...

1 views

വന്ധ്യമേഘങ്ങൾ
വന്ധ്യ മേഘങ്ങൾ
—-----------------

തീക്കണ്ണുരുട്ടുന്ന
സൂര്യന്റെ ചൂടിനാൽ
മേഘങ്ങൾ സഹികെട്ട് ദൂരേക്കു പായുന്നു!

കാർമേഘമകലുന്നു...
കനിയാതെ, പെയ്യാതെ ,
ചക്രവാളം വിട്ടു
ദൂരങ്ങൾ താണ്ടുവാൻ!

ഏറെ നിരാശനായ്
ഭാവനയ്ക്കുള്ളിലെ
ചിത്രപടങ്ങളിൽ
വീണലിയുന്ന ഞാൻ;

സ്വാർഥാഗ്നിനാളത്തി-
ലെരിയും മനുഷ്യനെ
കാലം ശപിപ്പതു
കേട്ടൊന്നു ഞെട്ടിയോ?

ഞാനെന്നോടു ചോദിപ്പൂ :
വീണ്ടും കുളിർക്കാതെ
വിത്തു മുളയ്ക്കാതെ
വസന്തം മറക്കുമോ മണ്ണിടം?

ഋതുക്കൾ മറക്കുമോ
കാലചക്രം നിലയ്ക്കുമോ?
കർമശാപാഗ്നിയിൽ ശാസ്ത്രപ്പുരകൾ നശിക്കുമോ?

കാലചക്രം കറക്കുവാൻ
ചെറുവിരൽത്തുമ്പിനെ,
അച്ചുതണ്ടാക്കുന്ന
മാനുഷാഹങ്കാരമേ;

ഞെരിഞ്ഞരയില്ലയോ,
പൊട്ടിച്ചിതറില്ലയോ,
കൈതന്നെ നഷ്ടമാകില്ലയോ
നീതന്നെയില്ലാതെയാകില്ലേ?

കാല ചക്രത്തിന്നായമളക്കുവാ-
നൊരുമുഴക്കോലു തീർക്കുവാൻ,
പ്രാപ്തമല്ലിന്നു നാം
സ്വായത്തമാക്കിയ ശക്തികൾ!
© Rajendran Thriveni