...

21 views

അമ്മയ്ക്ക്...

അമ്മേ, എണീക്കമ്മേ......
പൊന്നുമ്മ നൽകിടാം ഞാൻ '
അമ്മേ, ഉണർന്നിടമ്മേ'...
കഞ്ഞി ഞാൻ കോരിത്തരാം.
കണ്ണുതുറന്നിടമ്മേ... കുഞ്ഞി-
പ്പെണ്ണിതാ കരഞ്ഞിടുന്നു.
എത്ര നേരമായ് ഞാൻ,
വിളിക്കുന്നു, ഡോക്ടറൊന്നും
മിണ്ടാതെങ്ങോ പോയ്....
അമ്മൂമ്മയും കരയുന്നമ്മേ, അച്ഛൻ
കണ്ണും ചുവപ്പിച്ചുറക്കെ ചിരിച്ചിടുന്നു''
എന്നുമെന്നെ ശകാരിപ്പവരെല്ലാമൊരു
വാക്കു മിണ്ടാതെ നിൽപവതെന്തോ......?
ഒന്നു മിണ്ടൂയെന്നമ്മേ നിൻ
കണ്ണാ വിളി കേൾക്കാനല്ലേ ഞാനിരിപ്പൂ....
ഉറക്കം മതിയായില്ലേയിനിയും അതോ
കണ്ണനെ പറ്റിക്കയാണോ.......
അപ്പുറത്തെ കിടക്കയിലേചേച്ചിയെന്തേ
സീരിയൽ കഥ ചൊല്ലാനെത്തീല....
ഉണ്ണിക്കുട്ടാ വിളിച്ചെത്തുന്ന വെള്ള -
യപ്പൂപ്പനും മിണ്ടിടുന്നില്ല.....
മിഠായി നൽകിയുമ്മക്കു കേഴുന്ന
നേഴ്സു ചേച്ചിമാരും മിണ്ടാതിരിപ്പൂ ....
വീട്ടിൽ ചെന്നാൽ നെയ്യപ്പം ചുട്ടു -
തരാമെന്നു ചൊന്നിട്ടെന്തിനിങ്ങനെ
ഈയാശുപത്രിയിൽ കിടക്കുന്നു '...........
കണ്ണുതുറക്കമ്മേ കുഞ്ഞുണ്ണി മാഷിന്റെ
പാട്ടു ഞാൻ പാടിത്തരാം.......

വാരിയെടുത്തു നിൻ മടിയിലിരുത്തി -
യെൻ കവിൾ കവർന്നെന്നെ
പുണർന്നെൻ നെറ്റിയിലൊരുമ്മ
നൽകാനിതെന്തിത്ര താമസം....
അമ്മേ എണീക്കമ്മേ, അമ്മേയുണർന്നിടമ്മേ
എന്നെ പുൽകാൻ നിൻ കരങ്ങൾക്കു
പകരമായൊന്നുമില്ലമ്മേ '''''.......

(അഖിൽ പാറയ്ക്കൽ)
© Ap