...

16 views

വേട്ടപ്പരുന്ത്
എന്തിനോ വേണ്ടി വാനിൽ വട്ടമിട്ടു
പറക്കുന്നതാ ഒരു പരുന്ത്
വിണ്ണിലേക്കുയരെ പറക്കുന്നയാപരുന്തിൻ
കണ്ണുകൾ താഴെ തിരയുന്നതെന്ത്‌
അമ്മതൻ ചിറകിനടിയിൽ ഒളിക്കാൻ
അറിവില്ലാതെ അലയുന്ന കുഞ്ഞോ
അല്ലയല്ല അവന്റെ ക്രൂരകണ്ണുകളിൽ
പശിയടക്കുവാനുള്ള ഉപാധിയല്ല
അതിലുപരി തളരുന്ന ഈ ചിറകുകൾക്കു
അൽപനേരം വിശ്രമിക്കാനായി ഒരിടം…..

പതിയുന്നില്ലല്ലോ എൻ കൺകളിൽ
പാരിലെ അത്തരമൊരു സ്ഥലം
കാണുവാൻ കഴിയുന്നില്ലല്ലോ നിബിഡവനം
അതിലൊരു കൂറ്റൻ ഹരിതമരം
ലഹളയില്ലാത്ത മനുഷ്യവാസമില്ലാത്ത
സ്വസ്ഥമായ ഒരു തരി മണ്ണ്
തളരുന്നയെൻ ചിറകുകൾ പുളയുന്നു
വേദനയാൽ ഞാനും കേഴുന്നു
ആരോടു ഞാൻ പറയേണ്ടു
എൻ വ്യധകൾക്കുത്തരം ആരുതരും
സംഹാരതാണ്ടവമാടീടുന്ന മർത്യനോ
ഇതു കണ്ട് ആർമാദിക്കുന്ന അസുരനോ
വസുധയുടെ നിലവിളിയാൽ പേടിച്ചരണ്ട
മുപ്പതുമുക്കോടി ദൈവങ്ങളോ

ഇവിടെയില്ലയില്ലെൻ സഹജീവികൾ
അവരോടൊപ്പം ഞാനുമിതാ യാത്രയാകുന്നു
നാവുവറ്റി പശിയടങ്ങാതെ
ചിറകൊടിഞ്ഞയീ വേട്ടപരുന്തും
ക്രൂരഭാവം പൊലിഞ്ഞു പോയ
യാജിക്കുന്ന മിഴികളോടെ
സന്താപത്തോടെയല്ല സന്തോഷമായി
ഈ പൃഥ്വിയിൽ നിന്ന് യാത്രയാകുന്നു
സ്വർഗമായാലും നരകമായാലും
നിറമനസ്സോടെ സ്വീകരിക്കാൻ