...

13 views

കളിതോഴൻ

ചന്തത്തിലുള്ളൊരാ കളിവീടു മേഞ്ഞു നാം
കളിച്ചു ചിരിച്ചങ്ങു നടന്ന കാലം
പങ്കുവെച്ചേകി നീ മാമ്പഴമൊന്നതു
മുഴുവനായങ്ങു ഞാൻ തട്ടിയെടുക്കവെ
കോപത്താലെന്നെ നീ നുള്ളിയെന്നാലും
ചിണുങ്ങിക്കരഞ്ഞൊരെന്നെ നോക്കി
മാമ്പഴം മുഴുവനായേകി നീ പുഞ്ചിരിച്ചു
പൂക്കളാൽ കറികളും മണ്ണുകൊണ്ടപ്പവും
ഉണ്ടാക്കി നാമന്നു രസിച്ചതല്ലേ
പാവയതു കുഞ്ഞാവയാക്കി നാം
അച്ഛനായമ്മയായ് മാറിയ നാളുകൾ
പൂമാല രണ്ടും പരസ്പരമിട്ടു നാം
കല്യാണം കളിച്ചതുമോർമ്മയില്ലേ?
കാർമേഘമണഞ്ഞൊരാ മാനത്തെ മൂടവെ
മഴകൊണ്ടാമോദം പൂണ്ടു നമ്മൾ
അന്നെന്റെ വീടോരമുള്ളൊരരുവിയിൽ
തോർത്താൽ പരൽമീൻ പിടിച്ചു നമ്മൾ
കണ്ണാരംപൊത്തിയും പട്ടംപറത്തിയും
കൂട്ടരോടൊത്തു നാം കേളികൊണ്ടു
കളിവാക്കു ചൊല്ലി ഞാൻ പിണങ്ങുന്ന നേരത്തു
മഷിത്തണ്ടുകൊണ്ടെന്റെ പരിഭവം മായ്ച്ചു നീ
കരിവളയണിയിച്ചെൻ കൈകളിലായ്
പെറ്റുപെരുകുമെന്നോതി മയിൽപ്പീലിയേകി നീ
മാനം കാണാതൊളിപ്പിക്കുവാൻ
പൂക്കളമൊരുക്കുവാൻ പൂതേടിപ്പോകവെ
പാടവരമ്പിലായ് തുമ്പിയെ
പിടിച്ചു കൊതിപ്പിച്ചു നീ
പുളിമരത്തിലേറി പുളിപറിച്ചെൻ
പാവാടക്കുത്തിലൊളിപ്പിച്ചു നീ
ചേറാൽ മെനഞ്ഞൊരെൻ പ്രതിമയിലായ്
മഞ്ചാടിമണികളാൽ കണ്ണുകളേകി നീ
കളങ്കമില്ലാത്തൊരാ കളിത്തോഴനായി നീ
ബാല്യമതെന്നോർമ്മയിൽ ലയിച്ചെന്നാലും
വെറുതെ കൊതിക്കുന്നെൻ മാനസമിപ്പൊഴും
കാലത്തിൻ കൈവഴിയിലൂടൊഴുകിയകന്നൊരെൻ
കളിത്തോഴനോടൊത്തൊന്നുചേർന്നിടുവാൻ
പറയാതെപോയൊരെന്നിഷ്ടം പറഞ്ഞിടാൻ...!