...

5 views

മനസ്സിന്റെ പരിണാമം
പരിശുദ്ധം- ഈ ശിശു മനസ്സ്.
തൂമഞ്ഞുപോൽ സുതാര്യം.
കറയില്ല, ഇരുളില്ല, സുഖദുഃഖങ്ങളില്ല...
പ്രകൃതിതൻ വരമാം ഈ ശിശുമനസ്സിനെ.....

മാതാപിതാ ഗുരുക്കന്മാരും
സഹോദരരും സഹമാനവരത്രയും
സകലവർണ്ണങ്ങളാൽ വരച്ചും-
കുറിച്ചും തേയ്ച്ചും മായ്ച്ചും
അതാര്യമായ്‌ രൂപപ്പെടുത്തി-
യെടുത്തൊരു ബാല്യമനസ്സിത്.....

അവിടം മുതൽ എതിർത്തും വെറുത്തും
പിടിവാശി കാട്ടിയും, സ്വപ്നങ്ങൾ നെയ്തും
സ്വയം മോടിപ്പെടുത്തിയെടുത്തൊരാ
ചിറകിൻ ബലത്തിൽ പറക്കാനൊരുങ്ങി-
യിറങ്ങിയോരു കൗമാരമനസ്സിലേക്ക്‌.....

പിന്നെയങ്ങോട്ടീ ലോകത്തിൽ തനിനിറ-
ങ്ങളാൽ ചിത്രങ്ങൾ ആലേഖനം ചെയ്തും
തിരുത്തിയും , സ്വയം പര്യാപ്തമായും
നയപരമാം വിധം കാലത്തിൻ
പിന്തുടർച്ചാവകാശിയായ്‌ വാഴാൻ
ഒരുങ്ങിയൊരു യൗവ്വന മനസ്സിലേക്ക്....

പിന്നീട്, കാലം വാരിപ്പൂശിയ
ഛായങ്ങളത്രയും തുടച്ചും മായ്‌ച്ചും
മിനുക്കിയെടുത്തും തിരുത്തിക്കുറിച്ചും
കാലം നൽകിയ പ്രഹേളികയിൽ
ഉലഞ്ഞു ചീന്തിപ്പോയവ
തുന്നിച്ചേർത്തു മുണ്ടാക്കിയെടുത്ത
പക്വമാം മധ്യവയസ്ക മനസ്സിലെത്തി..

അവസാനമീ കാലമത്രയും വാരിപ്പൂശിയ
നിറങ്ങളും അതിൽ വരുത്തിയ തിരുത്തലും എല്ലാം കഴിഞ്ഞ് ,ഇരുണ്ടും മങ്ങിയും
ചുളിഞ്ഞും പൊടിഞ്ഞും ആശയറ്റന്യമായ്‌ ഏകമായ്‌ മാറുന്ന വാർദ്ധക്യ മനസ്സിലേക്ക്....

© NIMM