...

1 views

നോവൽ : വഴിത്തിരിവുകൾ - ഭാഗം 06
തുടർച്ച-

തങ്കമ്മ നടന്ന് മല്ലികയുടെ വീടിനടുത്തെത്താറായപ്പോൾ ആരൊക്കെയോ വീടിന്റെ വരാന്തയിൽ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.

തങ്കമ്മ അവിടന്ന് തിരിഞ്ഞു നടന്ന് വീടിന്റെ പിൻഭാഗത്തേക്ക് എത്തുവാനുള്ള മറ്റൊരു വഴിയിൽ കൂടി ചുറ്റി സഞ്ചരിച്ച് വീടിന് പിന്നിൽ എത്തിച്ചേർന്നു. മല്ലിക അല്പം മോടിയിൽ വസ്ത്രങ്ങൾ അണിഞ്ഞിട്ടുള്ളത് ശ്രദ്ധയിൽ പെട്ടു. അല്പനേരം എന്ത് ചെയ്യണമെന്നറിയാത്ത പോലെ തങ്കമ്മ അവിടെ നിന്നു. ഇതിനിടയിൽ തങ്കമ്മയെ കണ്ട് മല്ലിക വീട്ടിൽ നിന്നും പിൻഭാഗത്തുള്ള വാതിലിൽ കൂടി പുറത്തേക്ക് വന്നു.

മല്ലികേ, എന്താ വീട്ടിൽ വിരുന്നുകാരുണ്ടെന്നു തോന്നുന്നു. ആരൊക്കെയാണ് വിരുന്നുകാർ.

അല്പം നാണ ഭാവത്തിൽ മല്ലിക സംസാരിച്ചു. ഇവിടെ എന്നെ കല്ല്യാണമാലോചിക്കുവാനും പെണ്ണ് കാണാനുമൊക്കെ വന്നവരാണ് ഉമ്മറത്ത് ഇരിക്കുന്നത്. അവരുടെ കാണൽ ചടങ്ങ് കഴിഞ്ഞു. ഞാൻ ചായ കൊടുത്ത് തിരിച്ചു പോന്നു.

അതാണ് പെണ്ണ് ആകെ ഒരു മണവാട്ടി വേഷത്തിൽ കാണുന്നത്. അപ്പോ ചെറുക്കനെ നീ കണ്ട് ഇഷ്ടപ്പെട്ടുവോ.

ഞാൻ കണ്ടു. തരക്കേടില്ല തന്നെ. പിന്നെ ചെറുക്കന് ഇഷ്ടപ്പെടേണ്ടതുണ്ടല്ലോ. കൂടാതെ മറ്റു ഡിമാൻഡുകളൊക്കെ എന്തെന്നും അറിയില്ല. അച്ഛനും വലിയച്ഛനുമൊക്കെയായി സംസാരിക്കുന്നുണ്ട്. അമ്മ പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടു എന്നാണ്.

അപ്പോ നിനക്ക് ബോധിച്ചു വെന്നു പറയാം. നിങ്ങൾ തമ്മിൽ സംസാരിച്ചുവോ.

ഉവ്വ്. എന്നോട് പേര് ചോദിച്ചു. പഠിത്തമെന്തൊക്കെയായി എന്നും ചോദിച്ചു. അത്ര തന്നെ. ആൾക്ക് ചെറിയൊരു ഭയപ്പാട് കണ്ടു. എനിക്കും ഉള്ളിൽ ആകെയൊരു പേടി തോന്നിയിരുന്നു. ഞാനും അങ്ങോട്ടും തിരിച്ച് ഒരുവിധത്തിൽ പേര് ചോദിച്ചു. പേര് ഷാജി എന്നാണെന്ന് പറഞ്ഞു. ജോലി ചോദിച്ചപ്പോൾ ട്രാൻസ്പോർട്ട് സർവ്വീസിൽ കണ്ടക്ടർ ആണെന്ന് പറഞ്ഞു. അത്രമാത്രം സംസാരിച്ചു.

അത് കഴിഞ്ഞ് അച്ഛൻ പറഞ്ഞു മല്ലികേ അകത്തേക്ക് പൊയ്ക്കോളൂ. അത് കേട്ടതും ഞാൻ പെട്ടെന്ന് തന്നെ റൂമിനുള്ളിലേക്ക് പോന്നു. അപ്പോഴാണ് തങ്കമ്മ വീടിന് പിന്നിൽ കൂടി വരുന്നത് കണ്ടത്. ഈ കല്ല്യാണവും പെണ്ണ് കാണലുമൊക്കെ ആകെ ഒരു വല്ലാത്ത മന:പ്രയാസമുള്ള കാര്യമായിട്ടാണ് തോന്നുന്നത്. ഒരാളെ അല്പം ഇഷ്ടപ്പെട്ടാൽ തന്നെ ഒരു പക്ഷെ ജാതകദോഷമോ അല്ലെങ്കിൽ സ്ത്രീധന പ്രശ്നമൊക്കെ പറഞ്ഞ് ഒഴിഞ്ഞെന്നുമിരിക്കും. പണ്ടൊക്കെ മുറച്ചെറുക്കനോ സ്വന്തക്കാരെയോ കാരണവന്മാർ പറഞ്ഞു വെയ്ക്കും. ഈവക ശല്യങ്ങളൊന്നും അറിയാതെ തന്നെ വിവാഹവും കുടുംബവുമൊക്കെയായി ജീവിതം കഴിഞ്ഞു കൂടുകയും ചെയ്യാം.

മല്ലികേ എല്ലാത്തിനും ഗുണവും ദോഷവും ഉണ്ടെന്ന് പറയാം. കാരണം എന്തെന്നാൽ ബന്ധുക്കൾ ആകുമ്പോൾ അവർ തമ്മിൽ വെറുക്കുവാനുള്ള സാദ്ധ്യത കൂടുതലാണ്. സ്വത്തു ഭാഗവും മറ്റും വരുമ്പോൾ ചിലപ്പോൾ പറഞ്ഞു വെച്ച കല്ല്യാണം തന്നെ മുടങ്ങിയെന്നും വരാം. മറ്റു പ്രദേശത്തുകാരാകുമ്പോൾ നമുക്ക് ബന്ധുബലം കൂടി കൂടി വരും. നമ്മുടെ കുറ്റവും കുറവുകളും ഒന്നും മുഴുവനും അറിയാത്തവർ ആകുമ്പോൾ പരിഹാസഭാവമൊന്നും കാര്യമായി കാട്ടുകയുമില്ല. നമ്മൾ പെണ്ണുങ്ങൾ അല്പം സ്നേഹത്തോടെ കല്ല്യാണം കഴിച്ച ആളുടെ കുടുംബാംഗങ്ങളോട് പെരുമാറുവാൻ ശ്രദ്ധിക്കണമെന്ന് മാത്രം. ഏതായാലും നമുക്ക് പിന്നെ സംസാരിക്കാം. നിൻെറ വിരുന്നുകാരൊക്കെ പോയിട്ട് ഞാൻ വരാം. അമ്മ എന്നെ കാത്ത് വീട്ടിൽ നില്ക്കുന്നുണ്ടായിരിക്കും. ഞാൻ നിന്റെ കഥയെഴുത്ത് പേപ്പറുകൾ വാങ്ങാൻ വന്നതാണ്.

അത് ശരി, ഇപ്പോൾ എനിക്ക് അത് വച്ചിട്ടുള്ള മുറിയിൽ നിന്നും എടുക്കുവാൻ കഴിയില്ല തങ്കമ്മേ. വിരുന്നുകാർ പോയ ശേഷം നിനക്ക് ഞാൻ എടുത്തു തരാം.

എന്നാൽ ശരി ഞാൻ പോയിട്ട് വൈകിട്ട് വരാം. തങ്കമ്മക്ക് മനസ്സിൽ വിഷമം തോന്നിയെങ്കിലും മല്ലികയുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ ആശ്വാസത്തോടെ വീട്ടിലേക്ക് മടങ്ങി.

തങ്കമ്മേ നീ എന്താ കയ്യും വീശി വെറുതെ വരുന്നത്. കഥയൊന്നും മല്ലിക എഴുതിയില്ലേ?

അമ്മേ മല്ലികയുടെ വീട്ടിൽ വിരുന്നു നടക്കുകയാണ്. ആരൊക്കെയോ മല്ലികയെ കല്യാണം ആലോചിക്കുവാൻ എത്തിയിട്ടുണ്ട്. കാണാൻ വന്ന ചെറുക്കൻെറ പേര് ഷാജി എന്നാണത്രേ.

ചെറുക്കന് ജോലി എന്താ മോളെ.

കണ്ടക്ടറായി ജോലി ചെയ്യുന്നു എന്നാണ് പറഞ്ഞത് തരക്കേടില്ലെന്നും മല്ലിക പറഞ്ഞു. അവൾക്ക് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. ഇനി മറ്റു വല്ല കൊടുക്കൽ വാങ്ങലുകൾ പ്രശ്നങ്ങൾ ഉണ്ടോ എന്നറിയില്ല എന്നും പറഞ്ഞു. എല്ലാം ദൈവനിശ്ചയം പോലെ നടക്കും.

അതേ മോളേ. നമ്മൾ എന്തൊക്കെ ചിന്തിച്ചാലും അതിനൊക്കെ ഭഗവാൻ ഒന്നു നിശ്ചയിച്ചിട്ടുണ്ടാകും. അതുപോലെതന്നെ എല്ലാം നടക്കുകയും ചെയ്യും. നമുക്ക് ചെയ്യേണ്ട ജോലികൾ നാം ചെയ്തു തീർക്കുക. ബാക്കിയെല്ലാം ഭഗവാൻ തന്നെ വേണ്ടപോലെ നിറവേറ്റി കൊള്ളും. നമുക്ക് ആത്മാവ് നൽകിയ ഭഗവാനറിയാതെ എന്താണ് ഭൂമിയിൽ നടക്കുന്നത്. മല്ലികക്ക്ഇഷ്ടപ്പെട്ട സ്ഥിതിക്ക് തടസ്സമില്ലാതെ കാര്യങ്ങൾ നടന്നാൽ മതിയായിരുന്നു എന്നാ എൻെറ പ്രാർത്ഥന. മല്ലിക വളരെ നല്ലവളാണമ്മേ. അവൾക്ക് ഒരു സങ്കടവും ഭഗവാൻ വരുത്തുകയില്ലെന്ന് എൻെറ മനസ്സ് പറയുന്നു.

തങ്കമ്മേ സമയമെത്രയായെന്നു വാച്ചിൽ ഒന്നു നോക്കൂ മോളെ.

മണി നാലര കഴിഞ്ഞു.

എന്നാ മോളെ കുറച്ചു വെള്ളം എടുത്ത് ചായ കൂട്ടുവാൻ തിളപ്പിക്കാൻ വേഗം അടുപ്പത്തു വയ്ക്കൂ.

ദാ ഇപ്പൊ വെക്കാം ഞാനൊന്നു ഡ്രസ്സ് മാറിയിട്ട് വരാം.

എന്നാ വേഗം പോയിട്ട് വാ. അച്ഛൻ ചായ കുടിക്കുന്ന സമയം ആയിട്ടുണ്ട്. ഇപ്പോൾ തന്നെ ചായ ചോദിച്ചു വരും.

കുറച്ചുകഴിഞ്ഞ് തങ്കമ്മ വന്ന് ചായ തിളപ്പിച്ചു വെച്ചു.

ഇതിനിടയിൽ ദാസൻ വന്നു ചായ കുടിച്ചു. മോളെ കുറച്ചു മധുരം കൂടി ചായയിലേക്ക് ഒന്ന് ഇട്ട് കൊണ്ടുവാ.
തങ്കമ്മ വാങ്ങി മധുരം ചേർത്തു കൊടുത്തു.
ഇപ്പോഴാണ് ചായയുടെ ശരിയായ രുചിയായത്. നന്നായിട്ടുണ്ട്. ഇങ്ങനെയൊക്കെ അല്പംശ്രദ്ധിച്ചാൽ ഏതൊരു കാര്യത്തിനും ജീവിതത്തിൽ നന്മ പുലർത്തുവാൻ കഴിയും. എപ്പോഴും സ്വയം അല്പം ശ്രദ്ധിക്കുന്നതാ നല്ലത്.

ഇതിനിടയിൽ ദേവകി തങ്കമ്മയെ വിളിക്കുന്നുണ്ടായിരുന്നു.
മോളേ തങ്കമ്മേ.

എന്താ അമ്മേ.

മോള് പോയി പോയി രജനി യോട് കഥ എഴുത്തു കോപ്പികൾ വാങ്ങിയിട്ട് വേഗം വാ. സന്ധ്യയായാൽ പോകാൻ കഴിയില്ല. അച്ഛൻ ചീത്ത പറയും.

ശരി അമ്മേ. ഞാൻ ഇപ്പോൾ തന്നെ പോയിട്ട് വരാം.

ചായ ഗ്ലാസെല്ലാം കഴുകി വച്ച ശേഷം തങ്കമ്മ മല്ലികയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

മല്ലിക തങ്കമ്മയെ പ്രതീക്ഷിച്ച് മുറ്റത്ത് തന്നെ ചെടികൾ നനച്ചു കൊണ്ട് നില്ക്കുകയായിരുന്നു. തങ്കമ്മയെ കണ്ട ഉടനെ മുറിയിൽ നിന്നും കുറച്ചു കഥയെഴുതിയ പേപ്പറുകളുമായി മല്ലിക പുറത്തേക്ക് വന്നു. രണ്ട് പേരും അര മണിക്കൂറോളം പലതും സംസാരിച്ചുകൊണ്ടിരുന്നു.
മണി അഞ്ചരയായെന്ന് തോന്നുന്നു. ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ. വിളക്ക് വെക്കേണ്ടതാണ് എന്ന് പറഞ്ഞു തങ്കമ്മ വീട്ടിലേക്ക് പോകാൻ ഒരുങ്ങി.

നിനക്ക് വലിയ ഭക്തിയൊക്കെയുണ്ടെന്നു തോന്നുന്നു. ദിവസവും പ്രാർത്ഥിക്കുന്നുണ്ടോ. എൻെറ കാര്യങ്ങൾ കൂടി ഒന്ന് ഭഗവാനോട് നീയൊന്നു പ്രാർത്ഥിക്കണം. മറക്കരുത്.

എന്താ മല്ലികേ ഞാൻ മാത്രമല്ല എൻെറ അമ്മ കൂടി നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. എല്ലാ നന്മയും നിനക്കുണ്ടാകും.

തങ്കമ്മേ നീ ഈ പേപ്പറുകൾ ഭദ്രമായി സൂക്ഷിക്കണം. മറ്റുള്ളവർക്കൊന്നും കാണിച്ചു കൊടുക്കേണ്ടട്ടോ.

ഞാൻ ആർക്കും കൊടുക്കില്ല. അത് നീ ഭയപ്പെടേണ്ടട്ടോ. അമ്മ മാത്രമാണ് എൻെറ കൂടെ വായിച്ചറിയുന്നതു തന്നെ.

എന്നാ ശരി, നീ നടന്നോളൂ സമയം വൈകേണ്ട. അമ്മ നിന്നെ നോക്കി നില്ക്കുകയായിരിക്കും.

വീട്ടിലേക്ക് വന്നുകൊണ്ടിരുന്ന തങ്കമ്മയെ കാത്ത് മുറ്റത്ത് തന്നെ ദേവകി നില്പുണ്ടായിരുന്നു.

മല്ലിക എന്തെടുക്കുന്നു മോളെ. വിവാഹക്കാര്യങ്ങൾ വല്ലതും അറിഞ്ഞോ. അവൾ സന്തോഷത്തിൽ തന്നെയാണോ.

അവൾക്ക് പ്രത്യേകിച്ചൊന്നും ഭാവമാറ്റം തോന്നിയില്ല. കുറച്ചു നാട്ടുവിശേഷങ്ങളൊക്കെ സംസാരിച്ചിരുന്നു. വരൻെറ ആളുകൾ വിവരം അറിയിക്കാമെന്ന് പറഞ്ഞിട്ടാണ് പോയിട്ടുള്ളത്. കുറച്ച് ആഭരണങ്ങളും പണവും അവർ ആവശ്യപ്പെട്ടതായി മല്ലിക പറഞ്ഞു. വലിയ തുകയൊന്നും വേണ്ടിവരില്ലത്രേ. എന്തോ കടബാദ്ധ്യത തിർക്കുവാനായിട്ടാണ് അവർ തുക ആവശ്യപ്പെടുന്നത്. പലിശ കൊടുക്കുന്നത് ഒഴിവാക്കാനാണെന്നാണ് പറഞ്ഞത്. മറ്റു ഡിമാൻഡുകൾ കുറവായതിനാൽ കല്ല്യാണം നടക്കുവാൻ സാദ്ധ്യത കാണുന്നുണ്ട്.

നീ പേപ്പറുകൾ അകത്ത് കൊണ്ടുവച്ചിട്ട് വേഗം വരൂ. രണ്ട് കുടം വെള്ളം വേഗം പോയി കൊണ്ട് വരണം. ഇല്ലേൽ രാവിലെ നേരത്തേ പോകേണ്ടി വരും.

അത് വേണ്ട. ഞാൻ ഓടിപ്പോയി കുടത്തിൽ വെള്ളമെടുത്തോണ്ട് ഉടനെ വരാം. അതാണ് നല്ലത്.

ഇത്രയും പറഞ്ഞ് തങ്കമ്മ കുടവുമായി കിണറിനടുത്തേക്ക് യാത്ര തിരിച്ചു.
ദേവകി ഉടനെ വീടിനകത്ത് ചെന്ന് മല്ലിക കൊടുത്ത കഥയെഴുതിയ പേപ്പറുകൾ പരിശോധിച്ചു. ഇന്ന് കുറച്ചധികം കഥയെഴുതിയതായിട്ടാണ് തോന്നുന്നത്. കഥയെഴുതി അവസാനിച്ചുവോ എന്തോ. വായിച്ചു നോക്കണം. ജോലിയൊക്കെ കഴിഞ്ഞിട്ടാകാം. സ്വയം ചിന്തിച്ചുകൊണ്ടിരുന്നു. മനസ്സിൽ അല്പം സമാധാനമായതുപോലെ തോന്നി. കഥയുടെ അടുത്ത ഭാഗം ലഭിച്ചതിലുള്ള സന്തോഷം തന്നെയാണ് മുഖ്യ കാരണം.

തങ്കമ്മ വെള്ളം കുടവുമായി തിരിച്ചു വന്നു. തങ്കമ്മയും ദേവകിയും കൂടി അടുക്കളയിലെ ജോലികളെല്ലാം വേഗത്തിൽ ചെയ്തു തീർത്തു. ഉച്ചയ്ക്ക് വെച്ചതായ സാമ്പാർ കറിയുള്ളതിനാൽ കാബേജ് ഉപ്പേരിയും ചോറും മാത്രം ഉണ്ടാക്കി വച്ചു. സമയം ആറരയായിക്കാണും തങ്കമ്മ പോയി കുളി കഴിഞ്ഞെത്തി. ദേവകിയും കുളിക്കുവാൻ പോയി.
സമയം ആറര കഴിഞ്ഞു. തങ്കമ്മ നിലവിളക്കെടുത്ത് ഉമ്മറത്ത് വെച്ച് തിരി തെളിയിച്ച് പ്രാർത്ഥിച്ചു തുടങ്ങി. ഇതിനിടയിൽ ദേവകിയും വേഗത്തിൽ കുളികഴിഞ്ഞ് വന്ന് പ്രാർത്ഥിച്ചു. സന്ധ്യാ നാമം ജപിച്ചു കഴിഞ്ഞ് വിളക്ക് തൊട്ടു വന്ദിച്ച ശേഷം ഭസ്മക്കുറി തൊട്ട് എഴുന്നേറ്റു.

തങ്കമ്മേ, നീ നിലവിളക്ക് അണച്ച് മുറിക്കകത്തേക്ക് വെച്ചോളൂ. സമയം ഏഴായി.

തങ്കമ്മ നിലവിളക്ക് അണച്ച് മുറിക്കകത്തേക്ക് കൊണ്ട് പോയി വെച്ചു. പിന്നീട് കഥയെഴുതിയ പേപ്പറുകൾ എടുത്ത് ഉമ്മറത്തേക്ക് വന്നു.

അമ്മേ നമുക്ക് കഥ വായിക്കാം. അമ്മ വായിച്ചുകൊള്ളൂ. ഞാൻ അടുത്തിരുന്നു കേട്ടുകൊള്ളാം.

വേണ്ട മോളേ. എനിക്ക് ചിലപ്പോൾ ശരിയായി കാണില്ല. നീ അല്പം ഉച്ചത്തിൽ ഇവിടെയിരുന്നു വായിച്ചാൽ മതി. എനിക്കത് കേട്ടാൽ മതി.

ഇതിനിടയിൽ ദാസൻ റോഡിൽ കൂടി നടന്ന് വീട്ടിലേക്കുള്ള ഇടവഴിയിലെത്തി. ദേവകിയും തങ്കമ്മയും ഒന്നിച്ചിരുന്ന് പേപ്പറുകൾ കയ്യിൽ വെച്ച് നോക്കുന്നത് കണ്ട് ദാസൻ ചോദിക്കുകയായിരുന്നു.

എന്താ രണ്ട് പേരും ചേർന്ന് വായിച്ചു കൊണ്ടിരിക്കുന്നത്. എന്താണ് ഈ പേപ്പറുകളിൽ എഴുതിയിട്ടുള്ളത്.

അച്ഛാ, ഇത് നമ്മുടെ മല്ലിക എഴുതിക്കൊണ്ടിരിക്കുന്ന ഒരു കഥയുടെ കയ്യെഴുത്ത് പ്രതികളാണ്.

അങ്ങിനെയാണെങ്കിൽ എനിക്കും കൂടിയൊന്ന് വായിച്ചറിയണമല്ലോ മോളേ. എങ്ങിനെയുണ്ട് വായിക്കുവാൻ.

വളരെ നന്നായിട്ടുണ്ട് അച്ഛാ. ഞാൻ വായിക്കാം. അച്ഛനും അമ്മയും ഇവിടെയിരുന്നു കേട്ടുകൊള്ളൂ.

അതാണ് നല്ലത് മോളേ. ഒന്നിച്ചിരുന്ന് കേൾക്കുന്നതാ നല്ലത്. എന്നാ വായിച്ചു കൊള്ളൂ.
- തുടരും.

- സലിംരാജ് വടക്കുംപുറം.





© Salimraj Vadakkumpuram