...

1 views

മഞ്ഞും പിന്നെ ഞാനും
മഞ്ഞിനോടൊപ്പം ഞാൻ യാത്ര ചെയ്യുവാൻ തുടങ്ങിയിട്ട് 29 വർഷം കഴിഞ്ഞു, "മഞ്ഞ്" ജനിച്ചിട്ട് 60 വർഷവും. വർഷം 1995, എന്റെ കോളേജ് പഠനകാലം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രീഡിഗ്രിയിലെ ഒരു പാഠപുസ്തകം ആയിരുന്നു അന്ന് എംടിയുടെ "മഞ്ഞ്‍". നാട്ടികയിലെ ശ്രീനാരായണ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന സുഹൃത്തിൽ നിന്നാണ് ഞാൻ മഞ്ഞ്‍ വായിക്കാനായി എടുക്കുന്നത്. വായിച്ചു കഴിഞ്ഞപ്പോൾ നോവലിനോടും അതിലെ കഥാപാത്രങ്ങളോടും ഒരു വല്ലാത്ത പ്രണയം. സുഹൃത്തിന്റെ പ്രീഡിഗ്രി പാഠപുസ്തകമായ "മഞ്ഞ്‍" തിരിച്ചു കൊടുക്കാതെ ഞാനത് വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരുന്നു.

ആ നോവലിലെ കാവ്യഭംഗി തുളുമ്പുന്ന ഓരോ വാചകങ്ങളും ആ കാലത്തു എനിക്ക് മനഃപാഠമായിരുന്നു. സുഹൃത്തിന്റെ പാഠപുസ്‌തകം അവസാനം നിവൃത്തിയില്ലാതെ കൊടുക്കേണ്ടി വന്നെങ്കിലും മഞ്ഞിലെ കഥാപാത്രങ്ങൾ കുറേക്കാലം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. വിമലയും സുധീർ കുമാർ മിശ്രയും രശ്മി വാജ്‌പേയിയും ബുദ്ദുവും സർദാർജിയുമൊക്കെ കുറേക്കാലം എന്റെ ചുറ്റും തന്നെയുണ്ടായിരുന്നു. "നൈനിറ്റാൾ" എന്ന അതിമനോഹരമായ കഥാപരിസരം എന്റെ സ്വപ്നങ്ങളിൽ തുടർച്ചയായി വന്നു കൊണ്ടിരുന്നു. പിന്നെയും കുറെക്കാലം കഴിഞ്ഞാണ് തൃശൂർ കറന്റ് ബുക്സിൽ നിന്നും "മഞ്ഞ്" ഞാൻ ആദ്യമായി സ്വന്തമാക്കുന്നത്.

"മഞ്ഞ്‍" എന്ന നോവലിലെ ഏറ്റവും ഇഷ്ടപ്പെട്ട വാചകങ്ങൾ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ ആ നോവൽ മുഴുവനായി എടുക്കുകയായിരിക്കും ചെയ്യുന്നത്. നൈനിറ്റാളും ഹൽദാനിയിലെ മൂസാവരി ബംഗ്ളാവും ഒക്കെ എന്റെ ചിന്തകളിൽ മിക്കപ്പോഴും വന്നു കൊണ്ടിരുന്നു. കാത്തിരിപ്പിന്റെ അവസാനം 2013 ൽ ഞാനും അവിടെയെത്തി, നൈനിറ്റാളിൽ. വിമലയുടെയും ബുദ്ധുവിന്റെയും കാത്തിരിപ്പ് ഇപ്പോഴും തുടരുന്നുണ്ടായിരിക്കും. ഞാനും നോവലിലെ ഒരു കഥാപാത്രമായി മാറിയിരുന്നു അപ്പോൾ.

© All Rights Reserved