...

2 views

ഓണനിലാവ് / ജയേഷ് പണിക്കർ
ഓർമ്മതൻ ജാലകവാതിലി-
നരികിലായ് ഓണനിലാവു
പെയ്തുനിൽക്കെ, ഓർത്തു
പോയ് ഞാനെന്റെ ബാല്യകാലം!
പൂമുറ്റമതൊന്നുപൂക്കളമിട്ടൊ-
രോണക്കാലവും കുളിച്ചീറൻമാറി ആർപ്പുവിളിതന്നാരവങ്ങളിൽ
കുരുത്തോല തോരണം ചാർത്തിയ
മുറ്റത്തായ്‌ പൂത്തുറ തല്ലുന്നോരഛന്റെ കൗതുകം നോക്കിനിന്ന നാളുകൾ!
ഇരുൾ ചായംപൂശിയോരടുക്കള-
ക്കെട്ടിലുത്രാടപ്പാച്ചിലുമായ് രാവേറുവോളമുപ്പേരിയും
പൂവടയും പാലടയുമൊരുക്കും
അമ്മതൻ വൈഭവം കണ്ടെന്റെ
ഉള്ളം നിറയുമാമോദമോടന്നേരം
തൃക്കാക്കരയപ്പനു ചെന്നിറം ചാർത്തുന്നോരുണ്ണിക്കിടാവായ് ഞാനിരിക്കേ, പൊന്നോണസ്മൃതികളിൽ ഞാൻ ലയിപ്പൂ
ഒരുമാത്ര കൺചിമ്മി നോക്കു
മ്പോഴവിടെ മിന്നിമായുന്ന
പൊന്നോണസ്വപ്നങ്ങൾ!

ദൃശ്യതയേകുന്നീവർണ്ണക്കടലാസിൽ
വരയ്ക്കും ചിത്രത്തിനുള്ളിൽ പൂക്കൾ വിതറിയലങ്കരിക്കു-
ന്നൊരെൻ മകൾതൻ ഭാവന!

ഓണംവില്ക്കുമീ തെരുവീഥികളിലായ്‌
തിരക്കിട്ടോടുമാമാലോകരും
തമിഴകത്തിൻ മലരുകളെ നോക്കി നിറമിഴി തുടയ്ക്കും ഗ്രാമത്തിൻ നിത്യസൗന്ദര്യങ്ങളും!
മാറാലയ്ക്കൊപ്പം പടിയിറങ്ങിയ കർക്കിടകം തൂവിയ കണ്ണീരിൻ നേർത്ത ചാലുപോൽ കളഞ്ഞു
പോയൊരെൻ കൗമാരവും
തിരിച്ചു കിട്ടാത്തൊരെൻ ബാല്യവും
ഒഴിഞ്ഞ പൂക്കൂടകളുമായ്
തിരയുകയാണീ കാട്ടുപൂക്കളെ.
എൻനഷ്ടസ്മൃതികളേ,
അറിയുന്നവോ, നിങ്ങൾ!
മായാത്ത പൂക്കളമൊന്നുണ്ടെൻ മനസ്സിലതായോഓണത്തപ്പനും
ഓണവില്ലും നിറയുന്നുണ്ടതിൽ
ആർപ്പുവിളിതൻ അതിമധുരം
നുണഞ്ഞു ഞാനെതിരേൽ-
ക്കാറുണ്ടീ മാവേലിമന്നനെ!

തുമ്പയും തുളസിയും തെച്ചിയും തീർത്തൊരെൻ കളംനിറയ്ക്കാൻ ഒരുങ്ങുകയാണെൻ
മായാത്ത ഓർമ്മകളും ഓണനിലാവു
ചൊരിയുമീഅങ്കണവും!!!

© PRIME FOX FM