...

8 views

ഓർമകളിലെ മധുരം
ചിതലരിച്ചാടിയാ
മുത്തശ്ശിമാവിന്റെ,
കൊമ്പത്തൊരൂഞ്ഞാലു
കെട്ടിയിട്ടാടി നാം.

വളമിടാ,തമ്മൂമ്മ
നട്ടു നനച്ചൊരു,
കൂർക്കയിട്ടുപ്പേരി
സ്വാദിൽ കഴിച്ചേറെ.

ഭരണിയിലുപ്പിട്ടു
കാത്തുസൂക്ഷിച്ചൊരു,
കടുമാങ്ങ കൂട്ടി
മനംനിറച്ചുണ്ടു ഞാൻ.

പുഴയിൽ കളിക്കുവാൻ
കൊതിയോടെ ചെന്നിട്ടു,
കല്ലിൽക്കയറിയാ
വെള്ളത്തിൽക്കാലിട്ടു.

മഴയിൽ നനഞ്ഞൊരു
മണ്ണിന്റെ ഗന്ധത്തിൽ,
തളിരിട്ട നാമ്പിന്റെ
തലയിൽത്തലോടി നാം.

തോട്ടിലെ മീനിന്റെ
എണ്ണമെടുത്തിട്ട്,
പാടവരമ്പിലൂടോടി
കളി,ച്ചന്ന്.

ഇന്നു കളിക്കാനായ്
മരമില്ല, മണ്ണില്ല,
മഴയില്ല, പുഴയില്ല,
പാടവും പാടവരമ്പുമില്ല!

വളരുന്ന തലമുറ-
യ്‌ക്കോർമയിലിത്തിരി
മധുരം നിറയ്ക്കുവാൻ
നേരമില്ല, കഷ്ടം!