്ന് വന്നതാണ്."

" ആഹാ, ആരാ ഉണ്ണിക്കുട്ടൻ? കാണട്ടെ."

ഉണ്ണിക്കുട്ടൻ മരത്തിന്റെ മറവിൽ നിന്ന് പുറത്തു വന്ന്, അവരെ നോക്കി കൊഹ് കൊഹ്, കൊഹറാ... ശബ്ദമുണ്ടാക്കി. അവർ ഉണ്ണിക്കുട്ടനെ കണ്ടു.

"അമ്പടാ മിടുക്കാ, നീ ഞങ്ങളുടെ ഭാഷ പഠിച്ചല്ലോ! ആദ്യമായിട്ടാ ഒരു മനുഷ്യനെ
പേടികൂടാതെ കാണുന്നത്."

"അതെന്താ, മനുഷ്യര് അത്ര മോശമാണോ?"

"മരങ്ങൾ വെട്ടി, കാടു വെട്ടി, ഞങ്ങളുടെ ആവാസവ്യവസ്ഥ തകർത്തു; പഴം കായ്ക്കുന്ന മരങ്ങളെ നശിപ്പിച്ചു, ഞങ്ങളെ വേട്ടയാടിപ്പിടിച്ച്, ചുണ്ടും തൊപ്പിപ്പൂവും തൂവലുകളും പിഴുതു വിറ്റു!
ഞങ്ങളുടെ മാംസം ഇഷ്ട വിഭവമാക്കി.
ഞങ്ങളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. മനുഷ്യർ ഞങ്ങളുടെ വംശനാശത്തിന് കാരണമാകുന്നു.
അതുകൊണ്ടാണ് മനുഷ്യരെ ഭയക്കുന്നത്."

"ശരി, പക്ഷികളെ,നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട്. നിങ്ങൾ പഴം കഴിച്ചുകൊള്ളു. വീണ്ടും കാണാം."

താനവിടെ നിന്നാൽ, അവർ സമാധാനത്തോടെ ഭക്ഷണം കഴിക്കില്ലെന്ന് ഉണ്ണിക്കുട്ടന് മനസ്സിലായി.
അവൻ വേഴാമ്പലുകളെ തനിച്ചാക്കി വീട്ടിലേക്കു മടങ്ങി.


© Rajendran Thriveni