...

5 views

ഉത്രാടപ്പാച്ചിൽ / ജയേഷ് പണിക്കർ
കവിത: ഉത്രാടപ്പാച്ചിൽ
രചന: ജയേഷ് പണിക്കർ
***************

ഓണം വന്നോണം വന്നേ
മോദമോടോണം വന്നേ
അത്തം പത്തിനു ഓണമാണേ!

ഓണച്ചന്തകളതുഷാറിലായ്
എവിടെയും തിക്കും തിരക്കും!
ഓണമതു പൊടിപൊടിയ്ക്കാൻ
പച്ചക്കറികളും വ്യഞ്ജനവും
സുലഭമായ്, വാങ്ങാൻ വരുന്ന-
വരേറെയായ്!

ഓണക്കോടിയെടുക്കുവാനായ്
തിരക്കുകളാണിന്നു നഗരങ്ങളിൽ
കസവുടയാടകൾ മിന്നിത്തിളങ്ങിടുന്നു
കടകളിലേറേ മനോഹരമായ്!

ഇഞ്ചിക്കറിയും കാളനും
വറുത്തുപ്പേരിയുമച്ചാറു
തന്നെ നാലുകൂട്ടം!
വീശുന്ന കാറ്റിനുപോലുമി-
ന്നേറെ സുഗന്ധമായ്!

തിരുമേനിയെഴുന്നള്ളും മുമ്പുതന്നെ
തിരുമുറ്റം തൂത്തു തളിക്കേണമല്ലോ!
തൃക്കാക്കരയപ്പന് പൂവടയുണ്ടാക്കാൻ
മുത്തശ്ശി തെല്ലുതിരക്കിലാണേ!
ഉത്രാടപ്പാച്ചിലിൽ നാടാകെ
ഉത്സാഹമോടെയെങ്ങും!

കാണം വിറ്റും ഓണമുണ്ണണ-
മെന്നൊരു പഴമൊഴിയുണ്ടേ!
എത്ര ചിലവേറിയാലും നമ്മൾ
ആമോദത്തോടെ വരവേൽക്കയായ്‌
മനസ്സിൽ നന്മ നിറയുമീ പൊന്നോണം!

ആമോദമോടെ വരവേറ്റിടും,
ഓലക്കുട ചൂടീടും ഓണത്തപ്പനെ!
തൂശനിലയിട്ട് വിളമ്പും സദ്യ
ആനന്ദമോടെ ഭുജിക്കും മാനുഷരെല്ലാം!

© PRIME FOX FM