...

3 views

താരാട്ടുമറന്ന അമ്മത്തൊട്ടിലുകൾ
താരാട്ടുമറന്ന അമ്മത്തൊട്ടിലുകൾ
--------------------------------------

അമ്മിഞ്ഞപ്പാലു കുടിച്ച്,
ചാഞ്ചക്കം ചാടി രസിച്ച്
താരാട്ടിന്നീണം കേട്ട് പണ്ടുണ്ണിക്കുട്ടനുറങ്ങി.

താരാട്ടിൻ ശീലുകൾ മാറി,
അമ്മിഞ്ഞ കുപ്പിപ്പാലായ്,
യൂട്യൂബിൽ പാട്ടും കേട്ട്
ഇന്നത്തെ കുട്ടനുറങ്ങും!

° ° ° ° °

നേരമില്ലമ്മയ്ക്കു കുഞ്ഞിനെപ്പുൽകുവാൻ
സമയമില്ലമ്മയ്ക്കു താരാട്ടു പാടുവാൻ!

സൈബർ യുഗത്തിലെ കേമിയാമമ്മയ്ക്ക്
ആപ്പുണ്ട്, ഗ്രൂപ്പുണ്ട്
ഫോളോവേഴ്സേറെയുണ്ട്!

മൊബൈലാണമ്മയ്ക്കു
തോഴനും ബന്ധവും!
സൈബറാണമ്മയ്ക്കു ജീവിതരംഗവും!

മുഖപുസ്തകത്തിലെ വമ്പനാംഗ്രൂപ്പിലെ
അഡ്മിനാണമ്മ,
വാട്സാപ്പു ഗ്രൂപ്പിൽ പ്രശസ്തയാണ്!

അമ്മിഞ്ഞയൂട്ടുവാൻ താരാട്ടു പാടുവാൻ
അമ്മയ്ക്കസാദ്ധ്യമാണിന്നിൻതിരക്കതിൽ!

പാലിന്നു പാൽക്കുപ്പി,
പാട്ടിന്നു സ്മാർട്ടുഫോൺ
തിന്നുവാൻ നൂഡിൽസും
പൊട്ടറ്റോ ചിപ്സുമുണ്ട്!

കുട്ടിക്കു കാണുവാൻ തൊട്ടിലിൻചാരത്തു
നിർത്താതെമിന്നുന്ന എല്ലീഡി ടീവിയുണ്ട്.

രണ്ടുവയസ്സു തികഞ്ഞതില്ലെങ്കിലും
ഉണ്ണിക്കു സ്വന്തംമൊബൈലു കൂട്ടിനുണ്ട്!

തൊട്ടിൽ മറന്നൊരാ താരാട്ടതെന്തിന്,
യൂട്യൂബിനുള്ളിലും താരാട്ടുപാട്ടതില്ലേ!

© Rajendran Thriveni