...

1 views

ഋഷിശൃംഗൻ
അതൊരു മെയ് മാസത്തിന്റെ തുടക്കമായിരുന്നു. കൊച്ചിയിൽ തമ്മനത്തുള്ള ഒറ്റ മുറി ലോഡ്ജിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന കാലം. താഴത്തെ നിലയിൽ വല്ലപ്പോഴും മാത്രം തുറക്കുന്ന ഏതോ ഒരു കമ്പനിയുടെ ഗോഡൗൺ പ്രവർത്തിക്കുന്ന, രണ്ടു നിലകൾ മാത്രമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഉള്ള മൂന്ന് മുറികളിൽ ഒന്നിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. അവിടെയുള്ള മുറികളിലൊരെണ്ണം എയർ കണ്ടിഷൻ സൗകര്യമുള്ളതായിരുന്നു. സാമ്പത്തികസ്ഥിതി അത്ര മെച്ചമല്ലാതിരുന്നതിനാൽ ഞാൻ അവിടുത്തെ സാധാരണ മുറികളിൽ ഒന്നായിരുന്നു താമസിക്കാനായി തെരെഞ്ഞെടുത്തത്.

ആ കെട്ടിടത്തിന് മുൻവശത്തുള്ള ഓടയിൽ കെട്ടികിടന്നിരുന്ന മലിനജലം കൊതുകിന്റെ വംശവർദ്ധനവിനുള്ള എല്ലാ സാഹചര്യവും ഒരുക്കി കൊടുത്തിരുന്നു. അശോക ചക്രവർത്തിയുടെ സൈന്യം കലിംഗരാജ്യം ആക്രമിക്കാൻ വരുന്നത് പോലെയുള്ള ഒരു വൻസന്നാഹവുമായിട്ടാണ് കൊതുകുകൾ എന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യാനായി സന്ധ്യ മയങ്ങുമ്പോൾ എത്തിക്കൊണ്ടിരുന്നത്. ജനലുകളും വാതിലും പൂർണ്ണമായും അടച്ചിട്ട് ഫാൻ മുഴുവൻ സ്പീഡിൽ കറക്കിയിട്ടും രക്ഷയില്ലാതെ ഒന്നിലധികം കൊതുകുതിരികളും കത്തിച്ചു വയ്‌ക്കേണ്ടി വന്നിരുന്നു കൊതുകുകളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുവാൻ.

ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ വേനൽ കത്തികൊണ്ടിരുന്നു. പ്രകൃതിയുടെ വിദൂരചിന്തകളിൽ പോലും "മഴ" എന്ന രണ്ടക്ഷരം ഇല്ലെന്ന് തോന്നുന്നു.

പുറത്തെ അസഹനീയ ചൂട് കാലാവസ്ഥ അടച്ചിട്ട മുറിക്കുള്ളിലെ എന്റെ രാത്രികൾ കൂടുതൽ ദുസ്സഹമാക്കി. തന്റെ കഴിവിന്റെ പരമാവധി പണിയെടുത്തിട്ടും ഫാനിനു മുറിക്കുള്ളിലെ കാലാവസ്ഥയിൽ ഒരു മാറ്റവും വരുത്താൻ കഴിഞ്ഞിരുന്നില്ല. കോട്ടവാതിൽ തുറക്കാൻ കാത്തു നിൽക്കുന്ന കൊതുകു സൈന്യത്തെ പേടിച്ചു ജനാലകൾ തുറക്കാനും സാധിക്കില്ലായിരുന്നു.

ഒരിക്കലും അവസാനിക്കാത്ത പിണക്കം പോലെ മഴ മാറി നിൽക്കുന്നു. മാർച്ചും ഏപ്രിലും ഒരു കരുണയും കാണിക്കാതെ കടന്നു പോയി. മെയ് മാസത്തിലെ ഓരോ പകലും രാത്രിയും വേനൽമഴയെ പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു. മുനികുമാരനെ എത്തിച്ചു യാഗം നടത്തി മഴ പെയ്യിക്കാൻ ഞാൻ ലോമപാദ രാജാവ് അല്ലല്ലോ? അതിനെക്കാളുപരി വൈശാലിയെ ഞാൻ എങ്ങനെ കണ്ടെത്തും.

ചൂട് അസഹനീയമായ ഒരു രാത്രിയിൽ മുഴുവൻ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ അടിയിൽ കിടന്നിട്ടും വിയർത്തു കുളിച്ചു, കിടക്കയും പുതപ്പുമെല്ലാം നനഞ്ഞു കുതിർന്നു. പെട്ടെന്നൊരു വഴി മുന്നിൽ തെളിഞ്ഞു വന്നു. കയ്യിൽ ഉണ്ടായിരുന്ന പായയും തലയിണയും പുതപ്പുമായി താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലുള്ള വിശാലമായ ടെറസ്സിലേക്ക് ചെന്നു.

ടെറസ്സിൽ പായ വിരിച്ചു. റോഡിലെ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടത്, എന്നെ ആക്രമിക്കാനായി കൊതുകു സൈന്യത്തിലെ ഒന്നാം നിരയും രണ്ടാം നിരയും ഒക്കെ പാഞ്ഞടുക്കുന്നതാണ്. ടെറസ്സിൽ വിരിച്ച പായക്ക് ചുറ്റും കൊതുകുതിരികൾ കത്തിച്ചു വച്ചു ഞാനൊരു പത്മവ്യൂഹം സൃഷ്ടിച്ചു കൊതുകു സൈന്യത്തോട് പൊരുതി നോക്കുവാൻ തീരുമാനിച്ചു.

മെയ് മാസത്തിന്റെ ആദ്യപകുതി കഴിഞ്ഞിട്ടും പ്രകൃതി കരുണ കാണിക്കാൻ കൂട്ടാക്കിയില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പോലും മഴയെയും മഴത്തുള്ളികളെയും ഇത്രയേറെ ഞാൻ ആഗ്രഹിച്ചിട്ടില്ല. രാത്രികൾ കൂടുതൽ കൂടുതൽ ഭയാനകമായി മാറി കൊണ്ടിരുന്നു. ഈ കൊടുംവേനലിലും തണുത്തു വിറച്ചിരിക്കുന്ന ATM കളോട് അന്നാദ്യമായി എനിക്കസൂയ തോന്നി.

എന്നത്തേയും പോലെ ആ രാത്രിയിലും ഞാൻ വിയർത്തു കുളിച്ചു നനഞ്ഞു കുതിർന്ന കിടക്കയിൽ ഉറങ്ങാനാവാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ പെട്ടെന്ന് അപ്രതീക്ഷിതമായി ആകാശത്തു മിന്നലും തൊട്ടു പുറകെ ഭയാനകമായ ശബ്ദത്തോടെ ഇടിയും. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ മുറിയിൽ നിന്നിറങ്ങി ഓടി ടെറസ്സിലെത്തി.

കാലാവസ്ഥയിലെ മാറ്റം പെട്ടെന്നായിരുന്നു. തെളിഞ്ഞ ആകാശത്തു കാർമേഘങ്ങൾ നിറഞ്ഞു. പേടിച്ചരണ്ട ചന്ദ്രനും നക്ഷത്രങ്ങളും എവിടെയോ പോയി ഒളിച്ചു.
വീണ്ടും ശക്തമായ ഒരു മിന്നലും ഇടിയും. ആകാശഗംഗ പൊട്ടി ഒഴുകിയത് പോലെ, തുള്ളിക്കൊരു കുടം പോലെ മഴത്തുള്ളികൾ, പ്രതീക്ഷകൾ മുഴുവൻ നഷ്ടപ്പെട്ടിരുന്ന എന്റെ ദേഹത്തേക്ക് വീണു. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഹ്ലാദിച്ച നിമിഷങ്ങൾ. ആരോടോ വാശി തീർക്കാനെന്നവണ്ണം ആർത്തലച്ചു പെയ്യുന്ന മഴയിൽ, പാതിരാത്രിയിൽ, ആ ടെറസ്സിന്റെ മുകളിൽ അക്ഷരാർത്ഥത്തിൽ ആ മഴയോടൊപ്പം ഞാൻ ആനന്ദനൃത്തം ചെയ്തു.

ദും ദും ദും ദുന്ദുഭിനാദം നാദം നാദം....
ദും ദും ദും ദുന്ദുഭിനാദം നാദം നാദം....
ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം....
ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം...
ദും ദും ദും ദുന്ദുഭിനാദം നാദം നാദം....



© All Rights Reserved