...

1 views

എന്തിനാണ്?
എന്തിനാണ്?

(ഓരോ ദുരന്തങ്ങളും വേട്ടയാടുമ്പോൾ, നിസ്സഹായരായി നോക്കിനിന്ന് നെടുവീർപ്പിടുന്ന സമൂഹത്തെയാണ് നമ്മൾ കാണുന്നത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിലും ഉരുൾപൊട്ടിയൊലിച്ച കല്ലിലും ചെളിയിലും കാൽതെറ്റിവീണ ആൾത്തുളയിലും ശരീരങ്ങൾ മറഞ്ഞു കിടക്കുമ്പോൾ; Aquascope (bathyscope), Penitrometer, Radar, Sonar, X-ray CT പോലുള്ള സംവിധാനങ്ങൾ സഹായത്തിനെത്താത്തതെന്ത്? ഇത്തരം ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ അവയുടെ രൂപ കല്പന നടത്താത്തതെന്ത്? നിർമിത ബുദ്ധിയും റോബോട്ടുകളും ഒളിച്ചിരിക്കുന്നതെന്തിന്? പണം കിട്ടില്ലെന്നു വിചാരിച്ചാണോ? ചോദിക്കാതിരിക്കാൻ കഴിയില്ല, എഴുതാതിരിക്കാൻ കഴിയില്ല.)

എന്തിനാണെന്തിനാണെന്തിനാണ്,
സംവേദനത്തിന്റെ യന്ത്രമൊക്കെ?
വെള്ളത്തിനുള്ളിലും കാണാൻകഴിയുന്ന
'അക്വാസ്കോപ്പ്' നമ്മൾക്കു സ്വന്തമല്ലേ?
മണ്ണിന്റടിയിലെ കാര്യമറിയുന്ന
'പെനിട്രോമീറ്ററും' നമ്മൾക്കില്ലേ?
റഡാറും സോനാറും
'എക്സ്റേ സീടി' യും ശാസ്ത്ര- ലോകത്തിന്റെ സൃഷ്ടിയല്ലേ?

ആയവയൊക്കയും യുദ്ധത്തിനായിട്ടു
മാത്രമായ് നിർമിച്ച യന്ത്രമാണോ?
വെടിവെച്ചു വീഴ്ത്തുവാർ, വെടിവെച്ച- ടർത്തുവാൻ
ലക്ഷ്യങ്ങൾ തിരയുന്ന കാലനായ്ക്കൾ!

ജീവനേ നക്കിത്തുടയ്ക്കും ദുരന്തങ്ങൾ
പെരുകിപ്പരക്കുന്ന ദുർദശയിൽ,
മണ്ണിന്നടിയിലെ, വാരിക്കടിയിലെ
മാലിന്യക്കൂമ്പാരക്കൂനയിൽ
ആളിനെ കാണുന്ന കണ്ണുമില്ലേ?

കണ്ണടച്ചൊക്കെയിരുട്ടാക്കി വെക്കുന്ന
ഭരണരഥത്തിന്റെ സാരഥികൾ,
യുദ്ധയന്ത്രങ്ങൾ പടുക്കുന്ന പോലെയീ
രക്ഷായന്ത്രങ്ങളും തീർക്കവേണം!

ആയിരം മൈലിന്റെ മേളിലായ് ചുറ്റുന്ന
ചാരയുപഗ്രഹ കണ്ണിനുള്ളിൽ
മണ്ണിലിഴയുന്ന കൂനനുറുമ്പിനെ
ആനവണ്ണത്തിലായ് കണ്ടിടുമ്പോൾ;
പാഴ്ച്ചെളിക്കുണ്ടിൽ മറഞ്ഞിരിക്കുന്നൊരു
മർത്ത്യശരീരത്തെ കാണ്മതില്ലേ?

വീമ്പു മുഴക്കുന്ന നൂതന വിദ്യകൾ
ആപത്തു നേരത്തു പൊട്ടരെന്നോ?
അല്ലെങ്കിൽ വാടകക്കാശു ലഭിക്കാതെ
വിട്ടു കൊടുക്കാത്ത ധാർഷ്ട്യമാണോ?


© Rajendran Thriveni