...

2 views

ആറ്റിക്കുറുക്കിയൊരു കവിത..
ആറ്റിക്കുറുക്കിയൊരു കവിതയെഴുതണം..
എന്തിനെക്കുറിച്ചെഴുതും..?
നെഞ്ചുരുകുമ്പോളും നിറയാത്ത കണ്ണുകളെ കുറിച്ചോ..?

ഒത്തിരി വളർന്നില്ലേ..

കരയാതെ കടിച്ചമർത്തണം പോലും നോവുകളൊക്കെ..

എങ്കിലാ മുട്ട് മുറിഞ്ഞ് ചോര പൊടിഞ്ഞപ്പോൾ അലറിക്കരഞ്ഞ ബാല്യമെഴുതാം
കണ്ണുകൾ സ്വതന്ത്രമായി ഒഴുകിയ കാലം..

കിളി കൊത്തി വീണൊരു മാമ്പഴം കിടപ്പുണ്ട് മാവിന്റെ ചോട്ടിൽ
എറിഞ്ഞു വീഴ്ത്താനറിയാത്ത പുതിയ കാലത്തിന്റെ ബാല്യമതിനെ ഫോണിൽ പകർത്തുന്നുണ്ട്..

അവസാന വരിയിലെങ്കിലും നിന്നെയും ചേർക്കണമെന്ന് കരുതി.. കഴിഞ്ഞില്ല

പ്രണയിനി.. ക്ഷമിക്കുക പരിഭവമരുത്..
മറ്റൊരു കവിതയുടെ വരികളിൽ നമുക്കൊരുമിക്കാം..
ഇതിപ്പോ.. ആറ്റിക്കുറുക്കിയ കവിത അതിരു കടക്കുന്ന പോലൊരു തോന്നൽ..


ഷാഹിദ്