...

0 views

രചനയിലെആദ്യവരികൾ
രചനയിലെആദ്യവരികൾ
—----------------------------------------

വായന ഡിജിറ്റൽ ആയാലും പുസ്തകങ്ങളിൽ നിന്നായാലും കവിത വായിക്കുന്നവർ, കവിതയുടെ തലക്കെട്ട് അല്ലെങ്കിൽ ആദ്യത്തെ നാലു വരികളുടെ ആകർഷണത്തിൽ, ബാക്കി കൂടി വായിക്കാൻ ആഗ്രഹിക്കണം. ഈ വസ്തുത പേരുകേട്ട മലയാള കവികളുടെ ഏതാനും രചനകളെടുത്ത് പരിശോധിച്ച്
ഉറപ്പിക്കാം.

1.സുഗതകുമാരി ടീച്ചറുടെ രാത്രിമഴയിൽ നിന്നാരംഭിക്കാം.

"രാത്രിമഴ,ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ."

രാത്രിമഴ എന്ന പേരുതന്നെ ആകർഷകം.
ആദ്യത്തെ വരികളിൽ തെളിയുന്ന ഭ്രാന്തി ചിത്രം വായനക്കാരെ ആകർഷിക്കും.

2. അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വെണ്ണക്കല്ലിന്‍റെ കഥയിൽ

"ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു
ഗാതാവു വന്നു പിറന്നുവത്രേ
കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
കല്ലിനും കണ്ണീരുറന്നുവത്രേ"

ഇതു വായിക്കുമ്പോൾ നമുക്കു തോന്നും
കല്ലിനും കണ്ണീരു വരുത്തുന്ന ആ ഗായകന്റെ കവിത വായിക്കണമല്ലോ എന്ന്.

3. എന്‍റെ യാമിനിയ്ക്ക് എന്ന കവിതയിൽ
അനിൽ പനച്ചൂരാൻ:

"പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്‍റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ, രാഗാര്‍ദ്രനല്ലേ,
നിശാഗന്ധി പൂക്കുന്ന യാമമല്ലേ..."

രാപ്പാടിയല്ലേ, രാഗാർദ്രനല്ലേ എന്ന വിശേഷണം വായിച്ചു കഴിയുമ്പോൾ
രാഗാർദ്രനായ രാപ്പാടിയിൽ നമ്മൾ ആകൃഷ്ടരാകും.

4. ആറ്റൂർ രവിവർമ്മ എഴുതിയ മേഘരൂപന്‍ എന്ന കവിതയിൽ:

"സഹ്യനേക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ദ്രത
ഇണങ്ങി നിന്നില്‍ ; സല്‍പ്പുത്ര
ന്മാരില്‍ പൈതൃകമങ്ങനെ!"

സഹ്യനേക്കാളുയരത്തിൽ, നിളയേക്കാൾ നനവുള്ള സൽപ്പുത്രനാരാണെന്നറിയുവാൻ കൗതുകമുണരും.

5. ആലങ്കോട് ലീലാകൃഷ്ണൻ 'പുഴയക്ഷരം' എന്ന കവിതയിൽ:

"ഒടുവിലത്തെ വയല്‍ പക്ഷിയും പറന്നകലുമേതോ വിഷാദസായന്തനം
തിരികെയെത്താത്ത തോണിയില്‍ ദൂരത്തു പുഴ മുറിച്ചു കടന്നുപോയ് ശ്രാവണം"

ഇവിടെ ഒടുവിലത്തെ വയൽപ്പക്ഷിയും പറന്നകന്നു കഴിയുമ്പോൾ ഉണ്ടാകുന്ന ശൂന്യതയാണ് എന്നെ ആകർഷിക്കുന്നത്.

6.ഇടപ്പള്ളി രാഘവൻ പിള്ളയുടെ 'മണിനാദം' എന്ന കവിതയിൽ;

"മണിമുഴക്കം! മരണദിനത്തിന്‍റെ
മണിമുഴക്കം മധുരം! വരുന്നു ഞാന്‍!
അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:"

മരണത്തിന്റെ മരണമണി മധുരമാണ്... ഞാനിതാ, വേഗം വരുന്നു എന്നുള്ള വരികൾ പറയാനിരിക്കുന്ന ഏതോ ശോക കഥയുടെ അല്ലെങ്കിൽ ദു:ഖത്തിന്റെ സൂചനയാണെന്നും, അതെന്താണ് എന്ന് വായിച്ചറിയാനും മോഹമുണ്ടാവും.

7. ഇടശ്ശേരി ഗോവിന്ദൻ നായർ, 'അങ്ങേ വീട്ടിലേയ്ക്ക്‌' എന്ന കവിതയിൽ:

"ചെന്നു പോകരുതേതും നിസ്വന്‍ താന്‍ ജാമാതാവിന്‍
മന്ദിരത്തിങ്കല്‍ സ്വന്തം മകളെക്കാണാന്‍ പോലും."

ആ പിതാവിന്റെ മനോവ്യഥ വായിക്കാനുള്ള ആഗ്രഹം ഈ വരികൾ ഉണർത്തുന്നുണ്ട്.

8. ഉള്ളൂർ എസ്. പരമേശ്വരയ്യർ 'ഐക്യഗാഥ മണിമഞ്ജുഷയിൽ':

"ഇമ്മരത്തോപ്പിലെത്തൈമണിക്കാറ്റിന്‍റെ
മർമ്മരവാക്യത്തിന്നർത്ഥമെന്തോ?
എന്നയൽക്കാരനിൽനിന്നു ഞാൻ ഭിന്നന
ല്ലെന്നങ്ങു നിന്നിതു വന്നുരയ്പൂ"

പ്രാസവും സംഗീതവും അർഥവ്യാപ്തിയുമാണ് നമ്മളെ പിടിച്ചിരുത്തുക.

9. എം.പി. അപ്പന്റെ, 'കുരിശിൽ' എന്ന കവിതയിൽ:

"അത്യന്ത തമസ്സില്‍ പെട്ടുഴലും ലോകത്തിന്
സത്യത്തിന്‍ പ്രഭാപൂരം കാട്ടിയെന്നതിനാലെ
മുള്‍ക്കിരീടവും ചാര്‍ത്തി അങ്ങു വിശ്രമം കൊള്‍വൂ
മൂര്‍ഖമാം നിയമത്തിന്‍ നാരാജ മുനകളില്‍"

മൂർഖമാം നിയമത്തിൻ നാരായമുന, കുറിച്ച വിധിയെന്തന്ന് നമുക്ക് വായിച്ചറിയാൻ തോന്നും.

10. എൻ.എൻ. കക്കാട്, 'സഫലമീ യാത്രയിൽ' :
"ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ.."

അരികത്തു നില്ക്കാൻ പറഞ്ഞതിലെ താത്പര്യം നമ്മളിലെ കൗതുകം ഉണർത്തും.

11. കടമ്മനിട്ട രാമകൃഷ്ണൻ, 'കുറത്തിയിൽ':

"മലഞ്ചൂരല്‍ മടയില്‍ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരല്‍പ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍ നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു"

താളവും, പ്രാസവും കുറത്തി എന്ന വാക്കിന്റെ ആവർത്തനവുമാണ് ആകർഷിക്കുന്നത്.

12. കമല സുരയ്യ, 'മഞ്ഞുകാലം' എന്ന കവിതയിൽ:

"പുതുമഴയുടെയും മൃദുതളിരുകളുടെയും
ഗന്ധമാണ് ഹേമന്തം.
വേരുകള്‍ തേടുന്ന ഭൂമിയുടെ
ഇളം ചൂടാണ്
ഹേമന്തത്തിന്‍റെ ഇളംചൂട്..."

വേരുകൾ തേടുന്ന ഭൂമി എന്നതിലെ നിഗൂഢാർഥമാവും നമ്മൾ തിരിച്ചറിയാനാഗ്രഹിക്കുക.

13. കൽപറ്റ നാരായണൻ, 'കവിയുടെ ഭാര്യ'
എന്ന കവിതയിൽ:

"മുക്കുവനെ
കാലത്തേ വിളിച്ചുണർത്തി ഭാര്യ പറഞ്ഞു:
നിങ്ങളുടെ വലയിൽ
ഇന്നു കുരുങ്ങാനിരിക്കുന്ന
മീനിന്‍റെ പള്ളയിലാണു അഭിജ്ഞാനമോതിരം."

ശാകുന്തളത്തിന്റെ ഓർമയും വരാനിരിക്കുന്ന അടായാളമെന്തെന്ന ജിജ്ഞാസ നമ്മളെ വായനയിലേക്കു നയിക്കും.

14. കാവാലം നാരായണപ്പണിക്കർ, 'മുത്തശ്ശി മുത്ത്' എന്ന കവിതയിൽ:

"മുത്തശ്ശിപ്പേച്ചിതു മുത്തായ് മനസ്സില്‍
മുറിയാതെ കാതിലും കിലുകിലുങ്ങി
കാര്യം തിരിഞ്ഞതു സിദ്ധാന്തം
തിരിയാത്തതെല്ലാം വേദാന്തം"

അവസാനത്തെ വരികളുടെ ഭംഗിയിലും ഗാംഭീര്യത്തിലും നമ്മളുടെ മനസ്സുടക്കും.

15. ഗിരീഷ് പുത്തഞ്ചേരി, ഈ പുഴയും കടന്ന് എന്ന കവിതയിൽ:

"തങ്കച്ചേങ്ങില നിശ്ശബ്ദമായ്
അരങ്ങത്തു കളിവിളക്കിന്‍റെ
കണ്ണീരെണ്ണയും വറ്റി
ആട്ടത്തിരശ്ശീല പിന്നി-
ലാരോ ഒരു രൗദ്രവേഷം"

കളിവിളക്കിന്റെ പിന്നിലെ രൗദ്രവേഷം തിരിച്ചറിയാൻ വേണ്ടി നമ്മൾ ബാക്കി വായിക്കും.

16. ചങ്ങമ്പുഴ കൃഷ്ണപിള്ള, 'തിലോത്തമ'
എന്ന കവിതയിൽ:

"അല്ല; ചായങ്ങൾ ചേർത്തു ചാലിച്ച
തല്ല, നിന്നെ ഞാ, നോമലേ!
ആകയില്ലൊരു തൂലികയ്ക്കുമീ
നാകസൗഭഗം പൂശുവാൻ.
ചിത്രമല്ല, ചിരന്തനമാ, മ
ച്ചിത്പ്രകാശശ്രീയാണു നീ!"

ആ ചിത്പ്രകാശത്തിന്റെ സൗന്ദര്യം നമുക്കും ആസ്വദിക്കണം എന്നു തോന്നും.

17. ആസ്മോ പുത്തന്‍ചിറ, 'അകലം' എന്ന
കവിതയിൽ:

"എന്നിൽ നിന്ന്
നിന്നിലേക്കുള്ള അകലം
ഒരു വാക്കാണ്‌.
പറയുമ്പോൾ
മധുരവും
കേൾക്കുമ്പോൾ
കയ്പും."
ആവാക്കിനെത്തേടി വായന മുന്നോട്ടു പോകും.

നമ്മുടെ കവിതകളിലും വായനക്കാരെ ആകർഷിക്കാനുള്ള ഘടകങ്ങൾ കോർത്തു വെച്ചാൽ, കവിത മുഴുവനും വായിക്കണമെന്ന് വായനക്കാരനു തോന്നും. അതില്ലെങ്കിൽ ആദ്യത്തെ നാലു വരികൾക്കുള്ളിൽ വായന തീരും.


© Rajendran Thriveni