...

11 views

നീ മലയാളിപ്പെണ്ണ്


ഈ വഴിയോരത്തിന്നാദ്യമായ് ഞാൻ -
കണ്ട ചെമ്പനീർ പൂവാണു നീ...
കടലോരമറിയാതെൻ മനസ്സിനെ,
തഴുകുന്ന സാന്ത്വനക്കാറ്റാണു നീ...

കാർമേഘമറിയാതെന്നഗതാരിൽ
ചൊരിയുന്ന സ്നേഹാർദ്ര മഴയാണു നീ
പൂക്കാലമറിയാതെന്നാത്മാവിൽ
പൂക്കുന്ന സ്നേഹത്തിൻ മലരാണു നീ..

ആരോരുമറിയാത്തൊരെൻ പുസ്തക -
ത്താളിലെ മയിൽപീലി മനസാണു നീ..
എഴുതാൻ വിതുമ്പുമെൻതൂലിക-
ത്തുമ്പിലെ കാവ്യാനുരാഗമായ് നീ..

പൂനിലാവറിയാതെ പുഞ്ചിരിതൂകുന്ന
വെള്ളിനക്ഷത്രമായ് നീ.....
എന്നുമെൻ സ്വപ്നത്തിലെൻ ചാരെ -
യെത്തുന്ന മാലാഖയാണിന്നു നീ..

നാലാൾക്ക് മുൻപിലായ് നാണിച്ചു -
നിൽക്കുന്ന നാണം കുണുങ്ങിയായ് നീ..
മഞ്ചാടിതോൽക്കുന്നമുത്തഴകുള്ളൊരു
മലയാളിപ്പെണ്ണാണു നീ...
ഒരു മലയാളിപ്പെണ്ണാണു നീ....

© Ap