...

2 views

ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 4
ഭാഗം - 4
കുഴിയാനയും കൂനനുറുമ്പും
........................................................
വീടിനു ചുറ്റും കറങ്ങി നടക്കുമ്പോഴാണ്, മുറ്റത്തിന്റെ അരുകിൽ കുഴിയാനയുടെ മൺചുഴി കണ്ടത്. ഉണ്ണിക്കുട്ടനറിയാം ആ കുഴിയുടെ നടുവിൽ പൊടിമണ്ണിനുള്ളിൽ കുഴിയാന മറഞ്ഞിരിപ്പുണ്ടെന്ന്. നോക്കിയിരിക്കുമ്പോഴാണ് ഒരു കൂനനുറുമ്പ് ധൃതിയിൽ ഓടി കുഴിയുടെ വക്കത്തെത്തുന്നത്. പാവം കാലുതെറ്റി കുഴിയിൽ വീണു.കുഴിയാന പൊങ്ങിവന്ന് കൂനന്റെ കാലിൽ പിടിച്ചു. ഭയങ്കര വലിയും മറിച്ചിലും അടിയും നടന്നു. കുഴിയാന വിടാൻ ഭാവമില്ല. കൂനന് കാലുറപ്പിച്ചു നിന്നിട്ട് പിടി വിടൂവിക്കാനും പറ്റുന്നില്ല.

ഉണ്ണിക്കുട്ടനു തോന്നി, ഒരു വടിയെടുത്ത് തോണ്ടി ഉറുമ്പിനെ രക്ഷിച്ചാലോ, എന്ന്.
പക്ഷേ, കുഴിയാന എത്രനേരം നോക്കിയിരുന്നിട്ടാവും ഒരു ഇരയെ കിട്ടിയത്? കുഴിയാനയ്ക്ക് കൂനനെ കീഴ്പ്പെടുത്താൻ കഴിയുമോ? ഉറുമ്പിനെ വിഴുങ്ങുമോ? അതോ, ഉറുമ്പു രക്ഷപെടുമോ? നോക്കിയിരുന്നു കാണാൻ ഉണ്ണിക്കുട്ടൻ തീരുമാനിച്ചു.

ഉറുമ്പ് വലിഞ്ഞു കയറാൻ ശ്രമിക്കുമ്പോൾ, പൊടിമണ്ണിളക്കി എറിഞ്ഞുകൊണ്ട് കുഴിയാന അവനെ വീഴ്ത്തും. ഒടുവിൽ കുഴിയാനയുടെ നീണ്ട വാൾപോലെയുള്ള രണ്ടു ചുണ്ടുകൾ, ഉറുമ്പിന്റെ ഉദരത്തിനും ഉരസ്സിനും ഇടയിലുള്ള ഇടുങ്ങിയ ഭാഗത്ത് പിടി മുറുക്കി. ഉറുമ്പിനെ പൊക്കിയെടുത്ത് ചുഴിയുടെ ഭിത്തികളിൽ അടിച്ചു. പല പ്രാവശ്യം അടിച്ചിട്ടും തളരാത്ത ഉറുമ്പ് പിടി വിടുവിക്കാൻ എല്ലാ അടവുകളും പ്രയോഗിച്ചു. അവസാനം ഉറുമ്പ് തളർന്നു വീണു. ഒരു വിഷം കുത്തിവെച്ച് ഉറുമ്പിനെ മയക്കി. ഇനി ഉറുമ്പിന്റെ ശരീരത്തിലെ രസം ഊറ്റിക്കുടിക്കും.

പൊടിമണ്ണിൽ കോൺ ആകൃതിയിൽ കുഴിയുണ്ടാക്കുന്ന ഈ ജീവി(കുഴിയാന)
തുമ്പി വർഗത്തിലെ 'ആന്റ്ലയൺ' എന്നു വിളിക്കുന്ന ശലഭത്തിന്റെ ലാർവയാണ്.
Neuropteran ശലഭ കുടുംബംത്തിലെ ആന്റ് ലയണിന്റെ ലാർവയായ കുഴിയാനയെയും ഇംഗ്ലീഷിൽ ആന്റ്ലയൺ (Antlion) എന്നാണ് വിളിക്കുന്നത്. ഒരു മാസംകൊണ്ട് കുഴിയാന സമാധി ഘട്ടവും പിന്നിട്ട് ശലഭമായി മാറും. കുഴിയാന മാംസഭുക്കാണ്. എന്നാൽ കുഴിയിന വളർന്നുണ്ടാകുന്ന തുമ്പി തേൻ കുടിച്ചു ജീവിക്കുന്ന സസ്യഭുക്കാണ്.

മനുഷ്യന് ഉപദ്രവകാരികളായ പല ഷഡ്പദങ്ങളെയും കുഴിയാന തിന്നൊടുക്കാറുണ്ട്. കുഴിയാന കർഷകന്റെ മിത്രമാണ്, കാരണം കൃഷി നശിപ്പിക്കുന്ന ഉറുമ്പ്, ചീവീട്, പുൽച്ചാടി, തുടങ്ങിയ ശലഭങ്ങളെ കുഴിയാന ആഹാരമാക്കുന്നു.

ഉറുമ്പുമായുള്ള മല്ലയുദ്ധം കഴിഞ്ഞ് ശാന്തമായപ്പോൾ ഉണ്ണിക്കുട്ടൻ കുഴിയാനയുടെ അടുത്തെത്തി.

"അണ്ണാ, നിങ്ങളുടെ ഗുസ്തി ഭയങ്കരമായിരുന്നു. പാവം ഉറുമ്പിനെ അടിച്ചു തകർത്തില്ലേ?"

കുഴിയാന പറഞ്ഞു:- " ഇതു വെറും നിസ്സാരം. ചിലപ്പോൾ വലിയ എട്ടുകാലികൾ എന്റെ ചുഴിയിൽ വീഴും. അവന്മാരെ വീഴ്ത്താനാണ് പാട്. ഒന്നടക്കിക്കിടത്തിയിട്ടു വേണ്ടേ, മരുന്നു കുത്താൻ?"

"ഈ കൊലപാതകം പാപമല്ലേ അണ്ണാ?"

" എന്തു പാപം? വെറുതെ രസത്തിനു കൊന്നതല്ലല്ലോ. ഭക്ഷണത്തിനുവേണ്ടി കൊന്നതല്ലേ? 'കൊന്നാൽ പാപം തിന്നാൽ തീരും' എന്നല്ലേ? ജീവൻ നിലനിർത്താൻ വേണ്ടി ചെയ്യുന്നതൊന്നും പാപമാകില്ല. അത് ധർമമാണ്. ജീവൻ നിലനിർത്തുക എന്നതാണ് ഏതു ജീവിയുടെയും പ്രാഥമിക ധർമം."

"കൊള്ളാം. അണ്ണൻ വലിയ ജ്ഞാനിയാണല്ലോ!"

"ഹേയ്, ഇതൊന്നും വലിയ പാണ്ഡിത്യമല്ല. എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട അടിസ്ഥാന പാഠങ്ങളാണ്. പ്രകൃതി പാഠങ്ങളാണ്.

ഉണ്ണിക്കുട്ടന്റെ വർഗക്കാരല്ലേ ഭക്ഷണത്തിനല്ലാതെ കൊലപാതകം നടത്തുന്നത്? പണത്തിനും പദവിക്കും പ്രതികാരത്തിനും വേണ്ടി നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളും പ്രണയക്കൊലകളും യുദ്ധക്കൊലകളും ഭീകരവാദികളുടെ തലയറുക്കലും സ്ത്രീധനക്കൊലകളും ഭ്രൂണഹത്യകളും എന്തിനു വേണ്ടി? ഭക്ഷണത്തിനല്ലല്ലോ, ജീവൻ നിലനിർത്താനുമല്ലല്ലോ? അതൊക്കെ പാപങ്ങൾ. ഒരു മൃഗം ഇരപിടിക്കുന്നത്, ജീവസന്ധാരണ പ്രവർത്തനം മാത്രം."

"നമിക്കുന്നണ്ണാ, നമിക്കുന്നു. സ്കൂളിൽ പോകാറായി. തിരികെ വന്നിട്ടു കാണാം."

"ശരി, വീണ്ടും വരുക."
© Rajendran Thriveni